
ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. നിരവധി ഭാഷകളിൽ സംപ്രേക്ഷണം ചെയ്യുന്ന ഷോയുടെ സീസൺ 7 ആയിരുന്നു മലയാളത്തിൽ അവസാനിച്ചത്. സീസൺ അവസാനിച്ചിട്ടും അതിന്റെ അലയൊലികൾ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. ഇതിനിടെ ബിഗ് ബോസ് തമിഴിലെ ഒരു സംഭവം ഓരോ ഷോ പ്രേക്ഷകരുടെയും മനസിനെ പിടിച്ചുലച്ചിരിക്കുകയാണ്. ബിഗ് ബോസ് തമിഴ് സീസൺ 9ലെ ശ്രദ്ധേയ മത്സരാർത്ഥിയായ വി ജെ പാറുവിന് ഗുരുതരമായി പരിക്കേറ്റതാണ് സംഭവം.
തമിഴ് ബിഗ് ബോസിലെ ജനപ്രിയ മത്സരാർത്ഥിയാണ് വിജെ പാറു. ഈ ആഴ്ചയിലെ ക്യാപ്റ്റൻസിയിൽ പാറുവിനെയും ശബരിയേയും വേറൊരു മത്സരാർത്ഥിയുമാണ് തെരഞ്ഞെടുത്തത്. 'ബിബി ബോട്ടിൽ ഹണ്ട്' എന്നായിരുന്നു ടാസ്കിന്റെ പേര്. മത്സരാർത്ഥികൾക്ക് നടുവിൽ ഒരു കുപ്പി വച്ചിട്ടുണ്ടാകും. അതെടുത്ത് അവരവരുടെ കോളങ്ങളിൽ വയ്ക്കണം. ഒപ്പം തന്നെ മറ്റുള്ളവർ അത് എടുത്ത് മാറ്റുകയും ചെയ്യണം. ഏറ്റവും ഒടുവിൽ ഏറ്റവും കൂടുതൽ ബോട്ടിൽ കരസ്ഥമാക്കിയ ആൾ ക്യാപ്റ്റനാകും. ക്യാപ്റ്റൻസി പട്ടം ഉറപ്പാക്കാൻ മൂവരും മികച്ച രീതിയിൽ തന്നെ പൊരുതി. ഇതിനിടെ ശബരിയുടെ കാൽമുട്ട് പാറുവിന്റെ കണ്ണിൽ ഇടിക്കുകയായിരുന്നു. വേദന ഉണ്ടായെങ്കിലും അവർ ടാസ്ക് പൂർത്തിയാക്കി. ശേഷമാണ് കൺഫഷൻ റൂമിലേക്കും ചികിത്സയ്ക്കുമായി പാറു പോയത്.
പാറുവിന്റെ ഇടത് കണ്ണിനാണ് ഗുരുതരമായി പരിക്കേറ്റത്. കണ്ണ് പകുതിയിൽ കൂടുതൽ അടയുകയും വലിയ രീതിയിൽ നീര് വരികയും ചെയ്തിട്ടുണ്ട്. ഇത്രയും ഗുരുതരമായി പരിക്കേറ്റിട്ടും ഷോയിൽ തന്നെ തുടർന്ന പാറുവിനെ പ്രശംസിച്ച് മലയാളികൾ അടക്കമുള്ളവർ രംഗത്ത് എത്തിയിട്ടുണ്ട്. ഇതൊക്കെയാണ് ബിഗ് ബോസ് മത്സരാർത്ഥി എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. അതേസമയം, ശബരിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രേക്ഷകർ രംഗത്ത് എത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ വിജയ് സേതുപതി എത്തുന്ന വീക്കൻഡ് എപ്പിസോഡിൽ ഒരു തീരുമാനം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.