ബിഗ് ബോസ് മലയാളം സീസൺ എട്ടിലെ കോടതി ടാസ്കിനിടെ ഷിബിനയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിൽ മോഹൻലാൽ ഇടപെടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 8 അതിന്‍റെ നാലാം വാരത്തിലേക്ക് കടക്കുകയാണ്. മുന്‍ സീസണുകളെ അപേക്ഷിച്ച് പല പ്രത്യേകതകളോടെയുമാണ് എട്ടാം സീസണ്‍ നടക്കുന്നത്. ജനാധിപത്യം എന്നതാണ് പുതിയ സീസണിന്‍റെ തീം. മുന്‍ സീസണുകളിലൊക്കെ ഈ സമയം ആവുമ്പോഴേക്ക് ഏതാനും മത്സരാര്‍ഥികള്‍ കൂടുതല്‍ സ്ക്രീന്‍ സ്പേസ് കൈയടക്കുന്നത് ദൃശ്യമായിരുന്നെങ്കില്‍ ഇക്കുറി അങ്ങനെയല്ല. ഒപ്പത്തിനൊപ്പം നില്‍ക്കുന്ന മത്സരാര്‍ഥികളാണ് ഇക്കുറി എത്തിയിരിക്കുന്നത് എന്നതാണ് അതിന് കാരണം. ഇന്നത്തെ വാരാന്ത്യ എപ്പിസോഡില്‍ കഴിഞ്ഞ വാരം നടന്ന ഗൗരവമുള്ള ഒരു കാര്യം മത്സരാര്‍ഥികളോട് മോഹന്‍ലാല്‍ ചോദിക്കുന്നുണ്ട്.

കഴിഞ്ഞ വാരം നടന്ന കോടതി ടാസ്കില്‍ ഷിബിന നേരിട്ട ഒരു സാഹചര്യമാണ് മോഹന്‍ലാല്‍ അതിന് ഇടയാക്കിയവരോടടക്കം ചോദിക്കുന്നത്. ഇതിന്‍റെ പ്രൊമോ ഏഷ്യാനെറ്റ് പുറത്ത് വിട്ടിട്ടുണ്ട്. ജയില്‍ നോമിനേഷന്‍ ലഭിച്ച മൂന്ന് പേരില്‍ ആരൊക്കെ ജയിലില്‍ പോകണമെന്നത് തീരുമാനിക്കാനാണ് ബിഗ് ബോസ് കോടതി ടാസ്ക് സംഘടിപ്പിച്ചത്. അതില്‍ ഒരാള്‍ ഷിബിന ആയിരുന്നു. രാഹുല്‍ ഈശ്വറാണ് ഷിബിനയുടെ വക്കീല്‍ ആയി എത്തിയത്. ഷിബിന അങ്ങനെ ജയില്‍ശിക്ഷയില്‍ നിന്ന് ഒഴിവാകുകയും ചെയ്തു. നോമിനേഷന്‍ ലഭിച്ച മറ്റൊരു മത്സരാര്‍ഥിയുടെ വാദം നടക്കുമ്പോള്‍ അവിടെ ഇരിക്കുയായിരുന്ന തന്‍റെ ഉടുപ്പിന്‍റെ വള്ളി പിന്നില്‍ ഇരുന്നവര്‍ അഴിച്ചുവെന്നും അതില്‍ ചെരുപ്പ് കെട്ടിയിട്ടുവെന്നും ഷിബിന പിന്നീട് പറഞ്ഞിരുന്നു.

ഗൗതം ശശി ആയിരുന്നു ഇതിന് പിന്നില്‍. ഇതിനെ തടയാതെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ശ്രീലക്ഷ്മി അറയ്ക്കല്‍ സ്വീകരിച്ചതെന്നും ചില മത്സരാര്‍ഥികള്‍ ആരോപിച്ചിരുന്നു. ഷിബിന ഇതിനെക്കുറിച്ച് വീണ്ടും വീണ്ടും സംസാരിച്ചതോടെയാണ് മറ്റുള്ളവര്‍ക്കും സംഭവത്തിന്‍റെ ഗൗരവം മനസിലായത്. മരിക്കുന്നത് വരെ തനിക്ക് ഏറ്റവും ട്രോമ തരുന്ന ഒരു സംഭവമായി അത് മാറാമെന്ന് മോഹന്‍ലാലിനോട് പറയുന്ന ഷിബിനയെ പ്രൊമോയില്‍ കാണാം. ഗൗതമാണോ അത് ചെയ്തത് എന്ന് ചോദിക്കുന്ന മോഹന്‍ലാലിനോട് തെറ്റ് പറ്റിപ്പോയി എന്ന് പറയുന്ന ഗൗതത്തെയും വീഡിയോയില്‍ കാണാം. നിങ്ങള്‍ അതിര് കടക്കുന്നതായി തോന്നുന്നുവെന്നാണ് ശ്രീലക്ഷ്മിയോട് മോഹന്‍ലാല്‍ പറയുന്നു. എന്തിനാണ് ആവശ്യമില്ലാത്ത കാര്യത്തില്‍ പോയി ഇടപെടുന്നതെന്ന് രാഹുല്‍ ഈശ്വറിനോടും മോഹന്‍ലാല്‍ ചോദിക്കുന്നു. എന്താണ് ഈ വിഷയത്തില്‍ ചെയ്യേണ്ടതെന്നും മോഹന്‍ലാല്‍ ഷിബിനയോട് ചോദിക്കുന്നുണ്ട്. ശ്രീലക്ഷ്മിയില്‍ നിന്നും ഗൗതം ശശിയില്‍ നിന്നും ഒരു തരത്തിലുള്ള ക്ഷമാപണവും തനിക്ക് ആവശ്യമില്ല എന്നാണ് ഇതിന് ഷിബിനയുടെ മറുപടി. അതേസമയം വിഷയത്തില്‍ മോഹന്‍ലാലിന്‍റെയും ബിഗ് ബോസിന്‍റെയും നിലപാട് എന്തെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

#BBMS8Promo കോടതി ടാസ്കിനിടയിലെ അനിഷ്ടസംഭവത്തിൽ അപ്രതീക്ഷിത നിലപാടുമായി ലാലേട്ടൻ