
ബിഗ് ബോസ് മലയാളം സീസണ്‍ 7 ന്‍റെ ഫിനാലെ വീക്കിന് ഇന്ന് ആരംഭം. ആകെ 25 മത്സരാര്‍ഥികള്‍ ഉണ്ടായിരുന്ന സീസണില്‍ നിലവില്‍ അവശേഷിക്കുന്നത് ഏഴ് പേര്‍ മാത്രമാണ്. ഞായറാഴ്ച എപ്പിസോഡില്‍ സാബുമാന്‍ പുറത്തായതോടെയാണ് മത്സരാര്‍ഥികളുടെ എണ്ണം ഏഴായി ചുരുങ്ങിയത്. ഈ ഏഴ് പേരില്‍ നിന്ന് ഫൈനല്‍ ഫൈവിലേക്ക് എത്തുമ്പോള്‍ പുറത്താവുന്ന രണ്ട് പേര്‍ ആരൊക്കെയെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും മത്സരാര്‍ഥികളും. തുടക്കം മുതല്‍ സംഘര്‍ഷഭരിതമായിരുന്ന ബിഗ് ബോസ് ഹൗസ് കഴിഞ്ഞ വാരം മുതല്‍ പക്ഷേ അങ്ങനെയല്ല. വലിയ ശത്രുത ഉണ്ടായിരുന്നവര്‍ പോലും പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ത്ത് സൗഹൃദം പങ്കുവെക്കുന്ന കാഴ്ചയായിരുന്നു പ്രേക്ഷകര്‍ക്ക് മുന്നില്‍. മത്സരാര്‍ഥികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ഫിനാലെ വീക്കില്‍ കൗതുകകരമായ റീ എന്‍ട്രികളും ഇന്ന് മുതല്‍ തുടങ്ങുകയാണ്.
ഫിനാലെ വീക്കിന്‍റെ ഭാഗമായി ഈ സീസണില്‍ പുറത്തായ മത്സരാര്‍ഥികള്‍ നിലവിലെ മത്സരാര്‍ഥികളെ കാണാന്‍ ഇന്ന് മുതല്‍ ഹൗസില്‍ എത്തി തുടങ്ങും. ഇതിന്‍റെ പ്രൊമോ ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടുണ്ട്. പ്രൊമോയില്‍ കാണുന്നത് പ്രകാരം ഹൗസിലേക്ക് ആദ്യം എത്തുന്നത് അപ്പാനി ശരത് ആണ്. ഈ സീസണില്‍ ഏറ്റവും വേറിട്ട രീതിയില്‍ നടന്ന ഒരു എവിക്ഷന്‍ ശരത്തിന്‍റേത് ആയിരുന്നു. ഓണസമയത്ത് നടന്ന എവിക്ഷനില്‍ നോമിനേഷനില്‍ അവശേഷിക്കുന്ന എല്ലാവര്‍ക്കും പുലിയുടെ മുഖംമൂടി നല്‍കിയതിന് ശേഷം മേളത്തിനൊപ്പം പുലി കളി നടത്തിക്കുകയായിരുന്നു ബിഗ് ബോസ്. ഒടുവില്‍ അനീഷിന്‍റെ കൈ പിടിച്ച് പ്രധാന വാതിലിലൂടെ ബിഗ് ബോസ് ടീം പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. അപ്പാനിയുടെ വരവില്‍ ഹൗസില്‍ ഏറ്റവും ആഹ്ലാദിക്കുന്നത് അടുത്ത സുഹൃത്ത് ആയ അക്ബര്‍ ആണെന്ന് പ്രൊമോയില്‍ കാണാം.
പിന്നാലെ ഹൗസിനുള്ളിലൂടെ മറ്റ് രണ്ട് മുന്‍ മത്സരാര്‍ഥികള്‍ കൂടി ഇന്ന് എത്തുന്നുണ്ട്. കലാഭവന്‍ സരിഗയും ശാരികയുമാണ് അത്. ഒപ്പമുണ്ടായിരുന്നവരെ ബിഗ് ബോസില്‍ വച്ചുതന്നെ വീണ്ടും കാണാനും സൗഹൃദം പുതുക്കാനും കഴിഞ്ഞതിന്‍റെ ആഹ്ലാദത്തിലാണ് നിലവിലെ മത്സരാര്‍ഥികള്‍. മുന്‍ സീസണുകളില്‍ നിന്ന് വിഭിന്നമായി ആരായിരിക്കും വിജയിയെന്ന് ഫിനാലെ വീക്ക് ആയപ്പോഴും തീര്‍ത്തു പറയാന്‍ സാധിക്കാത്ത നിലയിലാണ് മത്സരാര്‍ഥികളുടെ ജനപ്രീതി. ഫിനാലെയ്ക്ക് ആഴ്ചകള്‍ക്ക് മുന്‍പേ ജനപ്രീതിയില്‍ ചില മത്സരാര്‍ഥികള്‍ മറ്റുള്ളവരേക്കാള്‍ ബഹുദൂരം മുന്നിലെത്തുന്നതായിരുന്നു മുന്‍ സീസണുകളിലെ ട്രെന്‍ഡ്.