
ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ. ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷം മോഡലിംഗ്, അഭിനയം എന്നിങ്ങനെ വിവിധ മേഖലകളിൽ നാദിറ കഴിവു തെളിയിച്ചിട്ടുണ്ട്. അടുത്തിടെ സ്വന്തമായി ഒരു വീട് വെയ്ക്കാനായതിന്റെ സന്തോഷവും നാദിറ പങ്കുവെച്ചിരുന്നു. സ്വന്തം നാട്ടിൽ വീട് വെച്ച് താമസിക്കുക എന്നത‍് തന്റെ വാശിയായിരുന്നുവെന്ന് പുതിയ അഭിമുഖത്തിൽ നാദിറ പറയുന്നു.
''തിരുവനന്തപുരത്തെ ഒരു പ്രൈം ലൊക്കേഷനാണ് പരുത്തിക്കുഴി. മൂന്ന് സെന്റിലാണ് വീട് വെച്ചിരിക്കുന്നത്. എന്നാൽ ഇടുങ്ങിയ വീടുമല്ല. ഹാളിനൊക്കെ അത്യാവശ്യം വീതിയുണ്ട്. റൂമുകൾക്കും വീതിയുണ്ട്. വീടിന് കോൺട്രാക്ട് ഏൽപ്പിച്ചപ്പോൾ ഞാൻ ആദ്യം പറഞ്ഞത് വീടിന് അകത്തേക്ക് എത്രത്തോളം വെളിച്ചം എത്തിക്കാൻ പറ്റുമോ അത്രത്തോളം അതിനുള്ള സാധ്യത ഉണ്ടാക്കണമെന്നാണ്. വെള്ള പെയിന്റും നിർബന്ധമായും പറഞ്ഞിരുന്നു. വൃത്തിയാക്കുന്ന കാര്യത്തിൽ വീട്ടിലുള്ള എല്ലാവരും ഭയങ്കര ഡീസന്റാണ്. ഉമ്മയും അനിയത്തിയും ബാപ്പയും എല്ലാം അത് ചെയ്യാറുമുണ്ട്. എനിക്ക് യാത്രകൾ ഉള്ളതുകൊണ്ട് വീട്ടിൽ ഇരുന്ന് വീട് വൃത്തിയാക്കാനൊന്നും കഴിയാറില്ല. എന്റെ ട്രോഫികൾ കൊണ്ട് ഷെൽഫ് നിറയ്ക്കണമെന്നത് ബാപ്പയുടെ ആഗ്രഹമായിരുന്നു.
ഞാൻ ഭാഗ്യമുള്ളയാളാണെന്ന് തോന്നാറുണ്ട്. വീടിന് മുസ്ലീം ടച്ച് വേണം എന്നതും വീട്ടിലിരുന്നാൽ ബാങ്ക് വിളി കേൾക്കാൻ സാധിക്കണം എന്നും ആഗ്രഹം ഉണ്ടായിരുന്നു, അതും സാധിച്ചു. കൺസ്ട്രക്ഷൻ ഫീൽഡിൽ ജോലി ചെയ്തിരുന്നതുകൊണ്ട് ബാപ്പയ്ക്ക് വീടുമായി ബന്ധപ്പെട്ട് ഒരുപാട് ഐഡിയകൾ ഉണ്ടായിരുന്നു. എന്നിട്ടും വീട് വെയ്ക്കാൻ ആലോചിക്കുന്നുവെന്ന് പറഞ്ഞപ്പോൾ നിങ്ങളുടെ ഇഷ്ടത്തിന് വീട് വെക്കാനാണ് പറഞ്ഞത്'', ജിഞ്ചർ മീഡിയക്കു നൽകിയ അഭിമുഖത്തിൽ നാദിറ പറഞ്ഞു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ