
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ പത്താം വാരം അവസാനിക്കാനിരിക്കെ മത്സരാവേശം മുറുകുകയാണ്. 11 മത്സരാര്‍ഥികളാണ് നിലവില്‍ അവശേഷിക്കുന്നത്. ടോപ്പ് 5 ല്‍ എത്തുമ്പോഴേക്ക് ഇവരില്‍ ആറ് പേര്‍ കൂടി പുറത്താവും. അവസാന അഞ്ചില്‍ ഇടംപിടിക്കാനുള്ള കഠിന പ്രയത്നത്തിലാണ് മത്സരാര്‍ഥികള്‍ എല്ലാവരും തന്നെ. അതിനാല്‍ത്തന്നെ ലഭിക്കുന്ന അവസരങ്ങളെല്ലാം എല്ലാവരും ഉപയോഗപ്പെടുത്തുന്നുണ്ട്. കോടതി ടാസ്കിനാല്‍ മുഖരിതമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ബിഗ് ബോസ് വീട്. അതിനു ശേഷം ജയിലില്‍ പോവാനുള്ളവരെ തെരഞ്ഞെടുത്തതിന് ശേഷവും വാദപ്രതിവാദങ്ങളിലായിരുന്നു ചില മത്സരാര്‍ഥികള്‍.
എപ്പോഴും ശത്രുപക്ഷത്തുള്ള അഖില്‍ മാരാരും ജുനൈസുമാണ് ഇത്തവണ ജയിലില്‍. ജയിലിലേക്ക് കയറിയപ്പോള്‍ത്തന്നെ ഇരുവരും തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങള്‍ പ്രകടിപ്പിക്കാനും ആരംഭിച്ചു. പുരോഗമനവാദം പറയുന്ന ജുനൈസ് സാഗറിനും നാദിറയ്ക്കുമിടയിലുള്ള അടുപ്പത്തോട് നെഗറ്റീവ് ആയാണ് പ്രതികരിച്ചതെന്ന് അഖില്‍ പറഞ്ഞു. കോടതി ടാസ്കില്‍ നാദിറ ജുനൈസിനെതിരെ സമാന പരാതിയില്‍ കേസും കൊടുത്തിരുന്നു. ഇത് നിങ്ങള്‍ കേട്ടിരുന്നോ എന്ന ജുനൈസിന്‍റെ ചോദ്യത്തിന് അത് നാദിറ തന്നെ പറഞ്ഞില്ലേ എന്നായിരുന്നു അഖിലിന്‍റെ മറുചോദ്യം.
ആ സമയത്ത് ജയിലിന് മുന്നിലെത്തിയ നാദിറയും ഇക്കാര്യത്തില്‍ പ്രതികരിച്ചു- "പുറത്ത് പോയാല്‍ നെഗറ്റീവ് ആകുമെന്നും സാഗറിന് കുടുംബം ഉണ്ടെന്നുമാണ് ജുനൈസ് പറഞ്ഞത്. അപ്പോള്‍ എനിക്ക് കുടുംബമില്ലേ? ഇവിടുത്തെ ഏറ്റവും വലിയ സദാചാരവാദി ജുനൈസ് ആണ്. ഇവിടെ ഏറ്റവും കൂടുതല്‍ എന്‍റെ പ്രണയത്തെ മോശമായി ചിത്രീകരിച്ചത് ടോക്സിക് ആയിട്ടുള്ള സദാചാര ഗുണ്ടയും സദാചാര ആക്രമണം നടത്തുന്നയാളും പുരോഗമന കേരളത്തിന് അപമാനവുമായ ജുനൈസ് ആണ്", അല്‍പം തമാശയുടെ സ്വരത്തിലാണെങ്കിലും ഗൌരവം ചോരാതെ നാദിറ പറഞ്ഞു. പുറത്ത് ഒരു നെഗറ്റീവ് വന്നേക്കാം രണ്ട് പേര്‍ക്കും എന്നാണ് ഞാന്‍ പറഞ്ഞതെന്നായിരുന്നു ജുനൈസിന്‍റെ പ്രതികരണം. എന്നാല്‍ രണ്ട് പേര്‍ക്കുമെന്ന് ചോദ്യം ചെയ്തപ്പോള്‍ മാത്രമാണ് ജുനൈസ് പറഞ്ഞതെന്നും അതുവരെ സാഗറിന്‍റെ കുടുംബം, സാഗറിന്‍റെ ഭാവി, സാഗറിന്‍റെ കരിയര്‍ ഇങ്ങനെയാണ് പറഞ്ഞിരുന്നതെന്നും നാദിറ പറഞ്ഞു.
പിന്നീട് വീടിനകത്ത് ഷിജുവിന്‍റെ സാന്നിധ്യത്തില്‍ സെറീനയോടും നാദിറ ഇക്കാര്യം പറഞ്ഞു- "അങ്ങനെ ഒരു പ്രണയം സംഭവിക്കുമ്പോള്‍ സമൂഹത്തില്‍ ഭാവിയില്‍ ഒത്തിരി മാറ്റങ്ങള്‍ സംഭവിച്ചേക്കാം. അങ്ങനെ സംസാരിക്കേണ്ട ജുനൈസ് ഈ വിഷയത്തില്‍ ഇടപെട്ട രീതി ഒന്ന് ആലോചിച്ച് നോക്കിയേ. നമുക്ക് (ട്രാന്‍സ് സമൂഹത്തിന്) പ്രണയിക്കാന്‍ അവകാശമില്ലേയെന്ന് തോന്നിപ്പോകുന്ന നിമിഷത്തിലേക്ക് ഞാന്‍ എത്തുന്നു ഇപ്പോള്‍", നാദിറ പറഞ്ഞുനിര്‍ത്തി.
ALSO READ : ബിഗ് ബോസ് ടോപ്പ് 5 ല്‍ ആരൊക്കെ വരും? റിയാസിന്‍റെ മറുപടി
WATCH VIDEO : മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി അഭിമുഖം
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ