
ബിഗ് ബോസ് മലയാളത്തിലെ മുൻ സീസണുകളിൽ നിന്നും ഏറെ വിഭിന്നമായിരുന്നു ഇത്തവണത്തെ അവസാന ആഴ്ച. എവിക്ട് ആയ മുൻ മത്സരാർത്ഥികൾ ഹൗസിനുള്ളിലെത്തി ഫൈനലിസ്റ്റുകൾക്ക് വേണ്ട പിന്തുണയും കളിയും ചിരിയുമൊക്കെ ആയി പോകുകയായിരുന്നു പതിവ്. എന്നാൽ അനുമോളെ ടാർഗെറ്റ് ചെയ്തുകൊണ്ടായിരുന്നു ഭൂരിഭാഗം പേരും ഇത്തവണ വന്നത്. ശൈത്യ, ബിൻസി, അപ്പാനി ശരത്ത് അടക്കമുള്ളവർ അനുമോൾക്ക് നേരെ വലിയ രീതിയിൽ ആക്രോശിച്ചത് ഷോയ്ക്ക് പുറത്ത് വലിയ രീതിയിൽ ചർച്ചയായി മാറിയിരുന്നു. എല്ലാ പ്രതിസന്ധികളെയും ആരോപണങ്ങളേയും തരണം ചെയ്ത് മുന്നേറിയ അനുമോൾ ഒടുവിൽ പ്രേക്ഷക പിന്തുണയോടെ ബിഗ് ബോസ് സീസൺ 7ന്റെ ടൈറ്റിൽ വിന്നറാവുകയും ചെയ്തു.
വിന്നറായതിന് പിന്നാലെ റീ എൻട്രികളെ കുറിച്ച് അനുമോൾ പറഞ്ഞ കര്യങ്ങൾ ശ്രദ്ധനേടുകയാണ്. തനിക്ക് ഏറെ വിഷമമുള്ള കാര്യമായിരുന്നു ആ സമയത്ത് ഹൗസിൽ നടന്നതെന്നും അവർക്ക് കിട്ടാത്തത് എനിക്കും കിട്ടണ്ടെന്ന ആഗ്രഹമായിരിക്കാം അങ്ങനെ പെരുമാറാൻ അവരെ പ്രേരിപ്പിച്ചതെന്നും അനുമോൾ പറയുന്നു. ഏഷ്യാനെറ്റിനോട് ആയിരുന്നു അനുവിന്റെ പ്രതികരണം. ആരിനി എന്ത് പറഞ്ഞാലും ഒരു കുഴപ്പവുമില്ലെന്ന രീതിയിലാണ് താൻ ഇപ്പോൾ നിൽക്കുന്നതെന്നും അനു പറഞ്ഞു.
"പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. 25 പേരിൽ 24 പേർക്കും എന്നെ ഇഷ്ടമില്ലെന്ന് പിന്നെ പിന്നെ മനസിലായി. റീ എൻട്രിയെ കുറിച്ച് പറയുമ്പോൾ എനിക്ക് ഭയങ്കര വിഷമം വരും. നമ്മളൊക്കെ മനുഷ്യരല്ലേ. പക്ഷേ അവരത് മനസിലാക്കുന്നില്ല. ഞാനാണ് ഔട്ട് ആയതെന്ന് വിചാരിച്ചോളൂ. എനിക്ക് കിട്ടാത്തത് മറ്റൊരാൾക്ക് കിട്ടിക്കോട്ടെ എന്നാണ് വിചാരിക്കുക. പക്ഷേ ഇവര് എന്തിന്റെ പുറത്താണെന്ന് എനിക്കറിയില്ല. വന്നപ്പോൾ എല്ലാവരും നല്ല സ്നേഹത്തിലായിരുന്നു. എന്നെ അറ്റാക്ക് ചെയ്യാൻ വേണ്ടി അവർ കാത്തിരിക്കുവായിരുന്നു. നമ്മൾ സാധാരണ മനുഷ്യരല്ലേ. ഇവരൊക്കെ എന്തിനങ്ങനെ കാണിച്ചുവെന്ന് തോന്നി. ഹൗസിനുള്ളിൽ പറയുന്നതും പ്രവർത്തിക്കുന്നതുമായ കാര്യങ്ങൾ പുറത്ത് നെഗറ്റീവ് ആകുമെന്ന് ഇവർ വിചാരിക്കുന്നില്ല. ആദ്യം ഔട്ട് അയവരെല്ലാം പുറത്തെ റിയാക്ഷൻ കണ്ടിട്ടാണ് എന്നോട് ഇങ്ങനെ കാണിക്കുന്നത്. എല്ലാം ഞാൻ കാരണമാണ് പ്രശ്നം. അവർക്ക് കിട്ടാത്തത് എനിക്കും കിട്ടണ്ടെന്ന ആഗ്രഹമായിരിക്കാം എന്നോട് അങ്ങനെ പെരുമാറിയതെന്ന് എനിക്ക് തോന്നുന്നു. പലപ്പോഴും അങ്ങനെ തോന്നിയിട്ടുണ്ട്. ഒരു പിആറും അല്ല. അത്ര കഷ്ടപ്പെട്ടാണ് ഞാൻ അവിടെ നിന്നത്", എന്നായിരുന്നു അനുമോളുടെ വാക്കുകൾ.