
ആവേശകരമായ അൻപത് എപ്പിസോഡുകൾ പൂർത്തിയാക്കി ബിഗ് ബോസ് മലയാളം സീസൺ അഞ്ച് മുന്നോട്ടു പോകുകയാണ്. കഴിഞ്ഞ ദിവസം അഞ്ജൂസ് റോഷ് കൂടി പുറത്തായതിന് പിന്നാലെ നിലവിൽ പതിമൂന്ന് മത്സരാർത്ഥികളാണ് ഷോയിൽ ഉള്ളത്. പലരും തങ്ങളുടെ സ്ട്രാറ്റജികളുമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും കഴിഞ്ഞ ബിബി സീസണുകളെ അപേക്ഷിച്ച് ഒരു ഒഴുക്കൻ മട്ടാണ് സീസൺ അഞ്ചിന് എന്നാണ് പ്രേക്ഷക പക്ഷം.
വീക്കിലി ടാസ്കിനിടെ മാത്രമാണ് ഹൗസിൽ ഒരാരവം ഉണ്ടാകുന്നത്. അതു കഴിഞ്ഞാൽ പിന്നെ വീണ്ടും ഉറങ്ങിക്കിടക്കുന്ന അവസ്ഥയാണെന്നും പ്രേക്ഷകർ പറയുന്നു. ലൈവ് കാണാൻ പോലും താല്പര്യമില്ലെന്ന് ഇവർ പറയാറുമുണ്ട്. ഇതിനൊരു പരിഹാരം കാണണമെന്നും നല്ലൊരു വൈൽഡ് കാർഡ് വേണമെന്നും പ്രേക്ഷകർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് ആഴ്ചകൾ കഴിഞ്ഞു. ശേഷം വന്ന ഹനാനോ, ഒമർ ലുലുവിനോ വീട്ടിൽ ആവേശം നിറയ്ക്കാൻ സാധിച്ചില്ല. ഇനിയുള്ളത് ഏറ്റവും ഒടുവിൽ വൈൽഡ് കാർഡായി എത്തിയ അനു ജോസഫ് ആണ്. അവരും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവച്ചോ എന്ന കാര്യത്തിൽ സംശയമാണ്.
സീസൺ അഞ്ചിനും മത്സരാർത്ഥികൾക്കും ഊർജ്ജം നൽകാൻ മുൻകാല സീസണുകളിലെ ശക്തരായ മത്സരാർത്ഥികളെ കൊണ്ടുവരണമെന്ന് പ്രേക്ഷകർ നിരന്തരം ആവശ്യപ്പെട്ട കാര്യമാണ്. ഈ സീസൺ തുടങ്ങി ഒരാഴ്ച പിന്നിട്ടപ്പോഴുള്ള ആവശ്യവുമായിരുന്നു ഇത്. ഇപ്പോഴിതാ ഇക്കാര്യം ബിഗ് ബോസ് ടീം കാര്യമായി തന്നെ എടുത്തിരിക്കുകയാണ്. ഈ ആഴ്ച മുൻ സീസണുകളിൽ നിന്നും ചിലർ ഹൗസിൽ എത്തുന്നുണ്ടെന്ന് ബിബി ടീം ഉറപ്പുനൽകുന്നു.
കഴിഞ്ഞ ദിവസത്തെ വീക്കെൻഡ് എപ്പിസോഡിന് പിന്നാലെ വന്ന പ്രമോയിൽ ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പ്രമോയിൽ രണ്ട് ആളുകളുടെ ഷാഡോയാണ് കാണിച്ചിരിക്കുന്നത്. ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. പ്രമോയ്ക്ക് പിന്നാലെ പ്രവചനങ്ങളുമായി പ്രേക്ഷകരും ബിബി ഫാൻസും രംഗത്തെത്തി. ഇതിൽ ഒന്ന് കഴിഞ്ഞ സീസണിലെ വൻ പ്രേക്ഷക പിന്തുണ ലഭിച്ച ഡോ. റോബിൻ രാധാകൃഷ്ണൻ എന്നാണ് പ്രേക്ഷക പക്ഷം. മറ്റൊന്ന് രജിത് കുമാറിന്റേതാണ്. സീസൺ രണ്ടിലെ ശക്തനായ മത്സരാർത്ഥിയായിരുന്നു രജിത്. ഉയർന്ന് കേൾക്കുന്ന മറ്റൊരു പേര് നാലാം സീസണിലെ മികച്ച വൈൽഡ് കാർഡ് എൻട്രിയായി എത്തിയ റിയാസ് സലീമിന്റേത് ആണ്.
എന്തായാലും മുൻ സീസണുകളിലെ ശക്തരായ മത്സരാർത്ഥികളാണ് ബിബി ഹൗസിൽ വരുന്നതെന്ന് ഉറപ്പാണ്. ഇതാദ്യമായാണ് മലയാളം ബിഗ് ബോസിൽ മുൻ മത്സാർത്ഥികൾ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. തമിഴ്, ഹിന്ദി ബിഗ് ബോസുകളിൽ പലതവണ മുൻ മത്സരാർത്ഥികൾ എത്തി ഷോയുടെ രീതിയെ തന്നെ മാറ്റി മറിച്ചിട്ടുണ്ട്.
ബിഗ് ബോസ് ഹൗസിലെ കൂട്ടുകെട്ട് പിരിഞ്ഞു, ഒരാള്‍ പുറത്തായി
ബിഗ് ബോസ് മലയാളത്തിൽ വീണ്ടും എത്തുന്ന മുൻ മത്സരാർത്ഥികൾ എത്രദിവസം ഷോയിൽ ഉണ്ടായിരിക്കുമെന്നത് വ്യക്തമല്ല. കുറച്ച് ദിവസം നിന്നിട്ട് ഗെയിമിൽ മാറ്റം വരുത്തി പോകുമോ അതോ ഇനിയുള്ള അമ്പത് ദിവസം ഇവർ ഉണ്ടാകുമോ എന്നതും വരും ദിവസങ്ങളിൽ അറിയാനാകും. എന്തായാലും ഷോയിൽ തിരിച്ചെത്തുന്ന മത്സരാർത്ഥികളുടെ വരവ് വെറുത ആകില്ലെന്ന് ഉറപ്പ്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ