തമിഴില്‍ പാണ്ഡ്യന്‍ സ്റ്റോഴ്‌സ് എന്ന പേരില്‍ സംപ്രേഷണം ചെയ്യുന്ന പരമ്പരയുടെ മലയാളം റീമേക്ക് ആയിരുന്നു സാന്ത്വനം

പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയ പരമ്പരയാണ് സാന്ത്വനം. മലയാളി പ്രേക്ഷകരെ മിനിസ്‌ക്രീനിലേക്ക് അടുപ്പിച്ച പരമ്പര അവസാനിച്ച് മൂന്ന് മാസമാകുമ്പോള്‍, പ്രേക്ഷകര്‍ക്ക് സര്‍പ്രൈസുമായി എത്തിയിരിക്കുകയാണ് ഏഷ്യാനെറ്റ്. രണ്ടാംഭാഗം ഉടനെയെന്നാണ് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ച വീഡിയോയിലുള്ളത്. രണ്ടാംഭാഗം എന്നതിന്റെ യാതൊരു സൂചനയും ഇതുവരേയും ആരുടേയും ഭാഗത്തുനിന്നും കേള്‍ക്കാതെ പെട്ടന്ന് കേട്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. കഴിഞ്ഞമാസം സാന്ത്വനം താരങ്ങളെല്ലാം ഒത്തുകൂടിയ വാര്‍ത്തയും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലും മറ്റും വൈറലായിരുന്നെങ്കിലും ഇങ്ങനൊരു ട്വിസ്റ്റ് ആരും പ്രതീക്ഷിച്ചിരുന്നില്ല.

കുടുംബബന്ധങ്ങളും പ്രണയവും സെന്റിമെന്‍സുമെല്ലാമായി മിനിസ്‌ക്രീനിലെ സൂപ്പന്‍ ഹിറ്റ് ആയിരുന്നു സാന്ത്വനം. എന്നാല്‍ സംവിധായകന്‍ ആദിത്യന്റെ വിയോഗത്തോടെ പരമ്പര പെട്ടന്നുതന്നെ നിര്‍ത്തുകയായിരുന്നു. തമിഴില്‍ പാണ്ഡ്യന്‍ സ്റ്റോഴ്‌സ് എന്ന പേരില്‍ സംപ്രേഷണം ചെയ്യുന്ന പരമ്പരയുടെ മലയാളം റീമേക്കാണ് സാന്ത്വനം. രണ്ടാം ഭാഗം വരുന്നു എന്നറിഞ്ഞതോടെ സോഷ്യല്‍ മീഡിയയിലെല്ലാം അതിന്റെ ചര്‍ച്ചകളാണ്. ആരായിരിക്കും സംവിധാനം എന്നുതുടങ്ങി പഴയ ആളുകളെല്ലാം ഉണ്ടാകുമോ, ശിവാഞ്ജലി എങ്ങനെയിരിക്കും എന്നെല്ലാമുള്ള ചര്‍ച്ചകള്‍ എങ്ങും തകൃതിയാണ്.

സാന്ത്വനം 2. 'പുറമേ അകന്നും അകമേ അടുത്തും' ഉടന്‍ വരുന്നു. എന്ന് മാത്രമാണ് വീഡിയോയിലുള്ളത്. പറയാന്‍ പോകുന്നത് രണ്ട് കുടുംബത്തിന്റെ കഥയാണെന്ന സൂചനയും വീഡിയോ നല്‍കുന്നുണ്ട്. പ്രൊമോ വീഡിയോയിലെ കാരിക്കേച്ചറിലുള്ളവരെ ഡീകോഡ് ചെയ്യാനും ആരാധകര്‍ ശ്രമിക്കുന്നുണ്ട്. കൂടാതെ പരമ്പരയിലെ പ്രധാന വേഷമായിരുന്ന ജയന്തിയെ അവതരിപ്പിക്കുന്ന അപ്‌സര ഇപ്പോള്‍ ബിഗ്‌ബോസ് വീട്ടിലാണുള്ളത്. ആ ജയന്തി എന്തെങ്കിലും അറിഞ്ഞോ ആവോ എന്നുള്ള തമാശ വാക്കുകളും ആരാധകര്‍ വീഡിയോയ്ക്ക് താഴെ കമന്റായി ഇടുന്നുണ്ട്.

ALSO READ : പ്രചരിച്ച റിപ്പോര്‍ട്ടുകള്‍ ശരിയോ? 'നടികര്‍' ആദ്യ ദിനം എത്ര നേടി? ഔദ്യോ​ഗിക കളക്ഷനുമായി നിര്‍മ്മാതാക്കള്‍

#Santhwanam2Promo സാന്ത്വനം 2 ഉടൻ വരുന്നു നമ്മുടെ ഏഷ്യാനെറ്റിൽ