
എതിരാളികളോടെ ചടുലമായി സംസാരിക്കുന്നവരും അങ്ങനെ തോന്നിയാലും ശക്തമായി സംസാരിക്കാന്‍ സാധിക്കാത്ത മത്സരാര്‍ഥികളും ബിഗ് ബോസില്‍ ഉണ്ട്. രണ്ടാമത് പറഞ്ഞ വിഭാഗത്തില്‍ പെടുന്നയാളായാണ് സൂര്യ എന്ന മത്സരാര്‍ഥി ഷോയില്‍ പലപ്പോഴും കാണപ്പെട്ടിട്ടുള്ളത്. ഇന്നും തനിക്കുനേരെ വന്ന ഒരു വിമര്‍ശനത്തെ വാക്കുകള്‍ കൊണ്ടു നേരിടാനാവാതെ കരയുന്ന സൂര്യയെയാണ് കണ്ടത്.
ബിഗ് ബോസ് മോണിംഗ് ടാസ്‍കുകളില്‍ പലരും നടത്താറുള്ള വ്യക്തിപരമായ പരാമര്‍ശങ്ങള്‍ വലിയ അഭിപ്രായവ്യത്യാസങ്ങളിലേക്കും വഴക്കുകളിലേക്കും നീളുന്നതിന് പ്രേക്ഷകര്‍ മുന്‍പും സാക്ഷികളായിട്ടുണ്ട്. അത്തരത്തിലുള്ള സംഭവങ്ങള്‍ ഇന്നുമുണ്ടായി. ഈ സീസണില്‍ ടൈറ്റില്‍ വിന്നര്‍ ആയില്ലെങ്കിലും പ്രേക്ഷക മനസ്സുകളില്‍ സ്ഥാനം നേടി പുറത്തേക്ക് പോകുന്നവര്‍ ആരായിരിക്കുമെന്നും തലകുനിച്ച് മടങ്ങേണ്ടവര്‍ ആരായിരിക്കുമെന്നും ഓരോരുത്തരും പറയാനായിരുന്നു ബിഗ് ബോസിന്‍റെ നിര്‍ദ്ദേശം. ആദ്യം സംസാരിക്കാനെത്തിയ സജിന നേട്ടമുണ്ടാക്കുന്ന ആളായി മണിക്കുട്ടന്‍റെ പേരാണ് പറഞ്ഞത്. തലകുനിക്കേണ്ടി വരുന്നത് സൂര്യക്കായിരിക്കുമെന്നും സജിന പറഞ്ഞു. അതിന്‍റെ കാരണമായി സജിന പറഞ്ഞത് തനിക്കും ഫിറോസിനും സൂര്യയെ നേരത്തെ അറിയാമെന്നും തങ്ങള്‍ക്കറിയാവുന്ന സൂര്യ ഇതല്ലെന്നും ആയിരുന്നു. മുന്‍പ് പലയാവര്‍ത്തി ഫിറോസും പറഞ്ഞിട്ടുള്ള കാര്യമാണ് ഇത്.
ടാസ്‍കില്‍ പറഞ്ഞ കാര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ടാസ്‍കിനു ശേഷവും നീണ്ടു. തന്നെക്കുറിച്ച് ഉറക്കെ സംസാരിക്കുന്നതു കേട്ടു ചെന്ന സൂര്യയോട് മുഖത്തുനോക്കി സജിന 'ഫേക്ക്' എന്നു വിളിച്ചു. "ഈ ഗെയിം എന്താണെന്ന് ശരിക്കു മനസിലാക്കിയാണ് സൂര്യ ഇവിടെ നില്‍ക്കുന്നത്. അതിനൊരു ഉദാഹരണമാണ് സൂര്യ മോഡേണ്‍ ഡ്രസ്സുകള്‍ ഇവിടെ ധരിക്കാത്തത്. എന്നാല്‍ പുറത്ത് അത്തരം വസ്ത്രങ്ങള്‍ സൂര്യ ധരിക്കാറുണ്ട്. ഒരിക്കല്‍ ഞാന്‍ ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇത് കുടുംബപ്രേക്ഷകര്‍ കാണുന്ന ഷോയല്ലേ എന്നായിരുന്നു സൂര്യയുടെ മറുപടി", സജിന പറഞ്ഞു.
പിന്നീട് ഏറെനേരം കരഞ്ഞു വിഷമിച്ചിരുന്ന സൂര്യയെ ആശ്വസിപ്പിക്കാന്‍ റംസാന്‍, സന്ധ്യ, നോബി, മണിക്കുട്ടന്‍ എന്നിവരൊക്കെ ശ്രമിക്കുന്നുണ്ടായിരുന്നു. അതേസമയം ഡൈനിംഗ് ടേബിളിനടുത്ത് ഇരുന്ന സജിന സൂര്യയുടെ പ്രണയവും ഒരു സ്ട്രാറ്റജിയാണെന്ന് ആരോപിക്കുന്നുണ്ടായിരുന്നു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ