
ബിഗ്ബോസ് മലയാളം സീസൺ 7 ലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളിലെ ഒരാളായിരുന്നു നടൻ ജിഷിന്‍ മോഹന്‍. ഷോയിൽ അധികം ദിവസങ്ങൾ പൂർത്തിയാകുന്നതിനു മുൻപേ ജിഷിൻ എവിക്ട് ആകുകയും ചെയ്തിരുന്നു. ഇപ്പോളിതാ ബിഗ്ബോസിലേക്കുള്ള വരവിനെക്കുറിച്ചും ബിഗ്ബോസ് അനുഭവങ്ങളെക്കുറിച്ചും എവിക്ഷനെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ജിഷിൻ. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
''നാൽപതിന് മുകളിൽ സീരിയലുകൾ ചെയ്തിട്ടുണ്ട്. നിരവധി ഷോകളും ചെയ്തിട്ടുണ്ട്. അതിൽ ഏറ്റവും മെയിനായ ഒന്നായിരുന്നു ബിഗ് ബോസ് ഷോ. അഞ്ചാം സീസണിൽ ഞാൻ ഇൻ്റർവ്യൂവിന് പോയിരുന്നു. പക്ഷേ സെലക്ട് ചെയ്തില്ല. കിട്ടാത്തതുകൊണ്ട് ദേഷ്യം വന്ന് ആ സീസൺ ഞാൻ കണ്ടില്ല. അന്ന് ഞാൻ അൽപം ബാഡ് സിറ്റുവേഷനിലും ആയിരുന്നു. ലഹരി ഉപയോഗിക്കുന്ന സമയമായിരുന്നു. പിന്നീട് അതിൽ നിന്നെല്ലാം തിരിച്ച് വന്നപ്പോൾ ബിഗ് ബോസിലേക്ക് എൻട്രി കിട്ടി.
സീസൺ ഏഴിലേക്ക് അവസരം കിട്ടിയപ്പോൾ കന്യാദാനം സീരിയൽ ചെയ്യുന്ന സമയമായിരുന്നു. സീരിയൽ റൈറ്ററോട് പറഞ്ഞ് എന്റെ കഥാപാത്രം ദുബായിലേക്ക് പോകുന്നത് പോലെ മാറ്റിയിട്ടാണ് ബിഗ് ബോസിലേക്ക് പോയത്. അൺഫെയർ എവിക്ഷനായിരുന്നു എന്റേതെന്ന് പറയാൻ പറ്റില്ല. ഏഷ്യാനെറ്റിനോ ബിഗ് ബോസ് ക്രൂവിനോ ഒന്നും ചെയ്യാൻ പറ്റില്ല. എല്ലാം വോട്ടിങ് അടിസ്ഥാനപ്പെടുത്തിയാണ്.
എന്നെയും പിആർ കോൺടാക്ട് ചെയ്തിരുന്നു. ഒരു മാസം തൊണ്ണൂറായിരം രൂപയാണ് ചോദിച്ചത്. വെറുതെ ഒരു സപ്പോർട്ട് മാത്രമല്ല. അതിന് അപ്പുറമുള്ള കളികൾ പിആർ വഴി നടക്കുന്നുണ്ട്. വോട്ട് മറിക്കുന്നുണ്ട്. ഭൂരിഭാഗം പേരും പിആർ കൊടുത്തിട്ടാണ് വന്നത്. എന്റെ പിആർ അമേയ മാത്രമായിരുന്നു'', ജിഷിൻ അഭിമുഖത്തിൽ പറഞ്ഞു.