
ബിഗ് ബോസ് മലയാളം സീസണ്‍ 6 അതിന്‍റെ ആറാം വാരത്തിലാണ്. വൈല്‍ഡ് കാര്‍ഡുകള്‍ വന്നതിന് ശേഷം ഊര്‍ജ്ജസ്വലവും സജീവവുമായ സീസണില്‍ ഇപ്പോള്‍ തുടര്‍ച്ചയായി തര്‍ക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാവുന്നുണ്ട്. തര്‍ക്കങ്ങള്‍ക്ക് ചൂടേറുമ്പോള്‍ ആത്മനിയന്ത്രണം നഷ്ടപ്പെടുന്ന മത്സരാര്‍ഥികള്‍ക്ക് ബിഗ് ബോസ് മുന്‍പും പല താക്കീതുകളും നല്‍കിയിട്ടുണ്ട്. അത്തരമൊരു താക്കീത് ബിഗ് ബോസിന് ഇന്നും നല്‍കേണ്ടിവന്നു. പവര്‍ ടീം അംഗമായ സിബിന് ആയിരുന്നു ആ താക്കീത്.
തന്നെ വിഷമിപ്പിക്കുന്ന തരത്തില്‍ ഒരു സഹമത്സരാര്‍ഥി പറഞ്ഞ കമന്‍റ് താന്‍ കേള്‍ക്കാനിടയായെന്നും സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിക്കണമെന്നും ഹാളില്‍ വച്ച് എല്ലാവരെയും വിളിച്ചുകൂട്ടി ജാന്‍മോണി പറഞ്ഞിരുന്നു. ആളിന്‍റെ പേര് പറയാതെയായിരുന്നു ജാന്‍മോണിയുടെ വാക്കുകള്‍. ആള്‍ ആരെന്ന് പറയാന്‍ താല്‍പര്യമില്ലെന്നും ജാന്‍മോണി പറഞ്ഞു. എന്നാല്‍ പറഞ്ഞത് ആരെന്ന് വ്യക്തമാക്കണമെന്ന് നോറയും ജാസ്മിനും ആവശ്യപ്പെട്ടതോടെ ഹൗസ് കുറച്ചുസമയത്തേക്ക് ബഹളമയമായി. ഈ സമയം സിബിനെ പ്രകോപിപ്പിക്കുന്ന തരത്തില്‍ ജാസ്മിന്‍ സംസാരിച്ചു. ഇതില്‍ പ്രകോപിതനായ സിബിന്‍ സഭ്യേതരമായ ഒരു ആംഗ്യം കാണിച്ചു. അത് കണ്ട ജാസ്മിന്‍ അപ്പോള്‍ത്തന്നെ അത് മോശമാണെന്ന് ചൂണ്ടിക്കാട്ടി. സഹമത്സരാര്‍ഥികളുടെ ശ്രദ്ധയിലേക്കും പെട്ടെന്ന് ഇക്കാര്യം എത്തി. താന്‍ ചെയ്തത് തെറ്റാണെന്നും ദേഷ്യം നിയന്ത്രിക്കാന്‍ പറ്റാതെ ചെയ്തുപോയതാണെന്നും ജാസ്മിനോടും മറ്റ് മത്സരാര്‍ഥികളോടും പ്രേക്ഷകരോടും ക്ഷമ ചോദിക്കുന്നുവെന്നും സിബിന്‍ പറഞ്ഞു. എന്നാല്‍ സിബിന്‍റെ ക്ഷമ ചോദിക്കല്‍ ഉള്‍ക്കൊള്ളാനാവില്ലെന്ന നിലപാടിലായിരുന്നു ജാസ്മിന്‍. തുടര്‍ന്ന് എല്ലാവരെയും വിളിച്ചിരുത്തി ബിഗ് ബോസ് സിബിന് താക്കീതും നല്‍കി.
"സിബിന്‍, നിങ്ങള്‍ ഒരുപാട് ആഗ്രഹിച്ചും പരിശ്രമിച്ചും എത്തപ്പെട്ട വേദിയാണ് ബിഗ് ബോസ്. പെട്ടെന്നുള്ള വികാരവിക്ഷോഭത്തില്‍ നിങ്ങളുടെ വ്യക്തിത്വം നഷ്ടപ്പെടുത്തരുത്. നിങ്ങള്‍ ഈ ഷോ കണ്ട് മനസിലാക്കി വന്ന വ്യക്തിയാണ്. ഇവിടെ എന്തൊക്കെ പാലിക്കണമെന്നും എന്തൊക്കെ ഒഴിവാക്കപ്പെടണമെന്നും കൃത്യമായി ധാരണയുള്ള വ്യക്തി കൂടിയാണ് നിങ്ങള്‍. എല്ലായ്പ്പോഴും പറയുന്നതുപോലെ തര്‍ക്കങ്ങള്‍ ആവാം, ചര്‍ച്ചകള്‍ ആവാം. പക്ഷേ സഭ്യമല്ലാത്ത ചേഷ്ടകളോ വാക്കുകളോ ഒരു കാരണവശാലും ഇവിടെ വച്ചുപൊറുപ്പിക്കില്ല. ഇത് നിരവധി കുടുംബപ്രേക്ഷകര്‍ കാണുന്ന ഷോ ആണ്. ആ നിലവാരം കാത്തുസൂക്ഷിക്കാന്‍ നിങ്ങള്‍ ഓരോരുത്തരും ബാധ്യസ്ഥരാണ്. സിബിന്‍, ഇതൊരു താക്കീത് ആണ്. ഇനി ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി നേരിടേണ്ടിവരും. ഏതായാലും ഈ വിഷയത്തില്‍ ശ്രീ. മോഹന്‍ലാല്‍ നിങ്ങളോട് സംസാരിക്കുന്നതായിരിക്കും", ബിഗ് ബോസ് അറിയിച്ചു.
ALSO READ : സംവിധായകന്‍ അനുറാം നിർമ്മാണ രംഗത്തേക്ക്; 'മറുവശം' ഫസ്റ്റ് ലുക്ക് എത്തി
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ