
ബിഗ് ബോസ് കന്നഡ സീസണ്‍ 12 ന് ആവേശകരമായ അന്ത്യം. സീസണിലെ ജനപ്രിയ മത്സരാര്‍ഥി ആയിരുന്ന ഗില്ലി നടയാണ് ഇക്കുറി കപ്പ് ഉയര്‍ത്തിയത്. വിജയിക്കുള്ള പ്രൈസ് മണിയില്‍ മലയാളവും തമിഴും അടക്കമുള്ള മറുഭാഷാ ബിഗ് ബോസ് സീസണുകളെ കടത്തിവെട്ടി ഇത്തവണത്തെ കന്നഡ ബിഗ് ബോസ്. 50 ലക്ഷം ആയിരുന്നു ബിഗ് ബോസ് നിശ്ചയിച്ചിരുന്ന ടൈറ്റില്‍ വിജയിക്കുള്ള തുകയെങ്കിലും അവതാരകനായ കിച്ച സുദീപ് സമ്മാനിക്കുന്ന 10 ലക്ഷം രൂപയും വിജയിയായ ഗില്ലി നടയ്ക്ക് ലഭിക്കും. അങ്ങനെ ആകെ 60 ലക്ഷം രൂപ. ഒപ്പം മാരുതി സുസൂക്കിയുടെ ഇന്‍വിക്റ്റോ എസ്‍യുവി കാറും വിജയിക്ക് ലഭിക്കും.
ഫിനാലെയോട് അടുപ്പിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നടത്തിയ ഓഡിയന്‍സ് പോളുകളിലൊക്കെ ഒന്നാമത് എത്തിയത് ഗില്ലി നട തന്നെ ആയിരുന്നു. നര്‍മ്മം കണ്ടെത്താനും അത് മികച്ച രീതിയില്‍ അവതരിപ്പിക്കാനുമുള്ള കഴിവാണ് ഗില്ലി നടയെ മറ്റ് മത്സരാര്‍ഥികളില്‍ നിന്ന് വേറിട്ട് നിര്‍ത്തിയത്. നര്‍മ്മത്തിനൊപ്പം ഹൗസിലെ ഊര്‍ജ്ജസ്വലമായ സാന്നിധ്യവുമായിരുന്നു അദ്ദേഹം. കാര്യങ്ങള്‍ എപ്പോഴും വെട്ടിത്തുറന്ന് പറയുന്ന, അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങളില്‍ അപ്പപ്പോള്‍ പ്രതികരിക്കുന്ന ഗില്ലി നട സ്വാഭാവികമായും മത്സരാര്‍ഥികള്‍ക്കിടയിലുള്ള ചര്‍ച്ചകളില്‍ എപ്പോഴും കേന്ദ്ര സ്ഥാനത്ത് നിന്നു.
രക്ഷിത ഷെട്ടിയാണ് ഫസ്റ്റ് റണ്ണര്‍ അപ്പ്. 20 ലക്ഷമാണ് രക്ഷിതയ്ക്ക് ലഭിക്കുക. രക്ഷിത ഷെട്ടിയുടെ ആദ്യ ടെലിവിഷന്‍ ഷോയുമാണ് ഇത്. വലിയ നേട്ടമാണ് രക്ഷിതയുടേതെന്ന് ഫിനാലെ വേദിയില്‍ കിച്ച സുദീപ് അഭിനന്ദിച്ചു. അശ്വിനി ഗൗഡയാണ് സെക്കന്‍ഡ് റണ്ണര്‍ അപ്പ്. 7 ലക്ഷമാണ് രണ്ടാം റണ്ണര്‍ അപ്പിന് ലഭിക്കുക. മൂന്ന് വനിതാ മത്സരാര്‍ഥികള്‍ ഗ്രാന്‍ഡ് ഫിനാലെയിലേക്ക് എത്തി എന്ന പ്രത്യേകതയും കന്നഡ സീസണ്‍ 2 ന് ഉണ്ടായിരുന്നു. കന്നഡ ബിഗ് ബോസിന്‍റെ ചരിത്രത്തില്‍ ഏറ്റവും പ്രേക്ഷകസ്വാധീനമുണ്ടാക്കാനായ സീസണുകളില്‍ ഒന്നായിരുന്നു ഇത്.
സെപ്റ്റംബര്‍ 28 ന് ആരംഭിച്ച ബിഗ് ബോസ് കന്നഡ സീസണ്‍ 12 112 ദിവസം നീണ്ടുനിന്നു. ആകെ 22 മത്സരാര്‍ഥികളാണ് പങ്കെടുത്തത്. രണ്ട് പേര്‍ അതിഥികളായും എത്തി. രാഘവേന്ദ്രയാണ് നാലാം റണ്ണര്‍ അപ്പ്. ധനുഷിനെ അഞ്ചാം റണ്ണര്‍ അപ്പായും തെരഞ്ഞെടുത്തു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ