
പുറംലോകവുമായി ബന്ധമില്ലാതെ അപരിചിതരായ സഹമത്സരാര്‍ഥികള്‍ക്കൊപ്പം 14 ആഴ്ചകള്‍ കഴിയുക എന്നത് മാത്രമല്ല ബിഗ് ബോസില്‍ ഒരു മത്സരാര്‍ഥിക്ക് മുന്നിലുള്ള വെല്ലുവിളി. അതിനൊപ്പം ബിഗ് ബോസ് മുന്നോട്ടുവെക്കുന്ന ടാസ്കുകളിലും ഗെയിമുകളിലുമൊക്കെ മികവ് തെളിയിക്കുകയും വേണം. ഷോ അന്തിമഘട്ടത്തിലേക്ക് എത്തുമ്പോള്‍ ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്ക് മുന്നിലേക്ക് വെക്കുന്ന ഒരു പ്രലോഭനമാണ് മണി ബാഗ്. നിശ്ചിത തുക അടങ്ങിയ പണപ്പെട്ടിയാണ് ഇത്. എന്നാല്‍ ഇത് എടുക്കുന്നപക്ഷം മത്സരത്തില്‍ തുടരാന്‍ സാധിക്കില്ല.
ബിഗ് ബോസ് മലയാളം സീസണുകളുടെ ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞ വര്‍ഷമാണ് ഒരു മത്സരാര്‍ഥി പണപ്പെട്ടി സ്വീകരിച്ചത്. നാദിറ മെഹ്റിന്‍ ആയിരുന്നു അത്. ഏഴര ലക്ഷം രൂപയുമായാണ് നാദിറ പോയത്. ഇത്തവണ പണപ്പെട്ടി ടാസ്ക് വരുന്നതിന് മുന്‍പ് പല മത്സരാര്‍ഥികള്‍ക്കിടയിലും ചൂടേറിയ ചര്‍ച്ചാവിഷയമായിരുന്നു അത്. ടാസ്ക് തുടങ്ങി അല്‍പ്പസമയത്തിനകം സായ് കൃഷ്ണന്‍ പണപ്പെട്ടിയുമായി പോവുകയും ചെയ്തു. അഞ്ച് ലക്ഷം രൂപയുടെ, ബിഗ് ബോസ് ആദ്യമായി അവതരിപ്പിച്ച പണപ്പെട്ടി തന്നെ സായ് എടുത്തു. അങ്ങനെ ഷോയില്‍ നിന്ന് പുറത്താവുകയും ചെയ്തു.
ഇതേക്കുറിച്ച് ഇന്നത്തെ എപ്പിസോഡില്‍ മോഹന്‍ലാല്‍ മത്സരാര്‍ഥികളോട് സംവദിക്കുന്നുണ്ട്. മണി ബാഗില്‍ എത്ര രൂപ വരെ വെക്കാനായിരുന്നു ബിഗ് ബോസിന്‍റെ പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. 20 ലക്ഷം രൂപ വരെ വെക്കാനാണ് തങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നതെന്ന് മോഹന്‍ലാല്‍ പറയുന്നു. അതേസമയം സായ് പണപ്പെട്ടി എടുക്കുമെന്ന് മറ്റൊരു മത്സരാര്‍ഥിക്കും അറിയാമായിരുന്നുവെന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്. ആരെക്കുറിച്ചാണ് മോഹന്‍ലാല്‍ പറയുന്നതെന്ന് ഇന്നത്തെ എപ്പിസോഡില്‍ കാണാം. അതേസമയം സായിയുടെ തീരുമാനത്തോട് തങ്ങള്‍ക്ക് യോജിപ്പില്ലെന്നാണ് ഭൂരിഭാഗം മത്സരാര്‍ഥികളും മോഹന്‍ലാലിനോട് പറയുന്നത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ