
ബിഗ് ബോസ് സീസൺ നാല്(Bigg Boss) വീണ്ടും കലുഷിതാവസ്ഥയിൽ എത്തുകയാണ്. കഴിഞ്ഞ ദിവസം മുതൽ ഷോയിൽ തർക്കങ്ങൾക്ക് തുടക്കമായിട്ടുണ്ട്. വൃത്തിയുടെ കാര്യം പറഞ്ഞാണ് ഇത്തവണത്തെ വാക്കുതർക്കം. ക്യാപ്റ്റൻ റൂം വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ലക്ഷ്മി പ്രിയ നിമിഷയോട് തട്ടിക്കയറിയത്.
വയ്യാതിരുന്നിട്ടും ഞാൻ ക്യാപ്റ്റൻ റൂം വൃത്തിയാക്കിയ ആളാണ്. റൂം വൃത്തിയാക്കിയോ എന്ന് നിമിഷക്ക് എന്നോട് ചോദിക്കാമല്ലോ എന്ന് ലക്ഷ്മി പ്രിയ ബ്ലെസ്ലിയോട് പറയുക ആയിരുന്നു. ഇത് കേട്ടുവന്ന നിമിഷ, "ചോദിക്കലല്ല, പണി കൊടുക്കലാണ് എന്റെ പണി. അത് ചെയ്യേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണ്. അതിന് സാധിച്ചില്ലെങ്കിൽ നിങ്ങൾ എന്നെ അറിയിക്കണം. പതിനാറ് പേരുടെയും പുറകെ നടന്ന് പണി ചെയ്തോ എന്ന് ചോദിക്കാൻ പറ്റില്ല", എന്നായിരുന്നു പറഞ്ഞത്.
"ഭാരതത്തിന്റെ പ്രധാനമന്ത്രിയല്ല. ബിഗ് ബോസിലെ ഒരാഴ്ചത്തെ ക്യാപ്റ്റൻ മാത്രമാണ് നീ. അത് മറക്കണ്ട. ഇവളെങ്ങനെ ക്യാപ്റ്റനായി. നിന്നെ കുറിച്ചൊക്കെ പലരും പറഞ്ഞത്. പുറത്തിറങ്ങുമ്പോഴെ അഭിമാനം എന്ന് പറയുന്ന സാധനം ഉണ്ടാകണം. ഇങ്ങനെ ഉള്ളവരോട് വഴക്കിട്ടാണോ ലക്ഷ്മി പ്രിയ ഇറങ്ങി പോകുന്നതെന്ന് ആരും ചോദിക്കാൻ പാടില്ല. അതുകൊണ്ടാണ് മിണ്ടാതിരിക്കുന്നത്. ക്ഷമ എന്ന രണ്ടക്ഷരം കുറച്ച് കൂടുതലുള്ളത് കൊണ്ട്. ഈ ഷോ കാണുന്ന എല്ലാവർക്കും അറിയാം, നിമിഷ എങ്ങനെയാണ് ക്യാപ്റ്റനായതെന്ന്. കണ്ടവളുമാര് പറയുന്നത് കേട്ട് വേഷം കെട്ട് കാണിക്കുകയല്ല വേണ്ടത്. ആദ്യം മര്യാദക്ക് പോയി തുണി ഉടുക്ക്. എന്നിട്ട് തുണി കഴകിയിട്", എന്നാണ് ലക്ഷ്മി പ്രിയ നിമിഷയോട് പറഞ്ഞത്. ലക്ഷ്മിയുടെ ഈ പ്രതികരണം ബിഗ് ബോസ് വീടിനകത്ത് ചർച്ചയായിട്ടുണ്ട്.
എനിക്ക് മനുഷ്യത്വമുണ്ടോ ? ലക്ഷ്മിയുടെ മുന്നിൽ പൊട്ടിക്കരഞ്ഞ് റോബിൻ
മലയാളം ബിഗ് ബോസ്(Bigg Boss) സീസൺ നാലിലെ മികച്ച മത്സരാർത്ഥികളാണ് ലക്ഷ്മി പ്രിയയും ഡോ. റോബിനും. ഇന്ന് ഇരുവരും ജയിലിലേക്ക് പോകാൻ തീരുമാനിച്ചിരുന്നുവെങ്കിലും മത്സരത്തിൽ ലക്ഷ്മി പ്രിയ ജയിച്ചതിനാൽ റോബിൻ മാത്രമാണ് ജയിലിലേക്ക് പോയത്. ജയിൽ ടാസ്ക് കഴിഞ്ഞതിന് പിന്നാലെ വളരെയധികം ഇമോഷണലായി ലക്ഷ്മിയോട് സംസാരിക്കുകയാണ് ഡോ. റോബിൻ. തനിക്ക് നല്ലരീതിയിൽ ചെയ്യാൻ സാധിക്കാത്തതിനാലും മറ്റെന്തോക്കെയോ വിഷയം റോബിനെ അലട്ടുന്നതിനാലുമാണ് ഈ കരച്ചിലെന്നാണ് പ്രേക്ഷകർ പറയുന്നത്.
ടാസ്ക് കഴിഞ്ഞതിന് പിന്നാലെ ലക്ഷ്മി പ്രിയയും ദിൽഷയും ചേർന്ന് റോബിനെ സമാധാനപ്പെടുത്താൻ ശ്രമിക്കുന്നുമുണ്ട്. ഉറങ്ങുന്നതിന് വേണ്ടിയാണ് താൻ ടാസ്ക് നല്ല രീതിയിൽ ചെയ്യാതിരുന്നതെന്നും റോബിൻ പറയുന്നുണ്ട്. പിന്നീട് ജയിലിലേക്ക് പോകാൻ നിൽക്കുന്നതിനിടെയാണ് വളരെയധികം ഇമോഷണലായ റോബിനെ പ്രേക്ഷകർ കണ്ടത്. 'ചേച്ചി ഞാനൊരു കാര്യം ചോദിക്കട്ടെ എനിക്ക് മനുഷ്യത്വം ഉണ്ടോ', എന്ന് ചോദിച്ചു കൊണ്ട് റോബിൻ കരയുകയായിരുന്നു.
ഞാൻ അങ്ങനെ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ. അങ്ങനെ ഞാൻ പറഞ്ഞിട്ടുണ്ടെങ്കിൽ സോറി. ഡോക്ടർ ഞാൻ പറയുന്നതൊന്നും കാര്യമായിട്ട് എടുക്കല്ലെ എന്ന് പറഞ്ഞുകൊണ്ട് റോബിനെ ലക്ഷ്മിപ്രിയ കെട്ടിപിടിച്ച് സമാധാനിപ്പിക്കുകയും ചെയ്തു. താൻ ആദ്യമായിട്ടാണ് ഇങ്ങനെ കരയുന്നതെന്ന് റോബിൻ പറയുന്നു. നമ്മൾ കരയുന്നത് കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത് അതിന് ഇടവരുത്തരുതെന്നും ലക്ഷ്മി പ്രിയ റോബിനോട് പറയുന്നു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ