
പ്രമുഖ ബിസിനസ്മാനും കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനുമായ സി ജെ റോയിയുടെ ആത്മഹത്യ ഓരോ മലയാളികളേയും ഞെട്ടിച്ച സംഭവമായിരുന്നു. ആദായനികുതി വകുപ്പ് പരിശോധനയ്ക്കിടെ അദ്ദേഹം സ്വയം വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കവെ റോയിയുടെ ഓർമകൾ പങ്കിട്ട് രംഗത്ത് എത്തിയിരിക്കുയാണ് ബിഗ് ബോസ് മലയാളം ടൈറ്റിൽ വിന്നറായ ജിന്റോ. റോയ് സാറിന്റെ ദുബായിലെ വീട്ടിൽ പോയിട്ടുള്ള ഒരേയൊരു ബിഗ് ബോസ് മത്സരാർത്ഥി താനാണെന്നും ജിന്റോ പറയുന്നു. അദ്ദേഹത്തോടൊപ്പം ആഹാരം കഴിക്കുന്ന വീഡിയോയും ജിന്റോ പങ്കിട്ടിട്ടുണ്ട്.
'ഇനിയും വിശ്വസിക്കാൻ പറ്റുന്നില്ലല്ലോ. ഇങ്ങനെയുള്ള നഷ്ടങ്ങൾ മനസ്സിലാകാൻ സമയം എടുക്കും. റോയി ചേട്ടന് ആദരാഞ്ജലികൾ', എന്നാണ് ജിന്റോ വീഡിയോയ്ക്ക് ഒപ്പം കുറിച്ചത്. "ഒരിക്കൽ ഞാനെന്റെ ചെറുപ്പത്തിലേ കുറേ പ്രശ്നങ്ങൾ അദ്ദേഹത്തോട് പറഞ്ഞിരുന്നു. ആത്മഹത്യവരെ ചെയ്യാൻ തീരുമാനിച്ച ആളായിരുന്നു ഞാനെന്നും പക്ഷേ അമ്മയേയും സഹോദരങ്ങളേയും ഓർത്തത് ചെയ്തിട്ടില്ലെന്ന് പറഞ്ഞു. അന്ന് റോയ് ചേട്ടൻ പറഞ്ഞത് എന്താന്ന് അറിയോ ? ആത്മഹത്യ അവരവർക്ക് മാത്രമെ നഷ്ടമുള്ളൂ എന്നാണ്. അദ്ദേഹത്തിന്റെ ദുബായിലെ വീട്ടിൽ ബിഗ് ബോസിൽ നിന്നും ഞാൻ മാത്രമെ വന്നിട്ടുള്ളൂ", എന്നും വീഡിയോയിൽ ജിന്റോ പറയുന്നുണ്ട്.
സി ജെ റോയ് ജീവനൊടുക്കി
ജനുവരി 30ന് ആയിരുന്നു വ്യവസായ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ട് സി ജെ റോയ് ആത്മഹത്യ ചെയ്തെന്ന വാര്‍ത്ത പുറത്തുവന്നത്. ബെംഗളൂരുവിലെ ലാംഫോർഡ് റോഡിലുള്ള റിച്ച്മണ്ട് സര്‍ക്കിളിന് സമീപമുള്ള ഓഫീസില്‍ വച്ചായിരുന്നു സംഭവം. ഐടി റെയ്ഡിനിടെ അദ്ദേഹം സ്വയം വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ