
ഗീതാ ഗോവിന്ദം എന്ന പരമ്പരയിലൂടെ നിരവധി ആരാധകരെ സമ്പാദിച്ച നടിയാണ് ബിന്നി സെബാസ്റ്റ്യൻ. നടൻ നൂബിനാണ് ബിന്നിയുടെ ഭർത്താവ്. ബിഗ് ബോസ് മലയാളം സീസൺ 7ലും മൽസരാർത്ഥിയായി ബിന്നി എത്തിയിരുന്നു. ബിഗ് ബോസിൽ നിന്നും പുറത്തു വന്നതിനു പിന്നാലെ പുതിയ വാഹനം സ്വന്തമാക്കിയ വിശേഷവും താരം പങ്കുവെച്ചിരുന്നു. മഹീന്ദ്ര ഥാറാണ് ബിന്നിയും നൂബിനും സ്വന്തമാക്കിയത്. ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ഇരുവരുടെയും പുതിയ വ്ളോഗ്. ഥാർ വാങ്ങിയത് താൻ ബിഗ് ബോസിൽ നിന്നും സമ്പാദിച്ച പണം കൊണ്ടല്ലെന്നും അതിന്റെ എല്ലാ ക്രെഡിറ്റും നൂബിനാണെന്നും ബിന്നി പറയുന്നു.
''ഇത് നൂബിൻ വാങ്ങിയതാണ്. ബിഗ് ബോസിലേക്ക് പോകും മുമ്പ് തന്നെ ബുക്ക് ചെയ്ത് വെച്ചിരുന്നതാണ്. എല്ലാവരും കരുതി ബിഗ് ബോസിൽ നിന്നും കിട്ടിയ കാശ് കൊണ്ട് ഞാൻ വാങ്ങിയ വാഹനമാണ് ഇതെന്ന്. ബിഗ് ബോസിൽ നിന്നും വന്നശേഷമാണ് ഥാർ ഞങ്ങളുടെ കൈകളിലേക്ക് കിട്ടിയത്. ഫാമിലി വീക്കിന്റെ ഭാഗമായി നൂബിൻ ബിഗ് ബോസിൽ വന്നപ്പോൾ ഇതേക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ഞാൻ വേണ്ടെന്നാണ് പറഞ്ഞത്. ആ സമയത്ത് നെവിൻ വന്ന് എന്നെ ഒരുപാട് പുഷ് ചെയ്തു. എടുത്ത് കൊടുക്കാൻ പറഞ്ഞു. എന്നാൽ അന്ന് നൂബിൻ വാഹനം ബുക്ക് ചെയ്തിട്ടായിരുന്നു വന്നത്, അവിടെ നടന്നത് ആക്ടിങ്ങായിരുന്നു പുറത്ത് വന്ന് വണ്ടി കണ്ട് കഴിഞ്ഞപ്പോൾ നൂബിനെ ചീത്ത പറയാൻ തോന്നിയില്ല'', ബിന്നി പറഞ്ഞു.
''ഞങ്ങൾക്ക് ഇതിന് മുമ്പ് രണ്ട് വണ്ടി ഉണ്ടായിരുന്നു. ഒന്ന് നൂബിന്റെ വൈറ്റ് കൊറോള ആൾട്ടീസായിരുന്നു. പിന്നെ പഴയൊരു വിന്റേജ് കാറുണ്ടായിരുന്നു. എൺപത്തിയേഴ് മോഡൽ കോണ്ടസയായിരുന്നു അത്. അതിന്റെ പേരിൽ ഞങ്ങൾ എന്നും അടിയുണ്ടാക്കുമായിരുന്നു. അത് കൊടുക്കാൻ പറഞ്ഞാണ് അടിയുണ്ടാക്കിയിരുന്നത്.
വാഹനം ഇടാൻ സ്ഥലം ഇല്ലായിരുന്നു. അത് വാങ്ങിയ സമയത്ത് മോഡിഫൈ ചെയ്ത് റെന്റിന് കൊടുക്കാമെന്നൊക്കെ പ്ലാനുണ്ടായിരുന്നു. പക്ഷെ ഒന്നും നടന്നില്ല. അവസാനം ആ രണ്ട് വണ്ടിയും കൊടുത്തിട്ടാണ് ഥാർ വാങ്ങിയത്'', ബിന്നി കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക