
ഡോക്ടർ റോബിൻ ബിഗ് ബോസ്(Bigg Boss) വീട്ടിൽ നിന്നും പുറത്തുപോയതിന്റെ ബഹളങ്ങളാണ് ഇപ്പോൾ ഷോയിൽ അരങ്ങേറുന്നത്. ബിഗ് ബോസ് സാമ്രാജ്യം എന്ന് വീക്കിലി ടാസ്ക്കിലൂടെ ആരംഭിച്ച പ്രശ്നങ്ങൾ മൂന്നാം ദിവസവും അവസാനിക്കാതെ നിൽക്കുകയാണ്. വീട്ടിലെ കോലാഹലങ്ങൾക്കിടയിൽ വളരെ വികാരാധീനയായ ലക്ഷ്മി പ്രിയയെ ആണ് ഇന്ന് പ്രേക്ഷകർ കണ്ടത്. റോബിൻ പുറത്തുപോയതിലെ വിഷമമായിരുന്നു ലക്ഷ്മി പറയുന്നത്.
ലക്ഷ്മി പ്രിയയുടെ വാക്കുകൾ ഇങ്ങനെ
"അധർമ്മം ആണെന്ന് തോന്നിയിട്ടുള്ള ഒരു കാര്യവും ഞാൻ സപ്പോർട്ട് ചെയ്തിട്ടില്ല. എനിക്കും സൗഹൃദങ്ങളും സ്നേഹ കൂടുതലും ഉള്ളവരൊക്കെ ഉണ്ട്. പക്ഷേ അവർ തെറ്റ് ചെയ്താൽ പോലും അതിനെ ഞാൻ സപ്പോർട്ട് ചെയ്യില്ല. തെറ്റാണെന്ന് എന്റെ കണ്ണിൽ കണ്ടാൽ ഞാൻ തിരുത്താൻ നോക്കും. നമ്മൾ ഒരുകാര്യത്തെ സപ്പോർട്ട് ചെയ്യുമ്പോൾ അക്കാര്യം ജനങ്ങൾ കണ്ടുകൊണ്ടിരിക്കയല്ലേ. നമുക്ക് സത്യത്തിന്റെ കൂടെയല്ലേ നിൽക്കാൻ പറ്റുള്ളൂ. എന്റെ ശരി ലോകത്തിന്റെ ശരിയായിരിക്കും. അതിനൊപ്പമെ ഞാൻ നിൽക്കുള്ളൂ. റോബിൻ സുചിത്രയെ എന്തൊ പറഞ്ഞെന്ന് പറഞ്ഞപ്പോൾ അവനോട് ഞാൻ ചോദിച്ചിരുന്നു. അങ്ങനെ ഒരു വാക്ക് പറഞ്ഞോ എന്ന്. അതെന്റെ ഗെയിമാണ്. ഒരാളെ ഇമോഷണലി ഡൗൺ ആക്കുന്നതാണ് എന്റെ ഗെയിം എന്നാണ് റോബിൻ അന്ന് പറഞ്ഞത്. അങ്ങനെ ചെയ്യാൻ പാടില്ല. ഇതൊക്കെ പറയുമ്പോൾ ആളുകൾ നിന്നെ തെറ്റിദ്ധരിക്കും. ഒരിക്കലും നിന്റെ വായിൽ നിന്ന് ആ വാക്ക് വീഴരുത് എന്ന് ഞാൻ അവനോട് പറഞ്ഞു. അങ്ങനെ പറഞ്ഞതിൽ തനിക്കും വിഷമമുണ്ട്. ഇനി ഒരിക്കലും അങ്ങനെ പറയില്ലെന്നും റോബിൻ പറഞ്ഞു. അവൻ ഇവിടെ നിന്നും പോകുന്നത് വരെ ആ വാക്ക് റോബിൻ പറഞ്ഞിട്ടില്ല. നമ്മൾ അവരുടെ തെറ്റുകൾ എതിർക്കുന്നു, പക്ഷേ അവരുടെ ശരിയകളെ നമ്മൾ സപ്പോർട്ട് ചെയ്യണ്ടേ", എന്നാണ് ദിൽഷയോടും ബ്ലെസ്ലിയോടും ലക്ഷ്മി പ്രിയ ചോദിക്കുന്നത്.
"ഈ വീട്ടിൽ ഏറ്റവും കൂടുതൽ പരിഹസിക്കപ്പെട്ടതും അപഹസിക്കപ്പെട്ടതും ക്ഷമയുടെ നെല്ലിപ്പലക ഒടിഞ്ഞതും ഡോ. റോബിൻ രാധാകൃഷ്ണന്റേതാണ്. അല്ലാതെ വേറെ ആരുടേതും അല്ലെന്നും ലക്ഷ്മി പറയുന്നു. അത് ശരിയാണെന്ന് ദിൽഷയും സമ്മതിക്കുന്നുണ്ട്. പക്ഷേ ഇപ്പോൾ സംസാരിച്ച് വരുമ്പോൾ എല്ലാം റോബിന്റെ തലയിലാണെന്നും ദിൽഷ പറയുന്നു. 'ഇത് ജനം കണ്ടുകൊണ്ടിരിക്കയല്ലേ കുഞ്ഞേ. റോബിൻ എന്നെയും ധന്യയെയും ഹെർട്ട് ചെയ്തിട്ടുണ്ട്. പക്ഷേ അതൊക്കെ ഓരോരുത്തരുടെ ഗെയിം പ്ലാൻ ആണ്. പക്ഷേ റോബിൻ മിണ്ടാതിരിക്കുമ്പോൾ പോലും പട്ടിയോട് പോലും ഉപമിക്കപ്പെട്ട മനുഷ്യനാണ്. അധിക്ഷേപത്തിന്റെ മാക്സിമം കേട്ടിട്ടുള്ളത് പുള്ളിയാണ്. റോബിൻ ആയിരമാണ് ചെയ്തിട്ടുള്ളതെങ്കിൽ അമ്പത് ലക്ഷം പുള്ളിക്ക് തിരിച്ച് കിട്ടിയിട്ടുണ്ട്. എങ്ങനെ ഇങ്ങനെ മിണ്ടാതിരിക്കാൻ പറ്റുന്നുവെന്ന് ഞാൻ റോബിനോട് ചോദിച്ചിട്ടുണ്ട്. എനിക്കിതൊന്നും കേട്ടുകൊണ്ടിരിക്കാൻ പറ്റത്തില്ല. പുള്ളിയിൽ ഒരു നല്ല മനുഷ്യനുണ്ട് എന്നതിന് തെളിവാണത്. അത് മനസ്സിലാക്കിയിട്ടുള്ള ആളാണ് ഞാൻ. വേറെ ആരുടെയും മനസ്സ് ഈ വീട്ടിൽ ഞാൻ കണ്ടിട്ടില്ല", എന്നും ലക്ഷ്മി പറയുന്നു. ഇതെല്ലാം കേട്ട് ഒരു ചുവരിനപ്പുറം കണ്ണുനിറഞ്ഞ് റോബിനും ഉണ്ടായിരുന്നു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ