
ബിഗ് ബോസ് മലയാളം സീസൺ 7 ലെ പോരാട്ടം കടുത്തുകൊണ്ടിരിക്കുകയാണ്. 19 മത്സരാർത്ഥികളിൽ നിന്നും ഇതുവരെ 4 പേരാണ് എവിക്ട് ആയിരിക്കുന്നത്. ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിലേക്ക് വൈൽഡ് കാർഡ് എൻട്രിയായി എത്തിയിരിക്കുകയാണ് ഇന്റർവ്യൂവർ മസ്താനി എന്ന അൻവറ സുൽത്താന. അഞ്ച് വൈൽഡ് കാർഡുകളിൽ ഒരാളായാണ് മസ്താനി വീട്ടിലേക്ക് കയറുന്നത്.
മോഡലും അഭിനേത്രിയുമാണെങ്കിലും ആളുകൾക്ക് മസ്താനിയെ കൂടുതൽ പരിചയം 'വൈറൽ' അഭിമുഖങ്ങളിലെ ഇന്റർവ്യൂവർ എന്ന നിലയിലാണ്. വെറൈറ്റി മീഡിയയിലെ സെലിബ്രിറ്റി ഇന്റർവ്യൂവറായ മസ്താനി ഇതിനോടകം നിരവധി പ്രമുഖരുമായി ഇന്റർവ്യൂ നടത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുള്ള ഇന്റർവ്യൂവർമാരിൽ ഒരാളായ മസ്താനിയുമായി ബന്ധപ്പെട്ട് ചിലപ്പോഴൊക്കെ ചില വിവാദങ്ങളും ഉയർന്നുവരാറുണ്ട്. ഇന്റർവ്യൂകളിൽ വളരെ ക്യൂട്ട് ആയി ചോദ്യങ്ങൾ ചോദിക്കുന്ന, അതിഥികളെ കംഫര്‍ട്ടബിള്‍ ആക്കി വയ്ക്കാൻ ശ്രമിക്കുന്ന മസ്താനി വളരെ ബോൾഡ് ആയി സംസാരിക്കാൻ കൂടി അറിയുന്ന ആളാണ്.
ഓൺലൈൻ മീഡിയകളുടെ പല പ്രവർത്തികളും പരസ്യമായിത്തന്നെ ചോദ്യം ചെയ്തിട്ടുണ്ട് മസ്താനി. നിലവിൽ കൃത്യമായ ഗ്രൂപ്പുകളും ഗ്രൂപ്പ് താല്പര്യങ്ങളുമായി മുന്നോട്ടുപോകുന്ന ബിഗ് ബോസ് വീട്ടിൽ മസ്താനിയുടെ റോൾ എന്തായിരിക്കുമെന്ന് ഇപ്പോൾ പ്രവചിക്കാനാവില്ല. വൈൽഡ് കാർഡ് ആയി എത്തുന്നവർക്ക് നിരവധി സാധ്യതകളുള്ള ഈ സീസണിൽ മസ്താനി ആർക്കൊപ്പം ചേരും എന്നതും ആരെ എതിരിൽ നിർത്തും എന്നതെല്ലാം പ്രേക്ഷകർ ഉറ്റുനോക്കുന്ന കാര്യമാണ്.
വീട്ടിൽ മസ്താനിക്ക് നേരത്തെ തന്നെ അറിയാവുന്ന ഒന്നിലേറെ ആളുകൾ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. ഇതുവരെയുള്ള കളികൾ കണ്ടും വിലയിരുത്തിയുമാണ് വീടിനകത്തേക്ക് പോകുന്നത് എന്നതുകൊണ്ടുതന്നെ ഇവരുടെ ഓരോ നീക്കവും ഇപ്പോൾ വീട്ടിലുള്ള മത്സരാർത്ഥികൾക്ക് അവരെത്തന്നെ മനസിലാക്കാനും കളം മാറ്റി പിടിക്കാനും ഒക്കെയുള്ള അവസരങ്ങളുമാണ്. തങ്ങൾ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്ന മത്സരാത്ഥികൾ പ്രധാനമായും തിരിച്ചറിയുന്നത് വൈൽഡ് കാർഡുകളിലൂടെ ആണ്. മസ്താനിയെ പോലെ സ്മാർട്ട് ആയ ഒരു പെൺകുട്ടി ഇപ്പോൾ ബിഗ് ബോസ് വീട്ടിലുള്ള അന്തരീക്ഷത്തെ എങ്ങനെയാകും മാറ്റിമറിക്കുക എന്നതാണ് ചോദ്യം.
വീട്ടിലെ സൈലന്റ് ആയ ആളുകളെയും ഒളിച്ചിരുന്ന കളിക്കുന്നവരെയും ഇരട്ട മുഖമുള്ളവരെയുമെല്ലാം തുറന്നു കാട്ടാനുള്ള പൊട്ടൻഷ്യൽ ഉള്ള ആളാണ് മസ്താനി എങ്കിൽ നിലവിലെ ബിഗ് ബോസ് വീടിന്റെ ഡൈനാമിക്സ് തന്നെ മാറിമറിഞ്ഞേക്കാം. അതിൽത്തന്നെ ഏറ്റവും പ്രധാനം ജിസേൽ, അനുമോൾ എന്നിവർക്കിടയിലെ പ്രശ്നത്തിൽ മസ്താനി ആർക്കൊപ്പം നിൽക്കും, എന്ത് നിലപാടെടുക്കും എന്നതുതന്നെയാണ്.
പണിപ്പുരയിൽനിന്നും സ്വന്തം വസ്തുക്കൾ എല്ലാവർക്കും കിട്ടിയശേഷമാണ് എത്തുന്നത് എന്നതുതന്നെ വൈൽഡ് കാർഡുകൾക്ക് ഒരു ആശ്വാസമാണ്. അതോ അവർക്കും വീട്ടിലുണ്ടായിരുന്നവർ നേരിടേണ്ടിവന്ന അതെ പ്രതിസന്ധി നേരിടേണ്ടി വരുമോ എന്ന് ഉറപ്പ് പറയാനാവില്ല. എന്തായാലും ക്യൂട്ട് ആയ മസ്താനിയുടെ വേറെ ഏതൊക്കെ മുഖങ്ങൾ ബിഗ് ബോസ് വീട് കാണും എന്ന് കണ്ടറിയാം.