
ആകെമൊത്തം അടിപിടികളും വഴക്കുകളും ബഹളങ്ങളുമുള്ളൊരു സ്ഥലത്ത് എപ്പോഴും ചിരിച്ചുകൊണ്ട് നിൽക്കുന്ന, എല്ലാത്തിനോടും സമാധാനപരമായി മാത്രം ഇടപെടുന്ന, ഒരു വഴക്കിനും പോകാത്ത ഒരാളെ കണ്ടാൽ ആർക്കായാലും ഒരിഷ്ടമൊക്കെ തോന്നിപ്പോകും. ആ ഇഷ്ടമാണ് ഇപ്പോൾ സാബുമാനോട് പലർക്കുമുള്ളത്. ബിഗ് ബോസ് മെറ്റീരിയൽ അല്ല എങ്കിലും, ഒരു വഴക്കും, കാര്യമായ കണ്ടന്റും ഒന്നും തന്നില്ലെങ്കിലും എന്തോ ഇഷ്ടമാണ് സാബുമാനെ ആളുകൾക്ക്.
വൈൽഡ് കാർഡ് എൻട്രിയായി വീട്ടിലേക്കെത്തിയ അഞ്ച് പേരിൽ ഏറ്റവും ഇനാക്ടിവ് ആയ മത്സരാർത്ഥിയായിരുന്നു സാബുമാൻ. മസ്താനിയും ലക്ഷ്മിയും ജിഷിനുമെല്ലാം കളം പിടിച്ചപ്പോൾ സാബുമാന് വീട്ടിൽ എവിടെയും തന്നെ അടയാളപ്പെടുത്താൻ ആദ്യ ആഴ്ചയിൽ കഴിഞ്ഞില്ല. ആര്യനും ജിസേലുമായും ബന്ധപ്പെട്ട വലിയ പ്രശ്നങ്ങൾ വീട്ടിൽ ഉണ്ടായപ്പോൾപ്പോലും സാബുമാൻ അതിലൊന്നും ഉണ്ടായിരുന്നുമില്ല. അടുത്ത നോമിനേഷനിൽ ഉൾപ്പെട്ടാൽ സാബുമാൻ തീർച്ചയായും പുറത്താകുമെന്ന് വീടിനകത്തും പുറത്തുമുള്ളവർ ഉറപ്പാക്കുകയും ചെയ്തു. സാബുമാന് മുമ്പേ മസ്താനി, പ്രവീൺ എന്നിവർ പുറത്തായത് പല ചർച്ചകളും ഉണ്ടാക്കി. പക്ഷേ അപ്പോഴും പുള്ളി മാത്രം കൂൾ ആയിരുന്നു, എക്സ്ട്രീം കൂൾ.
സാബുമാന്റെ തലവര മാറ്റിയത് ബിഗ് ബോസിലെ ക്ലാസിക് ടാസ്ക് ആയ ഹോട്ടൽ ടാസ്ക് ആണ്. ഒന്നിലും ഇടപെടാതെയുള്ള സാബുമാന്റെ വീട്ടിലെ പ്രകടനം കാരണമാകാം, ബിഗ് ബോസ് സാബുമാന് നൽകിയത് മാജിക്കൽ പ്രതിമ എന്ന കാരക്ടർ ആണ്. കൊടും ചൂടിൽ മുഖംമൂടിയും കോട്ടും വടിയുമായി വീടിന് മുന്നിൽ മണിക്കൂറുകളോളം നിന്ന സാബുമാൻ ആരോടും ഒരു പരാതിയും ഒരുവട്ടം പോലും പറഞ്ഞില്ല. തനിക്ക് നൽകിയ ജോലി ഭംഗിയായി നിർവഹിക്കാൻ മറന്നതുമില്ല. ഭക്ഷണം കഴിക്കാൻ അഞ്ച് മിനിറ്റ് മാത്രമാണ് മാജിക്കൽ പ്രതിമക്ക് അനുവദിച്ചിരുന്നത്. ആ സമയത്തിനുള്ളിൽ തന്റെ ഭക്ഷണം ഓടിപ്പിടച്ച് കഴിച്ചുതീർക്കുന്ന സാബുമാനെ കണ്ട പ്രേക്ഷകർ ആദ്യമായി സാബുവിനെ സ്നേഹിക്കാനും തുടങ്ങി. എന്തൊക്കെ പറഞ്ഞാലും അയാളൊരു പാവം മനുഷ്യനാണെന്ന് പലർക്കും സാബുമാനെ കുറിച്ച് തോന്നാൻ തുടങ്ങി. കുത്തിത്തിരിപ്പും പാരപണിയലും പൊട്ടിത്തെറികളുമൊക്കെയുള്ള ബിഗ് ബോസ് വീട്ടിൽ അതിനൊന്നും പോകാതെ, തന്റെ വ്യക്തിത്വം മാത്രം മുറുകെപ്പിടിച്ച് നിൽക്കുന്ന സാബുമാനോട് ചിലർക്കെങ്കിലും ഒരിഷ്ടം തോന്നി.
അവിടെനിന്നും സാവധാനം തന്റെ ഗ്രാഫ് ഉയർത്തിക്കൊണ്ടുവരാനും സാബുമാന് കഴിഞ്ഞു. ഡാൻസ് മാരത്തണിൽ ഭൂതമായുള്ള സാബുമാന്റെ പ്രകടനവും വലിയ കയ്യടികൾ വീടിനകത്തും പുറത്തും നേടി. നന്നായി പെർഫോം ചെയ്തിട്ടും അർഹിച്ച കോയിനുകൾ മറ്റുള്ളവർ സാബുമാന് നൽകിയില്ല എന്നത് അയാളോടുള്ള അനീതിയായി പ്രേക്ഷകരിൽ പലരും കണക്കാക്കുകയും ചെയ്തു. ഇതിന് പിന്നാലെ ബിഗ് ബോസ് വീട്ടിലെ പതിനൊന്നാം ആഴ്ചയിലെ ക്യാപ്റ്റനായി സാബുമാൻ തെരഞ്ഞെടുക്കപ്പെടുകകൂടി ചെയ്തതോടെ ഈ ആഴ്ചയിലെ എവിക്ഷനിൽനിന്നും സേവ് ആകുകയും ചെയ്തു.
ക്യാപ്റ്റനായതിനുശേഷം കൂടുതൽ സ്ട്രോങ്ങ് ആയി തന്റെ നിലപാടുകൾ പറയുന്ന, തന്നോട് സംസാരിക്കുന്നവർക്ക് അതേ നാണയത്തിൽ മറുപടി നൽകുന്ന സാബുമാന്റെ മറ്റൊരു മുഖം കൂടി കാണാനായി. ഓപ്പൺ നോമിനേഷനിൽ സാബുമാൻ തന്നെ നോമിനേറ്റ് ചെയ്‌തെന്ന പേരിൽ നെവിൻ സാബുമാനോട് തർക്കിക്കാൻ പോയപ്പോൾ എല്ലാത്തിനും കൃത്യമായ മറുപടിയാണ് സാബുമാൻ നൽകിയത്. അനുമോളുടെ പിന്നാലെ നടന്ന് ഇറിറ്റേറ്റ് ചെയ്യാൻ നെവിൻ ശ്രമിച്ചപ്പോഴും മുമ്പൊരിക്കലുമില്ലാത്ത വീര്യത്തോടെ സാബുമാൻ നെവിനെ നേരിട്ടു. നെവിനെ പോലെ ആരോടും എന്തും പറയുന്ന ഒരാളിനോട് ഒരു തരിപോലും തോൽക്കാൻ താൻ തയാറല്ലെന്ന് സാബുമാൻ വ്യക്തമാക്കുകയും ചെയ്തു. അനുമതിയുണ്ടായിരുന്നെങ്കിൽ നെവിനെ തൂക്കിയെടുത്ത് താൻ പുറത്തിട്ടേനെ എന്ന് പറഞ്ഞതോടെ ഒരു വെടിക്കുള്ള മരുന്ന് സാബുമാന്റെ കയ്യിലുണ്ടല്ലോ എന്ന അത്ഭുതത്തിലായി പലരും.
പുറത്തും സാബുമാനോടുള്ള ആളുകൾക്കുള്ള മനോഭാവത്തിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. ആദ്യമെല്ലാം ഫൈവ് സ്റ്റാർ ചോക്ലേറ്റിന്റെ പരസ്യത്തിലുള്ളതുപോലെ 'ചിലപ്പോൾ ഒന്നും ചെയാതെയുമിരിക്കൂ' എന്ന വാചകമാണ് സാബുവിനെ കുറിച്ച് പ്രേക്ഷകർ പറഞ്ഞിരുന്നതെങ്കിൽ പിന്നീട് സാബുമാനൊരു 'നല്ല മാൻ' ആണെന്ന തരത്തിലായി കാര്യങ്ങൾ. ജെനുവിനായി, ഡീസന്റായി പെരുമാറുന്ന ഒരു ജെന്റിൽമാൻ എന്ന സ്നേഹം പലർക്കും സാബുവിനോട് തോന്നാൻ തുടങ്ങി. ഒരു ക്വാളിറ്റിയുമില്ലാതെ പെരുമാറുന്ന ഈ സീസണിലെ മറ്റ് കണ്ടസ്റ്റന്റുകളോടുള്ള പ്രതിഷേധമായ നോട്ട വോട്ടുകളാണ് സാബുവിന് കിട്ടുന്നതെന്നും പലരും പറഞ്ഞിരുന്നു. അതെന്തായാലും ഒരുതരം നെഗറ്റീവ് ഇമ്പാക്റ്റും ഉണ്ടാക്കാതെ, എല്ലാവരോടും നന്നായി പെരുമാറിക്കൊണ്ട് ഒരു മത്സരാർത്ഥി ബിഗ് ബോസ് വീട്ടിൽ തുടരുന്നു എന്ന് പറഞ്ഞാൽ അതിനൊരു പ്രാധാന്യമുണ്ടെന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ടാണ് ഓരോ നോമിനേഷനിലും വീട്ടിലുള്ളവർ സാബുമാൻ തന്നെ പുറത്തേക്ക് പോകുമെന്ന ധാരണയോടെ ഇരുന്നപ്പോഴെല്ലാം സാബുവിനെ പോലും ഞെട്ടിച്ചുകൊണ്ട് അയാളവിടെ തുടർന്നത്. പോസിറ്റിവിറ്റി എന്നത് അത്ര ചെറിയ കാര്യമല്ല.