കൊല്ലം മരുത്തടിയിൽ, സഹോദരിയുടെ വീട്ടില്‍ ഉത്സവം കാണാൻ പോയതായിരുന്നു ഹരികൃഷ്ണൻ എന്ന 18കാരൻ. അമ്മക്ക് വിളിച്ച സംഘാടകനെ തിരിഞ്ഞ് നോക്കിയതാണ് എല്ലാത്തിനും കാരണമായത്. ആൾക്കൂട്ടം ഹരിയെ ക്രൂരമായി മർദിച്ചു ശേഷം തടിക്കഷണം കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.

കൊല്ലത്ത് ആൾക്കൂട്ട മർദ്ദനത്തിനിരയായി 18കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികണവുമായി ബി​ഗ് ബോസ് മലയാളം വിജയിയും നടിയുമായ അനുമോൾ. സംഭവത്തിൽ സമൂഹം മിണ്ടാതിരിക്കുന്നത് എന്ത് കൊണ്ടാണെന്നും ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയായതിനാലാണോ ഈ നിശബ്ദതയെന്നും അനുമോൾ ചോദിക്കുന്നു. ഇന്ന് മിണ്ടാതിരുന്നാൽ നാളെ മറ്റൊരു 18 വയസ്സുകാരൻ ഇങ്ങനെ കൊല്ലപ്പേട്ടേക്കാമെന്നും അനു ഓർമിപ്പിക്കുന്നുണ്ട്.

"18 വയസ്സ് മാത്രം പ്രായമുള്ള ഒരു മകനെ നാലുപേർ ചേർന്ന് തലക്ക് അടിച്ച് കൊന്നിരിക്കുന്നു. ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നു അവൻ. അച്ഛനും അമ്മക്കും ആരോഗ്യ പ്രശ്നങ്ങളുള്ള കുടുംബം. ആ വീട്ടിന്റെ പ്രതീക്ഷയായിരുന്ന ഒരു ജീവൻ ഇങ്ങനെ അവസാനിച്ചു. പക്ഷേ അതിൽ വേദനകരമായത് എന്താണെന്നറിയാമോ? സമൂഹം മിണ്ടാതിരിക്കുന്നു. ആരും ചോദിക്കുന്നില്ല… ആരും പ്രതിഷേധിക്കുന്നില്ല. ഇന്നത്തെ കാലത്ത് ആളുകൾക്ക് മറ്റുള്ളവരുടെ സ്വകാര്യ ജീവിതം നോക്കാനും വിമർശിക്കാനും സമയം ഒരുപാടുണ്ട് ഉണ്ട്. പക്ഷേ ഒരു 18 വയസ്സുകാരന്റെ ജീവൻ പോയപ്പോൾ ആ വേദനയെ കുറിച്ച് സംസാരിക്കാൻ പലർക്കും സമയം ഇല്ല. ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയായതിനാലാണോ ഈ നിശബ്ദത? ഒരു മനുഷ്യന്റെ ജീവന് വില ഇത്രയാണോ? നമ്മൾ ഇന്ന് മിണ്ടാതിരുന്നാൽ നാളെ മറ്റൊരു 18 വയസ്സുകാരൻ കൂടി ഇങ്ങനെ കൊല്ലപ്പെടും. അപ്പോൾ കൂടി സമൂഹം മിണ്ടാതിരിക്കുമോ?", എന്നായിരുന്നു അനുമോൾ പറഞ്ഞത്.

പിന്നാലെ നിരവധി പേരാണ് അനുമോൾ പറഞ്ഞത് ശരിയാണെന്ന് പറഞ്ഞ് രം​ഗത്ത് എത്തിയത്. "സത്യം.. ആരും മിണ്ടില്ല പേടി. അല്ലാതെ എന്തുപറയാൻ. നഷ്ടപെട്ടത് ആ അച്ഛനും അമ്മയ്ക്കും", എന്നാണ് പലരും കമന്റ് ചെയ്യുന്നത്. കൊല്ലം മരുത്തടിയിൽ, സഹോദരിയുടെ വീട്ടില്‍ ഉത്സവം കാണാൻ പോയതായിരുന്നു ഹരികൃഷ്ണൻ എന്ന 18കാരൻ. അമ്മക്ക് വിളിച്ച സംഘാടകനെ തിരിഞ്ഞ് നോക്കിയതാണ് എല്ലാത്തിനും കാരണമായത്. ഒടുവിൽ ആൾക്കൂട്ടം ഹരിയെ ക്രൂരമായി മർദിച്ചു ശേഷം തടിക്കഷണം കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. നാല് ദിവസത്തെ പോരാട്ടത്തിനൊടുവിലാണ് ഹരി മരിച്ചത്. പാർക്കിൻസൺസ് രോഗ ബാധിതനാണ് അച്ഛൻ ജയസേനൻ. കൈയിന് സുഖമില്ലാത്ത ആളാണ് അമ്മ രജനി.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming