Latest Videos

'ആ തീരുമാനം തെറ്റായിപ്പോയെന്ന് തോന്നുന്നോ'? മോഹന്‍ലാലിന്‍റെ ചോദ്യത്തിന് ഗബ്രിയുടെ മറുപടി

By Web TeamFirst Published May 4, 2024, 11:57 PM IST
Highlights

അവിശ്വസനീയതയോടെയാണ് സഹമത്സരാര്‍ഥികള്‍ സീസണ്‍ 6 ലെ ശ്രദ്ധേയനായ ഗബ്രിയുടെ പുറത്താവല്‍ വിവരം ഉള്‍ക്കൊണ്ടത്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ഏറ്റവും നാടകീയമായ എവിക്ഷനാണ് ശനിയാഴ്ച നടന്നത്. ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളായ ഗബ്രി ജോസ് ആണ് പുറത്തായത്. ഒന്‍പത് മത്സരാര്‍ഥികള്‍ ഉള്‍പ്പെട്ട നോമിനേഷന്‍ ലിസ്റ്റില്‍ നിന്നാണ് ഗബ്രി പുറത്തായിരിക്കുന്നത്. ജാസ്മിന്‍, ഋഷി, അന്‍സിബ എന്നിവര്‍ സേഫ് ആയപ്പോള്‍ അവശേഷിക്കുന്ന മറ്റ് അഞ്ച് പേരുടെ പ്രേക്ഷകവിധി ഞായറാഴ്ച പ്രഖ്യാപിക്കും.

അവിശ്വസനീയതയോടെയാണ് സഹമത്സരാര്‍ഥികള്‍ സീസണ്‍ 6 ലെ ശ്രദ്ധേയനായ ഗബ്രിയുടെ പുറത്താവല്‍ വിവരം ഉള്‍ക്കൊണ്ടത്. കൂട്ടത്തില്‍ ഏറ്റവും സങ്കടപ്പെട്ടത് ജാസ്മിന്‍ ആയിരുന്നു. കഴിഞ്ഞ പവര്‍ ടീമിലെ അംഗമായിരുന്ന ഗബ്രി സ്വന്തം തീരുമാനപ്രകാരം ടീമിന് പുറത്തേക്ക് എത്തുകയായിരുന്നു. പവര്‍ ടീം ഉടച്ചുവാര്‍ക്കാനായി രണ്ട് പേര്‍ പുറത്തുപോവണമെന്ന് ബിഗ് ബോസ് ആവശ്യപ്പെട്ടതിന്‍പ്രകാരമായിരുന്നു അത്. ഈ തീരുമാനമാണ് ഗബ്രിയെ നോമിനേഷനിലേക്ക് എത്തിച്ചതും അവസാനം പുറത്താവലിലേക്ക് നയിച്ചതും. ഹൗസില്‍ നിന്ന് വേദിയിലെത്തിയപ്പോള്‍ മോഹന്‍ലാല്‍ ചോദിച്ച പ്രധാന ചോദ്യവും അതായിരുന്നു. ആ തീരുമാനം തെറ്റായിപ്പോയി എന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ എന്ന്.

എന്നാല്‍ തനിക്ക് അങ്ങനെ തോന്നുന്നില്ലെന്നായിരുന്നു ഗബ്രിയുടെ ഉറച്ച മറുപടി. ഗെയിം കളിക്കുമ്പോള്‍ പരമാവധി മുന്നോട്ട് പോവാനല്ലേ നോക്കേണ്ടതെന്നും മോഹന്‍ലാല്‍ ചോദിച്ചു. എന്നാല്‍ ഈയാഴ്ച അല്ലെങ്കില്‍ അടുത്തയാഴ്ച താന്‍ നോമിനേഷനില്‍ വരുമെന്നും ജനവിധി തേടേണ്ടിവരുമെന്നും ഗബ്രി പറഞ്ഞു. ഒരാഴ്ച കൊണ്ട് ഗെയിം മാറില്ലേ എന്ന് മോഹന്‍ലാല്‍ ഓര്‍മ്മിപ്പിച്ചു. ഒരുപക്ഷേ എടുത്തുചാടിയുള്ള ഒരു തീരുമാനമായിരുന്നു പവര്‍ റൂമില്‍ നിന്ന് പുറത്തിറങ്ങാനുള്ളതെന്ന് ഗബ്രി അവസാനം പറഞ്ഞു. കുറച്ചുകൂടി ആലോചിച്ച് എടുക്കേണ്ടിയിരുന്ന ഒന്നായിരുന്നു അതെന്നും. അതേസമയം താന്‍ സന്തോഷത്തോടെയാണ് ബിഗ് ബോസില്‍ നിന്ന് ഇറങ്ങുന്നതെന്നും ഗബ്രി പറഞ്ഞു. പുറത്തുനിന്ന് കാണുന്നതുപോലെയല്ല ബിഗ് ബോസിന് ഉള്ളിലെ സാഹചര്യമെന്നും തന്നെക്കുറിച്ചുതന്നെ പല കാര്യങ്ങളും പുതുതായി പഠിച്ചെന്നും ഗബ്രി മോഹന്‍ലാലിനോട് പറഞ്ഞു. അതേസമയം ബിഗ് ബോസ് സീസണ്‍ 6 ആവേശകരമായ ഒന്‍പതാം വാരത്തിലേക്ക് കടക്കുകയാണ്.

ALSO READ : രണ്ട് കുടുംബങ്ങളുടെ കഥ? 'സാന്ത്വനം 2' വരുന്നു, ആകാംക്ഷയോടെ പ്രേക്ഷകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!