
ബിഗ് ബോസ് മലയാളം സീസണ്‍ 7 അതിന്‍റെ ആദ്യ പകുതി പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുകയാണ്. ഏഴാം വാരമായ ഈ വാരത്തില്‍ ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്ക് നല്‍കിയ വീക്ക്‍ലി ടാസ്ക് ക്ലാസിക് ടാസ്കുകളിലൊന്നായ ഹോട്ടല്‍ ടാസ്ക് ആയിരുന്നു. ബിഗ് ബോസ് വീട് ഒരു ഫൈവ് സ്റ്റാല്‍ ഹോട്ടലായി മാറുന്ന ടാസ്കില്‍ ഹോട്ടലിലെ അതിഥികളും ചലഞ്ചര്‍മാരുമായി മുന്‍ സീസണുകളിലെ മത്സരാര്‍ഥികളും എത്തിയിരുന്നു. ആദ്യം ശോഭ വിശ്വനാഥും ഷിയാസ് കരിമും അവര്‍ പോയതിന് ശേഷം റിയാസ് സലിമുമാണ് എത്തിയത്.
ചലഞ്ചര്‍മാരായി എത്തുന്ന മുന്‍ സീസണ്‍ മത്സരാര്‍ഥികള്‍ നിലവിലെ മത്സരാര്‍ഥികളെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നത് പതിവാണ്. അതിനെ സംയമനത്തോടെ നേരിടുക എന്നതാണ് അവര്‍ക്ക് മുന്നിലുള്ള ചലഞ്ച്. ശോഭ പല മത്സരാര്‍ഥികളെയും ചലഞ്ച് ചെയ്യാന്‍ ശ്രമിച്ചെങ്കിലും അത് കൂടുതല്‍ ഫലപ്രദമായി നിര്‍വ്വഹിക്കാനായത് റിയാസിന് ആയിരുന്നു. കൂട്ടത്തില്‍ റിയാസ് ഏറ്റവും പ്രകോപിപ്പിക്കാന്‍ ശ്രമിച്ചത് ഷാനവാസിനെ ആയിരുന്നു. ഷാനവാസ് പ്രകോപിതനായതോടെ ഹോട്ടല്‍ ടാസ്ക് തന്നെ കൃത്യമായി പൂര്‍ത്തിയാക്കാന്‍ സാധിക്കാതെവന്നു.
ഹോട്ടലിലെ ക്ലീനിംഗ് ജോലിക്കാര്‍ എന്നതായിരുന്നു ഷാനവാസിന്‍റെയും അനീഷിന്‍റെയും തസ്തിക. പതിവിന് വിപരീതമായി പുലര്‍ച്ചെ അഞ്ച് മണിക്ക് വേക്കപ്പ് സോംഗ് വച്ച് ബിഗ് ബോസ് മത്സരാര്‍ഥികളെയും ഗസ്റ്റിനെയുമൊക്കെ ഉണര്‍ത്തിയിരുന്നു. പിന്നാലെ റിയാസ് ഷാനവാസിനെ ചലഞ്ച് ചെയ്യാനുള്ള പ്രവര്‍ത്തികള്‍ ആരംഭിച്ചു. താന്‍ കിടന്ന കട്ടിലിലെ ബെഡ് ഷീറ്റ് മടക്കിവെക്കാനായിരുന്നു ആദ്യ നിര്‍ദേശം. എന്നാല്‍ താന്‍ യൂണിഫോം ധരിച്ചിട്ടില്ലെന്നും അതിന് മുന്‍പ് ഡ്യൂട്ടി ചെയ്യാന്‍ സാധിക്കില്ലെന്നും ഷാനവാസ് പറഞ്ഞു. ഇതോടെ ബെഡ് റൂമിലെ പല കിടക്കകളിലുമുണ്ടായിരുന്ന വിരിപ്പുകളും പുതപ്പുകളുമൊക്കെ റിയാസ് നിലത്തേക്ക് എടുത്ത് എറിയാന്‍ തുടങ്ങി. എന്നാല്‍ ജനറല്‍ മാനേജര്‍ ആയിരുന്ന ലക്ഷ്മി അടക്കമുള്ളവരാണ് ഇവ തിരികെ എടുത്ത് വച്ചത്.
ഷാനവാസിന് ജോലി കൊടുക്കാനായി ഹൗസ് വൃത്തികേടാക്കാന്‍ മറ്റുള്ള മത്സരാര്‍ഥികളെ ക്ഷണിക്കുകയായിരുന്നു റിയാസ് പിന്നീട്. നെവിന്‍ ആണ് ഇക്കാര്യത്തില്‍ റിയാസിനൊപ്പം നിന്നത്. ഇരുവരും ചേര്‍ന്ന് വേസ്റ്റ് ബാസ്കറ്റില്‍ ഉണ്ടായിരുന്ന പേപ്പര്‍ മുഴുവന്‍ വാരിവലിച്ച് ഇട്ടതോടെ ഡ്യൂട്ടി ചെയ്യാന്‍ ഷാനവാസ് ഇറങ്ങി. ഷാനവാസ് വൃത്തി ആക്കുന്നതിനനുസരിച്ച് റിയാസ് സ്ഥലം വൃത്തികേടാക്കുന്നുമുണ്ടായിരുന്നു. ഇത് ഇരുവര്‍ക്കുമിടയിലുള്ള തര്‍ക്കങ്ങളിലേക്കും സംഘര്‍ഷങ്ങളിലേക്കും നീങ്ങി. അതിഥിയോട് അപമര്യാദയായി പെരുമാറിയതിന് ഷാനവാസ് ക്ഷമ ചോദിക്കണമെന്ന് ജനറല്‍ മാനേജര്‍ ആയിരുന്ന ലക്ഷ്മി ആവശ്യപ്പെട്ടെങ്കിലും ഷാനവാസ് തയ്യാറായില്ല. അതോടെ ഷാനവാസിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയാണെന്ന് ലക്ഷ്മി തീരുമാനം അറിയിക്കുകയായിരുന്നു. ഹോട്ടല്‍ ടാസ്ക് പിന്നീട് പൂര്‍ണ്ണാര്‍ഥത്തില്‍ പുരോഗമിച്ചില്ല.