'മത്സരാര്‍ഥികള്‍ ലാലേട്ടനോട് കാണിച്ചത് അന്തസില്ലായ്‍മ'; ബിഗ് ബോസിലെ സംഭവവികാസങ്ങളെക്കുറിച്ച് സാബുമോന്‍

By Web TeamFirst Published Mar 7, 2021, 4:13 PM IST
Highlights

ബിഗ് ബോസ് മലയാളത്തിന്‍റെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമായിരുന്നു വാരാന്ത്യ എപ്പിസോഡിലെത്തുന്ന മോഹന്‍ലാലിനു മുന്നില്‍ മത്സരാര്‍ഥികള്‍ നിലവിട്ട് പെരുമാറിയത്

ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലെ വാരാന്ത്യ എപ്പിസോഡില്‍ നടന്ന സംഭവവികാസങ്ങളില്‍ പ്രതികരണവുമായി ആദ്യ സീസണ്‍ ടൈറ്റില്‍ വിന്നര്‍ സാബുമോന്‍ അബ്‍ദുസമദ്. അവതാരകനായ മോഹന്‍ലാലിനോട് മത്സരാര്‍ഥികള്‍ കാണിച്ചത്. അന്തസില്ലായ്‍മയും മര്യാദകേടുമാണെന്ന് സാബു ഫേസ്ബുക്കില്‍ കുറിച്ചു.

"ബിഗ് ബോസ് മൂന്നാം സീസണിലെ സെലിബ്രിറ്റീസ്  ലാലേട്ടനോട് കാണിച്ച മര്യാദകേടിനുള്ള പണി വരാൻ ഇരിക്കുന്നതേയുള്ളൂ. ഒരു മര്യാദ ഒക്കെ വേണ്ടെടെ? ആ ആളുകൾ ലാലേട്ടനോടും ബിഗ് ബോസിനോടും കാണിച്ച അന്തസില്ലായ്മയും മര്യാദകേടും വ്യക്തിപരമായി എനിക്കിഷ്ടപ്പെട്ടില്ല. (നീയാരാ ഇഷ്ടപ്പെടാതിരിക്കാനും ഇഷ്ടപ്പെടാനും എന്നുള്ള ചോദ്യം ബിഗ് ബോസ് 3 ആർമികള് നാലായി മടക്കി വെച്ചോ... ബേയ് ഫ്രണ്ട്സ്)", എന്നാണ് സാബുമോന്‍റെ കുറിപ്പ്.

 

ബിഗ് ബോസ് മലയാളത്തിന്‍റെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമായിരുന്നു വാരാന്ത്യ എപ്പിസോഡിലെത്തുന്ന മോഹന്‍ലാലിനു മുന്നില്‍ മത്സരാര്‍ഥികള്‍ നിലവിട്ട് പെരുമാറിയത്. കഴിഞ്ഞ വാരത്തിലെ റദ്ദാക്കപ്പെട്ട വീക്കിലി ടാസ്‍കിലേത് ഉള്‍പ്പെടെ മത്സരാര്‍ഥികള്‍ക്കിടയില്‍ സംഭവിച്ച അസ്വാരസ്യങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും പരിഹാരം കാണലായിരുന്നു ശനിയാഴ്ച എപ്പിസോഡില്‍ മോഹന്‍ലാലിന്‍റെ പ്രധാന കര്‍ത്തവ്യം. പല പ്രശ്‍നങ്ങളും പരിഹരിച്ചുകൊണ്ടിരിക്കെ വന്ന ഇടവേളയില്‍ മത്സരാര്‍ഥികള്‍ക്കിടയില്‍ ആരംഭിച്ച ചെറിയ തര്‍ക്കം വലിയ വാഗ്വാദത്തിലേക്കും കയ്യാങ്കളിയിലേക്കും എത്തുകയായിരുന്നു. സംഭാഷണത്തിനിടെ ഫിറോസ് ഖാന്‍ ഡിംപലിനെ 'കള്ളി' എന്ന് സംബോധന ചെയ്തെന്ന് ആരോപിച്ച അനൂപ് കൃഷ്‍ണനാണ് വലിയ തര്‍ക്കങ്ങള്‍ക്കു തുടക്കമിട്ടത്. പിന്നീടത് അനൂപിനും ഫിറോസ് ഖാനുമിടയിലുള്ള കയ്യാങ്കളിയോളം നീളുകയായിരുന്നു. മറ്റു മത്സരാര്‍ഥികള്‍ ഇരുവരെയും പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ സ്ക്രീനില്‍ മോഹന്‍ലാല്‍ എത്തിയെങ്കിലും മിനിറ്റുകളോളം വീണ്ടും തര്‍ക്കം നീണ്ടു. മോഹന്‍ലാലിന്‍റെ സാന്നിധ്യത്തെ വിലവെക്കാതെയെന്ന് പ്രേക്ഷകര്‍ക്ക് തോന്നുംപടിയായിരുന്നു മത്സരാര്‍ഥികളുടെ പെരുമാറ്റം. പിന്നാലെ കുറിക്കുകൊള്ളുന്ന പ്രതികരണമായിരുന്നു മോഹന്‍ലാലിന്‍റേത്.

"അവസാനമായിട്ട് പറയുകയാണ്, തരികിട അഭ്യാസം എന്‍റെയടുത്ത് കാണിക്കരുത്. ഞാൻ അതൊക്കെ കഴിഞ്ഞിട്ട് വന്ന ആളാ. അതുകൊണ്ടാ ഇവിടെ വന്ന് നില്‍ക്കുന്നത്. നല്ലതായിട്ട് കളിക്കാൻ എനിക്കറിയാം. ഞാൻ ഒരു ദാക്ഷിണ്യവും കാണിക്കാതെ നിങ്ങള്‍ക്ക്, നല്ല പണി തരും. കോംപ്രമൈസ് ആക്കിയിട്ട് വീണ്ടും തുടങ്ങുന്നു. ചുമ്മാ കാണാൻ വരുന്നതല്ല. അഭ്യാസം ഞാൻ നില്‍ക്കുമ്പോള്‍ കാണിക്കരുത്, ആണുങ്ങളായാലും പെണ്ണുങ്ങളായാലും", രോഷം അടക്കി മോഹന്‍ലാല്‍ പറഞ്ഞു.

click me!