
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളായ ലച്ചു എന്ന ഐശ്വര്യ സുരേഷ് പുറത്തേക്ക്. ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്നാണ് ബിഗ് ബോസിന്‍റെ നിര്‍ദേശപ്രകാരം ലച്ചു ഹൗസ് വിട്ടത്. ലക്ഷ്വറി ബജറ്റ് അനുസരിച്ചുള്ള ഭക്ഷ്യവസ്തുക്കള്‍ സ്വന്തമാക്കാന്‍ ബിഗ് ബോസ് ഇന്നൊരു രസകരമായ ടാസ്ക് നല്‍കിയിരുന്നു. അതില്‍ ലച്ചുവും പങ്കെടുത്തിരുന്നു. അതിനു പിന്നാലെ ലച്ചുവിന് ഛര്‍ദ്ദിയും കഠിനമായ തലവേദനയും ഉണ്ടാവുകയായിരുന്നു. ലച്ചുവിന്‍റെ ആവശ്യപ്രകാരം മെഡിക്കല്‍ റൂം ബിഗ് ബോസ് ടീം തുറന്ന് നല്‍കി.
അവിടുത്തെ ഡോക്ടര്‍മാരുടെ പരിശോധനയ്ക്കു പിന്നാലെയാണ് ലച്ചു വീട്ടിലേക്ക് പോയി കൂടുതല്‍ ചികിത്സ തേടുന്നതാണ് നല്ലതെന്ന തീരുമാനം ബിഗ് ബോസ് സ്വീകരിച്ചത്. മെഡിക്കല്‍ റൂമില്‍ നിന്ന് ഈ തീരുമാനം അറിഞ്ഞുവന്ന ലച്ചു തന്നോട് അടുത്ത് വന്ന് ചോദിച്ചവരോട് മാത്രം ഇക്കാര്യം പറഞ്ഞു. ബിഗ് ബോസ് അത് നേരിട്ട് അറിയിക്കുമെന്നും മറ്റാരോടും പറയേണ്ടെന്നും ദേവു, ശോഭ, ഷിജു എന്നിവരോട് ലച്ചു പറഞ്ഞു. തുടര്‍ന്ന് എല്ലാവരെയും ഹാളിലേക്ക് വിളിപ്പിച്ച ശേഷം ബിഗ് ബോസ് തീരുമാനം അറിയിച്ചു. "ലച്ചുവിന്‍റെ ആരോഗ്യ കാരണങ്ങളെ തുടര്‍ന്ന് ഡോക്ടര്‍ നിര്‍ദേശിച്ചത് പ്രകാരം ഇത് ഈ ബിഗ് ബോസ് വീട്ടിലെ ലച്ചുവിന്‍റെ അവസാന ദിവസമാണ്. ലച്ചു ഒരു നല്ല മത്സരാര്‍ഥി ആയിരുന്നു. പക്ഷേ ഏതൊരു മനുഷ്യനും ആരോഗ്യമാണ് പരമപ്രധാനം. അതുകൊണ്ട് എല്ലാവരോടും യാത്ര പറഞ്ഞ് കണ്‍ഫെഷന്‍ റൂം വഴി പുറത്ത് പോകാവുന്നതാണ്", എന്നായിരുന്നു ബിഗ് ബോസിന്‍റെ പ്രഖ്യാപനം.
വൈകാരികമായാണ് മിക്ക മത്സരാര്‍ഥികളും അപ്രതീക്ഷിതമായി ബിഗ് ബോസിന്‍റെ ഭാഗത്തുനിന്നുണ്ടായ ഈ തീരുമാനത്തോട് പ്രതികരിച്ചത്. ദേവു, ശ്രുതി എന്നിവര്‍ കണ്ണീര്‍ പൊഴിക്കുന്നുണ്ടായിരുന്നു. അതേസമയം അത്രയും വയ്യാത്തതുകൊണ്ടാണ് ബിഗ് ബോസ് ഇങ്ങനെ പറഞ്ഞതെന്നും ആരോഗ്യമല്ലേ പ്രധാനമെന്നും പുറത്ത് കൂടുതല്‍ മികച്ച ചികിത്സ തേടേണ്ടതുണ്ടെന്നും സെറീന അടക്കമുള്ളവര്‍ മറ്റുള്ളവരെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. 29 ദിവസം തങ്ങളുടെ ജീവിതത്തിന്‍റെ ഭാഗമായി പ്രിയ മത്സരാര്‍ഥിയെ വേദനയോടാണ് എല്ലാവരും യാത്രയാക്കിയത്.
ALSO READ : 'അവനെ കൊന്നുകളഞ്ഞേക്ക്'; മമ്മൂട്ടിയുടെ ശബ്‍ദഗാംഭീര്യത്തില്‍ 'ഏജന്‍റ്' ട്രെയ്‍ലര്‍
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ