
ബിഗ്ബോസ് സീസൺ 7 മൽസരാർത്ഥിയായിരുന്നു ആർജെ ബിൻസി. രണ്ടാഴ്ചകൾക്കു ശേഷം ബിൻസി ഷോയിൽ നിന്ന് എവിക്ട് ആകുകയും ചെയ്തിരുന്നു. എന്നാൽ റീ എൻട്രിക്കു ശേഷം മസ്താനിയുമായും അനുവുമായും നടന്ന വഴക്കുകളെത്തുടർന്ന് ബിൻസി നിരവധി വിമർശനങ്ങളും നേരിട്ടിരുന്നു. ഇതേക്കുറിച്ചെല്ലാം സംസാരിക്കുകയാണ് ബിൻസി. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബിൻസി.
''റീ എൻട്രി സമയത്ത് ഹൗസിലേക്ക് മസ്താനി കയറി വന്നത് തന്നെ കരഞ്ഞുകൊണ്ടാണ്. എല്ലാവരും പല കോർണറിൽ ഇരുന്ന് ആശ്വസിപ്പിക്കുന്നതും കണ്ടിരുന്നു. എന്നോട് മിണ്ടാൻ വന്നില്ല. ഒരു ഹായ് മാത്രം പറഞ്ഞു. അത് കഴിഞ്ഞ് പിറ്റേ ദിവസം സമാധാനമായി ഭക്ഷണം കഴിക്കാൻ ഇരുന്ന എന്റെ അടുത്ത് മസ്താനിയാണ് ഇങ്ങോട്ട് വന്ന് എന്താണ് പ്രശ്നമെന്ന് ചോദിച്ചത്. അവിടെ മുതലാണ് ഞങ്ങൾ തമ്മിലുള്ള സംസാരം തുടങ്ങിയത്. മറ്റുള്ളവരോട് കരഞ്ഞ് സംസാരിച്ച മസ്താനിയെ അല്ല ഞാൻ അവിടെ കണ്ടത്. ആള് സ്വിച്ചിട്ടതുപോലെ മാറി. എന്നെ ട്രിഗൾ ചെയ്തു. അപ്പോഴാണ് ഞാൻ പൊട്ടിത്തെറിച്ചത്.
ചാച്ചന്റെ ഓട്ടോയിലല്ലേ പോയതെന്ന ഡയലോഗ് വിത്ത് ആക്ഷനോടെയാണ് മസ്താനി പറഞ്ഞത്. ആദ്യം പ്രശ്നമുണ്ടാക്കേണ്ടെന്ന് ഞാൻ കരുതി. അത് കഴിഞ്ഞാണ് ഞാൻ പ്രതികരിച്ചത്. അപ്പനെ പറഞ്ഞാൽ ഏത് മക്കൾക്കും പൊള്ളും. ചാച്ചൻ ഓട്ടോ ഓടിക്കാൻ തുടങ്ങിയിട്ട് 29 വർഷമായി. നല്ല രീതിയിൽ എന്നേയും അനിയത്തിയേയും ഞങ്ങളുടെ കുടുംബത്തേയും നോക്കുന്ന അദ്ദേഹത്തെ പറഞ്ഞാൽ പിന്നെ എനിക്ക് പൊള്ളില്ലേ. മുമ്പും എന്റെ ചാച്ചനെ മസ്താനി പറഞ്ഞിട്ടുണ്ട്. ഫാമിലിയെ പറയുന്ന രീതി മസ്താനിക്ക് ഉള്ളതാണ്. രേണുവിനോടും റെനയോടുമെല്ലാം മസ്താനി ഇത് ചെയ്തിട്ടുണ്ട്. ആ ഡയലോഗ് കേൾക്കുമ്പോൾ ആരായാലും ഞാൻ ചെയ്തതെ ചെയ്യൂ. മസ്താനി ഉത്തരം മുട്ടി ഇരുന്നതാണ് നിങ്ങൾ കണ്ടത്. പക്ഷേ പുറത്ത് അവൾക്ക് നല്ലൊരു പിആർ ഉണ്ടായിരുന്നതുകൊണ്ട് ആ വീഡിയോ പോസിറ്റീവായി സാഡ് ബിജിഎം ഇട്ട് മസ്താനിയെ എയറിൽ നിന്ന് ഇറക്കാൻ ഉപയോഗിച്ചു. മസ്താനിക്ക് പിആറുണ്ടെന്ന് മീഡിയക്കാർ തന്നെയാണ് പറഞ്ഞത്'', ബിന്‍സി പറഞ്ഞു.