'സർവം മായ' സിനിമയിലെ 'പുതുമഴ വീണ പോലൊരാൾ അരികിൽ ഇരുന്ന രാത്രിയിൽ' എന്ന പാട്ടാണ് ഇവർ റീക്രിയേറ്റ് ചെയ്തിരിക്കുന്നത്.

ബിഗ് ബോസ് മലയാളം സീസൺ 7ലെ ശ്രദ്ധിക്കപ്പെട്ട മൽസരാർത്ഥികളിൽ രണ്ടുപേരായിരുന്നു വേദലക്ഷ്മിയും ഷാനവാസും. ഹൗസിനുള്ളിൽ വെച്ച് ഇരുവരും തമ്മിൽ വലിയ വാക്കുതർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. അനീഷും ഷാനവാസും ബിബി ഹൗസ് ജയിലിൽ കിടക്കുന്ന സമയം ബിന്നിയുടെ ദേഹത്ത് ഷാനവാസ് അരിപ്പൊടി എറിഞ്ഞെന്ന് പറഞ്ഞ് വലിയ വാക്പോരാണ് നടന്നത്. ഇവിടെ ലക്ഷ്മിക്ക് നേരെ ഷാനവാസ് ഉപയോഗിച്ച വാക്കുകൾ ശരിയായില്ല എന്ന വിമർശനം ശക്തമായിരുന്നു. എന്നാൽ പുറത്തിറങ്ങിയതിനു ശേഷം തങ്ങൾ നല്ല സുഹൃത്തുക്കളാണെന്ന് ലക്ഷ്മി പറഞ്ഞിരുന്നു.

ഇപ്പോഴിതാ ലക്ഷ്മിയും ഷാനവാസും ഒന്നിച്ചെത്തിയ ഒരു വീഡിയോയും സൈബറിടങ്ങളിൽ തരംഗമാകുകയാണ്. 'സർവം മായ' സിനിമയിലെ 'പുതുമഴ വീണ പോലൊരാൾ അരികിൽ ഇരുന്ന രാത്രിയിൽ' എന്ന പാട്ടാണ് ഇവർ റീക്രിയേറ്റ് ചെയ്‍തിരിക്കുന്നത്. റീക്രിയേഷൻ വീഡിയോയ്ക്കു വേണ്ടി ലക്ഷ്‍മി തന്നെയാണ് ഈ പാട്ട് പാടിയിരിക്കുന്നതും. ഒരുപാട് കാത്തിരിപ്പുകൾക്ക് ശേഷം ഞങ്ങൾ തിരിച്ചെത്തി എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്‍തിരിക്കുന്നത്.

View post on Instagram

നിരവധിയാളുകൾ വീഡിയോയ്ക്കു താഴെ മികച്ച അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്. ''ഷാനവാസ്-സ്വാസിക കോമ്പോയ്ക്കു ശേഷം ഇത്ര നല്ലൊരു കോമ്പോ കണ്ടിട്ടില്ല'' എന്നാണ് ഒരു കമന്റ്. ''തമ്പുരാനും തമ്പുരാട്ടിയും തിരിച്ചെത്തിയല്ലോ'', എന്നും മറ്റൊരാൾ കമന്റ് ചെയ്തിട്ടുണ്ട്. ''എത്ര ലേറ്റ് ആയാലും കുഴപ്പം ഇല്ല ഞങൾ കാത്തിരുന്നിട്ടു ഇത്രയും മനസ്സ് നിറയുന്ന വീഡിയോ ലഭിച്ചില്ലേ ഒരുപാട് സന്തോഷം'', എന്നും മറ്റൊരു ആരാധകൻ കുറിച്ചു.

ബിഗ് ബോസ് മലയാളം ഷോ സീസൺ 7ൽ വൈൽഡ് കാർഡ് എൻട്രിയായെത്തിയ ആളാണ് നടിയും മോഡലും ഇൻഫ്ളുവൻസറുമായ വേദലക്ഷ്‍മി. മുൻ ബിഗ് ബോസ് മലയാളം വിന്നറായ അഖിൽ മാരാർ നായകനായി എത്തിയ മിഡ്‌നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തും ലക്ഷ്മി അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ടെലിവിഷൻ പരമ്പരകളിലൂടെ നിരവധി പ്രേക്ഷകരുടെ ഇഷ്ടം നേടിയയാളാണ് ഷാനവാസ്.