ബിഗ് ബോസ് സഹമത്സരാർത്ഥിയായ നേഹയ്ക്കുള്ള തന്‍റെ പിന്തുണ തികച്ചും വ്യക്തിപരമാണെന്ന് താഷി

ബിഗ് ബോസിലെ തന്‍റെ സഹമത്സരാര്‍ഥി ആയിരുന്ന നേഹയെ പിന്തുണയ്ക്കണമെന്നവാശ്യപ്പെട്ട് ആരെയും താൻ ബന്ധപ്പെട്ടിട്ടില്ലെന്നു വ്യക്തമാക്കി താഷി. നേഹയ്ക്കുള്ള തന്റെ പിന്തുണ തികച്ചും വ്യക്തിപരമാണെന്നും താഷി ഇൻ‍സ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

''ഒരു കാര്യം ഞാൻ ഇവിടെ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. നേഹയ്ക്കുള്ള എന്റെ പിന്തുണ തികച്ചും എന്റെ വ്യക്തിപരമായ തീരുമാനവും സ്വതന്ത്രമായ തിരഞ്ഞെടുപ്പുമാണ്. നേഹയെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഞാൻ ഇതുവരെ ആരുമായും ബന്ധപ്പെട്ടിട്ടില്ല. ഇക്കാര്യത്തിൽ എനിക്ക് ആരുമായും യാതൊരു ബന്ധമോ സഹകരണമോ ഇല്ല. എന്നെ ഇതുവരെ പിന്തുണച്ചവരോടും എന്റെ സുഹൃത്തുക്കളോടും നേഹയെ പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നത് എന്റെ വ്യക്തിപരമായ തീരുമാനമാണ്. നന്ദി.'', താഷി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

അതേസമയം നേഹയുടെ മാതാപിതാക്കളെ താൻ അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ടെന്നും അവരെ വിഷമിപ്പിച്ചുകൊണ്ട് ഒന്നും നേടാനാകില്ലെന്നും താഷി പുറത്തിറങ്ങിയതിനു ശേഷം നൽകിയ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. "ഞാൻ നേഹയുടെ മാതാപിതാക്കളെ അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ട്. ഒരു പേരന്റ് ആകുമ്പോൾ പുറത്തുനിന്ന് കേൾക്കുന്ന കുറേ കാര്യങ്ങളൊക്കെ അവരെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടാകും. ഞാൻ നേരത്തെ തന്നെ നേഹയോട് പറഞ്ഞിട്ടുണ്ട്, മാതാപിതാക്കളെ വിഷമിപ്പിച്ചിട്ട് നമുക്ക് ഒന്നും നേടാൻ പറ്റില്ല. നമുക്ക് ഹാപ്പിയായിട്ടിരിക്കാനും പറ്റില്ല. എല്ലാ കാര്യങ്ങളും തീരുമാനിക്കാൻ നമുക്ക് സമയം വേണമെന്ന് ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്. അതെല്ലാം ഞാൻ നേരത്തെ തന്നെ നേഹയോട് പറഞ്ഞതാണ്," താഷി കൂട്ടിച്ചേർത്തു.

ഇൻഫ്ളുവൻസർ എന്ന ലേബലിലാണ് നേഹ ബിഗ് ബോസിൽ എത്തിയതെങ്കിൽ ബിഗ് ബോസിനു മുന്നോടിയായി കോമണേഴ്സിനു വേണ്ടി നടത്തിയ അഗ്നിപരീക്ഷയിലൂടെയാണ് താഷി ഈ സീസണിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ബിഗ് ബോസ് വീട്ടിൽ നേഹയും താഷിയും തമ്മിലുള്ള അടുപ്പം പുറത്ത് വലിയ ചർച്ചകൾക്ക് കാരണമായതിനു പിന്നാലെ നേഹയുടെ മാതാപിതാക്കളും ബിഗ് ബോസിലെത്തിയിരുന്നു. താഷിയോടുള്ള നേഹയുടെ അടുപ്പം തങ്ങൾക്ക് ഇഷ്ടമല്ലെന്ന രീതിയിലാണ് മാതാപിതാക്കൾ സംസാരിച്ചത്. താഷിയെ ഇഷ്ടമാണെന്നും എന്നാൽ ഇക്കാര്യം സ്വന്തം വീട്ടുകാരെ ബോധ്യപ്പെടുത്താനായിരിക്കും തന്റെ ശ്രമമെന്നും നേഹ വ്യക്തമാക്കിയിരുന്നു.

Asianet News Live | Malayalam Live News | Kerala News Updates| Breaking News| HD Live 24x7 Streaming