
ബിഗ് ബോസ് മൽസരാർത്ഥി ലോലിറ്റക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഉയരുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് കുടുംബം. ഗെയിം സ്പിരിറ്റിന്റെ തിര്‍വരമ്പുകള്‍ കടന്ന് വളരെ വള്‍ഗറായും മോശമായ ഭാഷയിലും ഒരു 19 വയസുകാരിയെ വേട്ടയാടരുതെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും ലോലിറ്റക്കും തെറ്റുകൾ പറ്റിയിട്ടുണ്ടെന്നും കുടുംബം ലോലിറ്റയുടെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
''പ്രിയ പ്രേക്ഷകരേ, ഞങ്ങളുടെ മകളെ ഇരുകൈകളും നീട്ടി സ്വീകരിക്കുകയും, സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു. വളരെ വിഷമത്തോടെയാണ് ഈ കുറിപ്പ് ഇവിടെ പങ്കുവയ്ക്കുന്നത്. ലോലിറ്റയുടെ ജീവിതത്തില്‍ Bigg Boss എന്ന പ്ലാറ്റ്‌ഫോം എത്രത്തോളം വലുതാണോ, അതുപോലെ തന്നെ അവിടെയുള്ള ഓരോ 19 പേരുടെയും ജീവിതത്തിലും ഈ വേദിക്ക് വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ ആശയപരമായും സ്വഭാവപരമായും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതിനെ ഒരു ഗെയിമിന്റെ ഭാഗമായും ആരോഗ്യകരമായ രീതിയിലും കാണണമെന്നും എല്ലാവരോടും സ്നേഹത്തോടെ അഭ്യര്‍ത്ഥിക്കുന്നു.
മാനസികമായി ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ഈ സാഹചര്യത്തില്‍ ലോലിറ്റയ്ക്കൊപ്പം നിന്ന ഓരോരുത്തരോടും ഞങ്ങളുടെ കുടുംബം ഹൃദയപൂര്‍വ്വം നന്ദി പറയുന്നു. 19 വയസ്സ് മാത്രമാണെങ്കിലും, ചെറുപ്പം മുതലേ സ്വന്തം കാര്യങ്ങള്‍ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യാന്‍ പഠിച്ച, വളരെ കാര്യപ്രാപ്തിയുള്ള ഒരു മകളായിട്ടാണ് ലോലിറ്റ വളര്‍ന്നത്. അതോടൊപ്പം ഒരു കാര്യം കൂടി എല്ലാവരെയും ഓര്‍മ്മിപ്പിക്കുകയാണ് - ലോലിറ്റയ്ക്ക് Bigg Boss വീടിന് പുറത്തും ഒരു ജീവിതമുണ്ട്. ലോലിറ്റയ്ക്കെതിരെയുള്ള ക്യാംപെയിനുകളും, അവളെ എവിക്ട് ചെയ്യുന്നതിനായി മറ്റുള്ളവര്‍ക്ക് വോട്ട് ചെയ്യാനുള്ള ആഹ്വാനങ്ങളും ഞങ്ങള്‍ ഗെയിം സ്പിരിറ്റില്‍ തന്നെ കാണുന്നു. എന്നാല്‍ അതിന്റെ അതിര്‍വരമ്പുകള്‍ കടന്ന് വളരെ വള്‍ഗറായും മോശമായ ഭാഷയിലും ഒരു 19 വയസ്സുകാരിയെ വേട്ടയാടരുതെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
ലോലിറ്റ എന്ന ഞങ്ങളുടെ മകള്‍ക്കും ചില തെറ്റുകള്‍ പറ്റിയിട്ടുണ്ട്, ഇതില്‍ കൊമ്പന്‍, ഷിജിന്‍ എന്നിവരും ബാധിക്കപ്പെട്ടിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നു. അവരുടെ കുടുംബത്തോടും അവരെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന എല്ലാവരോടും ഞങ്ങളുടെ ഹൃദയപൂര്‍വ്വമായ ക്ഷമാപണം അറിയിക്കുന്നു. വോട്ടുകള്‍ മറിച്ച് ലോലിറ്റയെ പുറത്താക്കണമെന്ന തരത്തില്‍ ശക്തമായ എതിര്‍പ്പ് ഉയരുന്ന ഈ ഘട്ടത്തില്‍, ഒരു കുടുംബമെന്ന നിലയില്‍ അവളുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്നത് സ്വാഭാവികമാണ്. വോട്ടുകളിലൂടെ ഓരോ വ്യക്തിയും പുറത്താകുന്നത് ഈ ഗെയിമിന്റെ ഭാഗമാണ്. എന്നാല്‍ അതിന്റെ പേരില്‍ ഞങ്ങളുടെ മകള്‍ മാത്രമല്ല, ആരും വ്യക്തിപരമായ ആക്രമണങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും ഇരയാകരുത്.
ലോലിറ്റയുടെ ഈ ചെറിയ Bigg Boss യാത്രയില്‍ കൂടെ നിന്ന ഓരോരുത്തര്‍ക്കും ഞങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി. അവളെ സ്നേഹിച്ചവരോടും പിന്തുണച്ചവരോടും മാത്രമല്ല, അവളോട് അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചവരോടും ഞങ്ങള്‍ക്ക് ബഹുമാനമുണ്ട്. നിങ്ങള്‍ എല്ലാവരും ലോലിറ്റയോട് വെറുപ്പോ ദേഷ്യമോ മനസ്സില്‍ സൂക്ഷിക്കാതെ, ഇതിനെ ഒരു ഗെയിമായി മാത്രം കാണുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു'', എന്നാണ് കുടുംബം അറിയിച്ചത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ