
ബിഗ് ബോസ് മലയാളം സീസൺ 8 ലെ മൽസരാർത്ഥികളിൽ ഒരാളാണ് റിനി ആൻ ജോർജ്. സമീപകാല കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ വ്യക്തിയാണ് റിനി. കോൺഗ്രസ് എംഎൽഎ ആയിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യമായി റിനി നടത്തിയ തുറന്നുപറച്ചിൽ കേരള രാഷ്ട്രീയത്തിൽ വലിയ രീതിയിൽ ചർച്ചയായി. പിന്നീട് രാഹുൽ മാങ്കൂട്ടത്തിൽ രാജി വെക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ബിഗ് ബോസിൽ പോകുന്നതിനു മുൻപുള്ള റിനിയുടെ ഒരഭിമുഖവും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ബിഗ് ബോസ് എന്ന പരിപാടിയോട് തനിക്ക് ഒട്ടും താൽപര്യമില്ല എന്നാണ് റിനി അഭിമുഖത്തിൽ പറയുന്നത്.
"ബിഗ് ബോസ് എനിക്ക് തീരെ ഇഷ്ടമുള്ള ഒന്നല്ല. സത്യത്തിൽ ആരുടെയെങ്കിലും വീട്ടിലേക്ക് ഒളിഞ്ഞുനോക്കുന്ന പരിപാടിയാണല്ലോ അത്. എനിക്ക് അത്തരം കാര്യങ്ങളോട് താല്പര്യമില്ല. മറ്റുള്ളവരെക്കുറിച്ച് പരദൂഷണം പറയാനും ഇഷ്ടമല്ല, ഞാൻ ആരെക്കുറിച്ചും അങ്ങനെ പറയാറുമില്ല", എന്നായിരുന്നു റിനിയുടെ പ്രതികരണം. ഇങ്ങനെയൊക്കെ പറയുന്ന താങ്കളെ ഭാവിയിൽ മോഹൻലാലിനൊപ്പം ബിഗ് ബോസ് വേദിയിൽ കാണാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് "അറിയില്ല, അവർ വിളിച്ചാൽ ഞാൻ പോവുമോ എന്ന് തീർത്തു പറയാനാകില്ല. ചിലപ്പോൾ മറ്റു പല കാരണങ്ങൾ കൊണ്ടു പോയേക്കാം", എന്നായിരുന്നു റിനിയുടെ മറുപടി.
ഒരു മാധ്യമ പ്രവര്‍ത്തക കൂടിയാണ് റിനി ആന്‍ ജോര്‍ജ്. യൂണിവേഴ്‌സിറ്റി ഓഫ് മദ്രാസില്‍ നിന്ന് ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദമെടുത്ത റിനി, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ ഇന്റേണ്‍ ആയാണ് ജോലി ആരംഭിച്ചത്. തുടര്‍ന്ന് 2017ല്‍ ഒരു ഓണ്‍ലൈന്‍ സ്ഥാപനത്തിലൂടെ ജോലിയില്‍ കയറി. പിന്നീട് പല പ്രമുഖ ചാനലുകളിലും ജോലി ചെയ്ത റിനി ആൻ ജോർജ്, അവതാരകയായും തിളങ്ങിയിട്ടുണ്ട്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ