
ഏറെ നാളത്തെ കാത്തിരിപ്പുകൾക്കെല്ലാം ഒടുവിൽ ബിഗ് ബോസ് മലയാളം സീസൺ 7ന് തിരീശീല വീണിരിക്കുകയാണ്. ആർട്ടിസ്റ്റും തിരുവനന്തപുരം ആര്യനാണ് സ്വദേശിനിയുമായ അനുമോളാണ് സീസണിന്റെ കപ്പ് ഉയർത്തിയിരിക്കുന്നത്. അക്ബർ, നെവിൻ, അനീഷ്, ഷാനവാസ് എന്നിവരെ പിന്തള്ളിയായിരുന്നു അനുമോളുടെ വിജയം. മലയാളം ബിഗ് ബോസ് ചരിത്രത്തിൽ വിന്നറാകുന്ന രണ്ടാമത്ത വനിത എന്ന ഖ്യാതിയും ഇനി അനുമോൾക്ക് സ്വന്തം. തൃശൂർ സ്വദേശിയായ അനീഷ് ആണ് ഫസ്റ്റ് റണ്ണറപ്പായത്. ഇതാദ്യമായാണ് ഒരു കോമണർ ഫിനാലേയിലും ഈ പൊസിഷനിലും എത്തുന്നത്. ആദ്യമാദ്യം അരോചകമെന്ന് പറയിച്ച പ്രേക്ഷകരെ കൊണ്ടുതന്നെ തിരിത്തി പറയിപ്പ് ജനഹൃദയങ്ങളിലേക്ക് കയറിക്കൂടാൻ അനീഷിന് സാധിച്ചുവെന്നത് എടുത്തു പറയേണ്ട കാര്യമാണ്.
അനുമോൾ വിന്നറും അനീഷ് റണ്ണറപ്പുമായതിന് പിന്നാലെ ഇരുവർക്കും കിട്ടിയ സമ്മാനങ്ങളും വോട്ടിങ്ങും എങ്ങനെ എന്ന് നോക്കാം. 57. 3%ലധികം വോട്ടാണ് അനുമോൾക്ക് ലഭിച്ചിരിക്കുന്നത്. അനീഷിനാകട്ടെ 42.7%വും. ഗ്രാന്റ് ഫിനാലെ വേദിയിൽ തന്നെ വോട്ടിംഗ് ബിഗ് ബോസ് അധികൃതർ കാണിച്ചിരുന്നു.
അതേസമയം, കോൺഫിഡന്റ് ഗ്രൂപ്പ് നൽകുന്ന 42 ലക്ഷത്തിലധികം (42, 55, 210) രൂപയാണ് വിന്നറായ അനുമോൾക്ക് ലഭിക്കുന്നത്. 50 ലക്ഷമായിരുന്നു വിന്നറുടെ പ്രൈസ് മണി. എന്നാൽ മണി വീക്കിൽ മറ്റ് മത്സരാർത്ഥികൾ കളിച്ച് നേടിയ തുക വിന്നറുടെ പ്രൈസ് മണിയിൽ നിന്നും കുറച്ചിരുന്നു. പണം കൂടാതെ മാരുതി സുസുക്കിയുടെ കാറും അനുമോൾക്ക് സമ്മാനമായി ലഭിച്ചു. റണ്ണറപ്പായ അനീഷിന് galaxy z fold 7 ഫോണിനൊപ്പം വീട്ടിലേക്ക് വേണ്ട എല്ലാ ഗൃഹോപകരണങ്ങളും മൈജി നൽകും. ഇവയ്ക്ക് എല്ലാംപുറമെ എല്ലാ മത്സരാർത്ഥികൾക്കും ലഭിച്ച പോലെ ഹൗസിൽ നിന്ന ഒരോ ആഴ്ചയിലും അനീഷിനും അനുമോൾക്കും പൈസ നൽകും.