
ഓഗസ്റ്റ് 3ന് ആയിരുന്നു ബിഗ് ബോസ് മലയാളം സീസൺ 7 ആരംഭിച്ചത്. ഷോ വരുന്നുവെന്ന പ്രഖ്യാപനം മുതൽ പ്രെഡിക്ഷൻ ലിസ്റ്റുകളിൽ ഉയർന്ന് കേട്ടൊരു പേരായിരുന്നു രേണു സുധിയുടേത്. സമീപകാലത്ത് സോഷ്യൽ മീഡിയയിലൂടെ ഏറെ പഴികളും വിമർശനങ്ങളും നേരിടേണ്ടി വന്ന ആളായിരുന്നു രേണു. ആദ്യമെല്ലാം ഈ വിമർശനങ്ങളെല്ലാം രേണുവിനെ വേദനിപ്പിച്ചുവെങ്കിൽ പിന്നീട് അവയ്ക്ക് മറുപടി നൽകാനും രേണു തുടങ്ങി. പലപ്പോഴും ട്രോൾ മെറ്റീരിയലായി മാറിയ രേണു ബിഗ് ബോസിൽ ആദ്യം എത്തിയപ്പോൾ ചർച്ചാ വിഷയം ആയിരുന്നു. ഒപ്പം സോഷ്യൽ മീഡിയയിൽ പോസ്റ്റുകളും പ്രത്യക്ഷപ്പെടുക മാത്രമല്ല ആർമി ഗ്രൂപ്പുകളും ആരംഭിച്ചു.
ആദ്യ ആഴ്ചയിലെ രീതി കണ്ടിട്ട് രേണു സുധി മുന്നോട്ടുള്ള യാത്രയിൽ മികച്ച പ്രകടനം കാഴ്ചവച്ച്, ബിഗ് ബോസിലെ ശ്രദ്ധേയയായ മത്സരാർത്ഥിയാകുമെന്ന് കണക്കുക്കൂട്ടി. എന്നാൽ കണക്കൂകൂട്ടലുകളെല്ലാം പിഴച്ചെന്നാണ് പിന്നീടുള്ള ദിവസങ്ങൾ കാട്ടി തന്നത്. ഗെയിമുകളിലെല്ലാം വേണ്ടത്ര ശ്രദ്ധചെലുത്താത രേണു പലപ്പോഴും വീട്ടിൽ പോകണം എന്ന് ബിഗ് ബോസിനോട് ആവശ്യപ്പെട്ടു. കൺഫഷൻ റൂമിൽ വിളിച്ച് പറഞ്ഞ് മനസിലാക്കി, രേണുവിനെ തിരികെ ബിബി ഹൗസിലേക്ക് ബിഗ് ബോസ് വിട്ടതും പ്രേക്ഷകർ കണ്ടതാണ്. എന്നാൽ ചങ്കരൻ വീണ്ടും തേങ്ങേൽ എന്ന മട്ടാണ് രേണുവിന്റേത്.
കഴിഞ്ഞ ദിവസം തനിക്ക് വീട്ടിൽ പോകണമെന്ന് രേണു വീണ്ടും പറയുകയാണ്. ആരും ഇല്ലാതെ ഗാർഡൻ ഏരിയയ്ക്ക് സമീപം ഇരുന്ന്, ബിഗ് ബോസിനോടായാണ് രേണു തന്റെ ആവശ്യം പറയുന്നത്. പ്രധാന വാതിൽ തുറന്ന് തന്നെ പുറത്തേക്ക് വിടണമെന്നും തന്റെ മനസ് കൈവിട്ട് പോകുകയാണെന്നും രേണു സങ്കടത്തോടെ പറയുന്നുണ്ട്.
"ബിഗ് ബോസ് എന്നെ വാതിലിലൂടെ പുറത്തുവിട്. എന്നെ വീട്ടിൽ വിടുമോ. എനിക്ക് വീട്ടിൽ പോകണം. എന്റെ മൈൻഡ് ഓക്കെ അല്ല ബിഗ് ബോസ്. എനിക്കെന്റെ കുഞ്ഞിനെ കാണണം. ബിഗ് ബോസ് ആ പ്രധാന വാതിൽ തുറന്ന് തരുവോ. ബിഗ് ബോസ് പ്ലീസ്. എനിക്ക് വീട്ടിൽ പോകണം. എനിക്ക് എന്റെ പിള്ളേരെ കാണണം. മനസിന് പറ്റുന്നില്ല ബിഗ് ബോസ്. മനസെന്റെ കൈവിട്ട് പോകുന്നു ബിഗ് ബോസ്", എന്നാണ് രേണു സുധി പറഞ്ഞത്.