
ബിഗ് ബോസ് മലയാളം ഷോ സീസൺ 7ന്റെ വിജയിക്കുള്ള ട്രോഫി നടി അനുമോൾ ഏറ്റുവാങ്ങിയതോടെ നൂറു ദിവസം നീണ്ട മൽസരത്തിന് തിരശീല വീണിരിക്കുകയാണ്. എങ്കിലും അനുമോളെ അനുകൂലിച്ചും വിമർശിച്ചുമൊക്കെയുള്ള ചർച്ചകൾ ഇപ്പോഴും പുറത്ത് നടക്കുന്നുണ്ട്. ബിഗ്ബോസിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം അഭിമുഖങ്ങളും സ്വീകരണങ്ങളുമായി തിരക്കിലാണ് അനുമോൾ.
കഴിഞ്ഞ ദിവസം അനുവിന്റെ ജന്മനാടായ ആര്യനാട് പൗരസമിതി താരത്തിനു വേണ്ടി അനുമോദന ചടങ്ങ് സംഘടിപ്പിച്ചിരുന്നു. അനുവിനൊപ്പം ബന്ധുക്കളും സുഹൃത്തുക്കളും കുടുംബാംഗങ്ങളുമെല്ലാം ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. നിങ്ങൾ വോട്ട് ചെയ്ത് ജയിപ്പിച്ചത് എന്നെയാണ്. അതുകൊണ്ട് തന്നെ എനിക്ക് കിട്ടിയ കപ്പ് നിങ്ങൾക്കായി ഞാൻ സമർപ്പിക്കുന്നു എന്നാണ് സ്വീകരണച്ചടങ്ങിനിടെ അനു പറഞ്ഞത്.
''ഞാൻ ഇത് ഒരുപാട് സ്ട്രഗിൾ ചെയ്ത് ഫൈറ്റ് ചെയ്ത് പോരാടി വാങ്ങിച്ചതാണ്. അത് ലൈവ് കാണുന്നവർക്ക് മനസിലായി കാണും. എന്തായാലും ഒരുപാട് സന്തോഷം. എനിക്ക് കിട്ടിയ കപ്പ് നിങ്ങൾക്കുള്ളതാണ്. എന്റെ സന്തോഷം ഞാൻ നിങ്ങളെ അറിയിക്കുന്നു'', അനുമോൾ പറഞ്ഞു.
ബിഗ് ബോസ് കപ്പ് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നതുപോലെ ഇനി ഒരു ദിവസം താൻ ഓസ്കാറുമായി ആര്യനാടേക്ക് വരുമെന്നും അന്നും എല്ലാവരുടേയും പിന്തുണ ഉണ്ടാകണമെന്നും അനു കൂട്ടിച്ചേർത്തു. ''ഓസ്കാർ എനിക്ക് കിട്ടണമെങ്കിലും നിങ്ങൾ ഇതുപോലെ എന്നെ സപ്പോർട്ട് ചെയ്യണം. അവിടെ വോട്ട് ചെയ്യാൻ പറ്റില്ല, സപ്പോർട്ട് ചെയ്താൽ മതി'', എന്ന് അനുമോൾ രസകരമായി പറയുന്നു. അനുമോൾ ദൈവാനുഗ്രഹമുള്ള കുട്ടിയാണ്. ഭക്തിയുള്ള കുട്ടിയാണ് എന്നാണ് സുഹൃത്തും നടിയുമായ ആതിര മാധവ് പറഞ്ഞത്. അനുമോളുടെ സുഹൃത്തും സ്റ്റാർ മാജിക് താരവുമായ ഡയ്യാന ഹമീദും ഒപ്പമുണ്ടായിരുന്നു.