
സ്‌പോൺസേർഡ് ടാസ്കിനിടെ മുന്നോട്ട് നീങ്ങുന്നതിനിടയിൽ തന്നെ ഒനീൽ മോശമായി സ്പർശിച്ചതായി ലക്ഷ്മിയോട് മസ്താനി പറയുന്നിടത്താണ് പ്രശ്നങ്ങളുടെ തുടക്കം. ബാത്ത്റൂമിൽ നിന്നും ഇറങ്ങി വരുന്ന ഒനീലിനെതിരെ ആക്രോശിച്ചുകൊണ്ട് 'നീ മൈക്ക് എടുത്തിട് എല്ലാവരും കേൾക്കട്ടെ' എന്ന് പറഞ്ഞുകൊണ്ടാണ് ലക്ഷ്മി തുടക്കം കുറിക്കുന്നത്. ഒനീൽ ഉടൻ തന്നെ എന്തിനെ പറ്റിയാണ് പറയുന്നതെന്ന് മനസിലാവാതെ നിൽക്കുന്നതാണ് കാണാൻ കഴിയുന്നത്. എന്നാൽ മസ്താനി എന്താണ് സംഭവിച്ചതെന്ന് കാണിച്ചുകൊടുക്കുന്നുണ്ട്. ഉടൻ തന്നെ പ്രശ്നം ഓർത്തെടുത്ത് ഒനീൽ അതിന് മറുപടി പറയുന്നതാണ് കാണാൻ കഴിയുന്നത്. ആളുകൾ അത്രയും തിങ്ങി നിറഞ്ഞ ഒരു സ്ഥലത്ത് നിന്നും ടാസ്ക് ജയിച്ചപ്പോൾ അതിന്റെ സന്തോഷത്തിൽ മുന്നോട്ട് പോയപ്പോൾ അറിയാതെ മസ്താനിയുടെ ദേഹത്ത് തട്ടിയതാണെന്നും അതിന് അപ്പോൾ തന്നെ താൻ ക്ഷമ പറഞ്ഞില്ലേ എന്നും ഒനീൽ ചോദിക്കുന്നുണ്ട്.
താൻ മനഃപൂർവ്വം ചെയ്തതല്ല അതെന്നും, അറിയാതെ പറ്റിയത് കൊണ്ടാണ് അപ്പോൾ തന്നെ ക്ഷമ പറഞ്ഞതെന്നും ഒനീൽ പറയുന്നു. എന്നാൽ ലക്ഷ്മിയാണ് ഇതൊരു കോണ്ടന്റ് ആകണമെന്ന ഉദ്ദേശത്തോടു കൂടി ചർച്ചയാക്കിയതെന്ന് ലൈവിൽ വ്യക്തമാണ്. നോമിനേഷനിൽ ഉള്ളത് കൊണ്ടാണോ ലക്ഷ്മി ഇത്രയും പറയുന്നത് എന്നാണ് ഒനീൽ ചോദിക്കുന്നത്. ഇതിന് മറുപടിയെന്നോണം നല്ല കുടുംബത്തിൽ പിറക്കണം എന്ന തരത്തിലുള്ള അധിക്ഷേപങ്ങൾ ലക്ഷ്മി നടത്തിയതായും ഒനീൽ ആരോപിക്കുന്നു. ലക്ഷ്മി നേരിട്ട് കാണാത്ത ഒരു കാര്യത്തിൽ എന്തിനാണ് അവർ ഇത്രയും രോഷാകുലയായി പെരുമാറുന്നത് എന്നാണ് വീട്ടിൽ എല്ലാവരും ചോദിച്ചുകൊണ്ടിരിക്കുന്നത്. ക്യാമറ ഉണ്ടല്ലോ എനിക്ക് പേടിയില്ല എന്നും, ലാലേട്ടൻ വരുമ്പോൾ ഇതെനിക്ക് അഡ്രസ് ചെയ്യണമെന്നും ഒനീൽ ബിഗ് ബോസ്സിനോട് പറയുന്നു, ഇത് ഇത്രയും പ്രശ്നമാവുമെന്ന് കരുതിയില്ലെന്നും ദയവ് ചെയ്ത ഇത് ടെലികാസ്റ്റ് ചെയ്യരുതെന്നുമാണ് മസ്താനി ബിഗ് ബോസ്സിനോട് പറയുന്നത്. മസ്താനി ലക്ഷ്മിയോട് മാത്രമായി പറഞ്ഞ ഒരു കാര്യം രാത്രിയിൽ ഇത്രയും പ്രശ്നമാക്കി കുളമാക്കേണ്ടതുണ്ടായിരുന്നോ എന്നാണ് ലൈവിൽ പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. അതേസമയം ഇതൊരു വള്ളി പൊട്ടിയ കേസാണ് എന്നാണ് അക്ബർ ലക്ഷ്മിയെ വിശേഷിപ്പിക്കുന്നത്. മസ്താനിക്ക് അതൊരു മോശം സ്പർശനമായി തോന്നിയെങ്കിൽ താൻ വീണ്ടും ക്ഷമ പറയുന്നുവെന്നാണ് ഒനീൽ ആവർത്തിച്ച് പറയുന്നത്.
തന്നെ വ്യക്തിഹത്യ ചെയ്യാനും മാനസികാരോഗ്യത്തെ തകർക്കാനും തക്കവണ്ണമുള്ള ഒരു കാര്യമാണിതെന്നും ഒനീൽ ആവർത്തിച്ച്പറയുന്നത് കൊണ്ട് തന്നെ ഈ ആഴ്ച മോഹൻലാൽ വരുമ്പോൾ ഇതൊരു വലിയ പ്രശ്നമായി തന്നെ ഉയർന്നു വരാൻ സാധ്യതയുണ്ട്.