വീക്കിലി ടാസ്‍കില്‍ വീണ്ടും കയ്യാങ്കളി; ഫിറോസിനെയും റംസാനെയും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ച് ബിഗ് ബോസ്

By Web TeamFirst Published Mar 30, 2021, 10:46 PM IST
Highlights

കൈയില്‍ മുറിവ് പറ്റിയെന്ന് സ്വന്തം ടീമംഗങ്ങളോട് റംസാന്‍ പറയുന്നുണ്ടായിരുന്നു. ഏറെ വൈകുംമുന്‍പേ ഇരുവരെയും ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചു

കഴിഞ്ഞ രണ്ട് സീസണുകളിലേതിനേക്കാള്‍ വീക്കിലി ടാസ്‍കുകള്‍ എണ്ണത്തില്‍ കൂടുതലാണ് ഈ സീസണ്‍ ബിഗ് ബോസില്‍. 'സര്‍വ്വകലാശാല' പോലെ പ്രേക്ഷകരെ ഏറെ രസിപ്പിച്ച ചില ടാസ്‍കുകളും അക്കൂട്ടത്തില്‍ ഉണ്ടായി. ഇന്നിതാ സീസണ്‍ 3ലെ പുതിയ വീക്കിലി ടാസ്‍കും ആരംഭിച്ചിരിക്കുകയാണ്. ഏഴാം വാരത്തിലേക്ക് പ്രവേശിച്ചതിന്‍റെ, മത്സരം മുറുകിയതിന്‍റെ ആവേശം തുടക്കത്തില്‍ തന്നെ മത്സരാര്‍ഥികള്‍ പ്രകടിപ്പിച്ചുകൊണ്ടാണ് ടാസ്‍കിന് ആരംഭമായത്. വാരാന്ത്യ എപ്പിസോഡിനു ശേഷം താന്‍ മത്സരം ആരംഭിക്കാന്‍ പോവുകയാണെന്നു പറഞ്ഞ കിടിലം ഫിറോസിന്‍റെ വീറും വാശിയും പ്രേക്ഷകര്‍ക്ക് ഒരു പുതിയ കാഴ്ച ആയിരിക്കും. എന്നാല്‍ ടാസ്‍കിന്‍റെ തുടക്കത്തില്‍ തന്നെ ബിഗ് ബോസ് കണ്‍ഫെഷന്‍ മുറിയിലേക്ക് വിളിപ്പിക്കുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങിയത്.

'അലക്കുകമ്പനി' എന്നു പേരിട്ടിരിക്കുന്ന വീക്കിലി ടാസ്‍കില്‍ മത്സരാര്‍ഥികള്‍ രണ്ടു ടീമുകളായി തിരിയേണ്ടിയിരുന്നു. അലക്കി തേച്ച് വൃത്തിയാക്കാനുള്ള മുഷിഞ്ഞ തുണികള്‍ ബിഗ് ബോസ് നല്‍കുമെന്നും അറിയിച്ചു. പരമാവധി മുഷിഞ്ഞ വസ്ത്രങ്ങള്‍ കരസ്ഥമാക്കി അവ അലക്കി, തേച്ച് വൃത്തിയാക്കി ക്വാളിറ്റി ഇന്‍സ്പെക്ടര്‍മാരുടെ മുന്നില്‍ ഹാജരാക്കുകയാണ് വേണ്ടത്. എതിര്‍ ടീമിലെ ക്വാളിറ്റി ഇന്‍സ്പെക്ടറെയാണ് ഓരോ ടീമും തങ്ങള്‍ വൃത്തിയാക്കിയ വസ്ത്രങ്ങള്‍ കാണിക്കേണ്ടത്. കിടിലം ഫിറോസ്, സന്ധ്യ, ഭാഗ്യലക്ഷ്‍മി, സൂര്യ, അഡോണി, ഡിംപല്‍, അനൂപ് എന്നിവരാണ് ടീം എ. സന്ധ്യയാണ് ഈ ടീമിലെ ക്വാളിറ്റി ഇന്‍സ്പെക്ടര്‍.

 

സജി-ഫിറോസ്, റിതു, മണിക്കുട്ടന്‍, നോബി, റംസാന്‍, സായ് എന്നിവരാണ് ടീം ബി. നോബിയാണ് ഈ ടീമിലെ ക്വാളിറ്റി ഇന്‍സ്പെക്ടര്‍. മുഷിഞ്ഞ തുണികള്‍ എത്തുന്നതിനു മുന്‍പുതന്നെ അലക്കുന്നതിനായി വെള്ളം ശേഖരിക്കേണ്ട സ്ഥലത്ത് തര്‍ക്കം ആരംഭിച്ചിരുന്നു. ബക്കറ്റില്‍ വെള്ളം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് ആരംഭിച്ച തര്‍ക്കം റംസാനും കിടിലം ഫിറോസിനുമിടയിലുള്ള ഗോഗ്വാ വിളികളിലേക്ക് എത്തുകയായിരുന്നു. ഇത്രയും നാള്‍ കാണാത്ത രീതിയില്‍ റംസാന്‍റെ ഭാഗത്തുനിന്നുണ്ടായ പ്രൊവേക്കേഷന്‍ കിടിലം ഫിറോസ് ഏറ്റുപിടിക്കുകയും ചെയ്‍തു. 

എന്നാല്‍ കൈയില്‍ മുറിവ് പറ്റിയെന്ന് സ്വന്തം ടീമംഗങ്ങളോട് റംസാന്‍ പറയുന്നുണ്ടായിരുന്നു. ഏറെ വൈകുംമുന്‍പേ ഇരുവരെയും ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചു. മത്സരിക്കാനുള്ള മനോഭാവവും വാശിയുമൊക്കെ നല്ലതാണെന്നും എന്നാല്‍ ഒരു സ്ട്രീറ്റ് ഫൈറ്റിന്‍റെ രീതിയിലേക്ക് ടാസ്‍കിനെ കൊണ്ടുപോവരുതെന്നും ബിഗ് ബോസ് ഇരുവര്‍ക്കും മുന്നറിയിപ്പ് നല്‍കി. ഇനിയും ഈ രീതി ആവര്‍ത്തിച്ചാല്‍ നടപടി ഉണ്ടാവുമെന്നും ബിഗ് ബോസ് അറിയിച്ചു. 

click me!