മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയുമായി റിയാസ്

ബിഗ് ബോസ് മലയാളം ഇതുവരെയുള്ള സീസണുകളിലെ ശ്രദ്ധേയ മത്സരാര്‍ഥികളുടെ ലിസ്റ്റ് എടുത്താല്‍ അതില്‍ ഉറപ്പായും ഇടംപിടിക്കുന്ന ആളാണ് റിയാസ് സലിം. നാലാം സീസണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ റിയാസ് ലിംഗസമത്വം പോലെയുള്ള വിഷയങ്ങളില്‍ വ്യക്തമായ കാഴ്ചപ്പാടുകള്‍ ബിഗ് ബോസില്‍ അവതരിപ്പിച്ച വ്യക്തിയാണ്. നിലവിലെ സീസണ്‍ 5 ല്‍ ചലഞ്ചര്‍ ആയി എത്താനും അദ്ദേഹത്തിന് അവസരം ലഭിച്ചു. സീസണ്‍ 5 ല്‍ ആദ്യമായാണ് ബിഗ് ബോസ് മലയാളത്തില്‍ ചലഞ്ചേഴ്സ് എത്തുന്നത്. രജിത്ത് കുമാറും റോബിന്‍ രാധാകൃഷ്ണനുമാണ് ആദ്യം എത്തിയതെങ്കില്‍ റിയാസ് സലിമും ഫിറോസ് ഖാനുമാണ് ഈ വാരം എത്തിയത്. മൂന്ന് ദിനങ്ങള്‍ ബിഗ് ബോസ് ഹൌസില്‍ ചെലവഴിച്ച ശേഷം ഇരുവരും മടങ്ങുകയും ചെയ്തു. ഈ സീസണിന്‍റെ ടോപ്പ് 5 ല്‍ ആരൊക്കെ എത്തുമെന്ന ചോദ്യത്തിന് റിയാസ് പറഞ്ഞ മറുപടിയാണ് ഇത്. സീസണ്‍ 5 വേദിയായ മുംബൈയില്‍ നിന്നും കൊച്ചിയില്‍ വിമാനമിറങ്ങിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 

"അഖില്‍ മാരാര്‍ ഒരു ഗെയിമര്‍ ആണെന്ന് നിങ്ങള്‍ക്കെല്ലാം തോന്നുന്നുണ്ടെങ്കില്‍ പുള്ളിക്കാരന്‍ ടോപ്പ് 5 ല്‍ ഉണ്ടാവാം. ഞാന്‍ അവിടെ പോയിട്ട് ഏറ്റവുമധികം സമയം ചെലവഴിച്ചത് ജുനൈസും സെറീനയുമായിട്ടാണ്. അവര്‍ രണ്ടുപേരും നല്ല വ്യക്തികളാണെന്ന് എനിക്ക് മനസിലായി. അതുപോലെതന്നെ നാദിറ മെഹ്‍റിന്‍. അവരൊക്കെ വരട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്‍റെ പ്രവചനം ഞാന്‍ പറയുന്നില്ല. ഞാന്‍ ആരെ പിന്തുണയ്ക്കുന്നു എന്നും പറയുന്നില്ല. കാരണം ഇത് കാണുന്ന മനുഷ്യര്‍ക്ക് നിങ്ങള്‍ക്ക് ഇഷ്ടമാവുന്ന, ശരിയായി ഗെയിം കളിക്കുന്ന നല്ല വ്യക്തികളാണെന്ന് തോന്നുന്ന ആളുകള്‍ക്ക് വോട്ട് ചെയ്യുക. അതുകൊണ്ട് ഈയൊരു സമയത്ത് എന്‍റെ പിന്തുണ ഞാന്‍ ആര്‍ക്കും കൊടുക്കുന്നില്ല", റിയാസ് സലിം പറയുന്നു.

ALSO READ : 'ബിഗ് ബോസില്‍ നിന്ന് വിളിച്ചപ്പോള്‍ പറഞ്ഞത് ഒരേയൊരു കാര്യം മാത്രം'; മത്സരാര്‍ഥികളോട് റിയാസ് സലിം

WATCH VIDEO : മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി അഭിമുഖം

മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി|Sruthi Lakshmi