'കാബൂളിവാലയില്‍ കാസ്റ്റ് ചെയ്തതിനുശേഷം ഒഴിവാക്കി'; ബിഗ് ബോസില്‍ ജീവിതം പറഞ്ഞ് ഷിജു

Published : Mar 30, 2023, 06:40 PM IST
'കാബൂളിവാലയില്‍ കാസ്റ്റ് ചെയ്തതിനുശേഷം ഒഴിവാക്കി'; ബിഗ് ബോസില്‍ ജീവിതം പറഞ്ഞ് ഷിജു

Synopsis

"മൂന്ന് ദിവസം കൊണ്ട് തമിഴില്‍ 13 സിനിമകളാണ് ഞാന്‍ കമ്മിറ്റ് ചെയ്തത്. ഞാനൊരു കോണ്ടസ കാര്‍ ഒക്കെ വാങ്ങുന്നു. ഈ സമയത്താണ് തമിഴ് സിനിമാ വ്യവസായത്തില്‍ ഫെഫ്‍സി സംഘടനയുടെ സമരം നടക്കുന്നത്."

ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലുമായി പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ഷിജു. എന്നാല്‍ ബിഗ് ബോസില്‍ തന്നെ അദ്ദേഹം പറഞ്ഞതുപോലെ പലര്‍ക്കും ഷിജുവിന്‍റെ പേര് അറിയില്ല. അതേസമയം ആളെ മുഖപരിചയമുണ്ട് താനും. തന്‍റെ പേര് രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ടിയാണ് ബിഗ് ബോസിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമാ ജീവിതത്തില്‍ താന്‍ നേരിട്ട പരീക്ഷണങ്ങളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും പറയുകയാണ് ഷിജു എ ആര്‍. സ്വന്തം ജീവിതാനുഭവങ്ങള്‍ പറയാനുള്ള സെഗ്‍മെന്‍റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷിജു പറയുന്നു

മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ഡിപ്ലോമ കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണ് സൂപ്പര്‍ഹിറ്റ് ഡയറക്ടറായ സിദ്ദിഖ് ലാലിന്റെ കാബൂളിവാല എന്ന സിനിമയിലേക്ക് വിളിക്കുന്നത്. പിന്നീട് ഒരു സുപ്രഭാതത്തില്‍ ഞാനല്ല അതില്‍ ഹീറോ എന്നുപറഞ്ഞ് നാന വാരികയില്‍ വരുന്നു. എന്‍റെ ആദ്യത്തെ തകര്‍ച്ച അതായിരുന്നു. ബൈക്കില്‍ ലോകപര്യടനത്തിന് പുറപ്പെട്ടിരുന്നു ആ സമയത്ത് എന്‍റെ സഹോദരന്‍. ആ സമയത്ത് ഊട്ടിയില്‍ ഉണ്ടായിരുന്ന അവന്‍ എന്നോട് ചെന്നൈയ്ക്ക് വണ്ടി കയറാന്‍ പറഞ്ഞു. 1993 ഡിസംബര്‍ 20 ന് എല്ലാവിധ പ്രതിക്ഷകളോടെയും ഞാന്‍ ചെന്നൈയില്‍ ചെന്നിറങ്ങുകയാണ്. പല സംവിധായകരുടെയും അടുത്തെത്തുക എന്ന് പറയുന്നത് തന്നെ വലിയ പ്രയാസമായിരുന്നു. ഒരു ദിവസം ദി സിറ്റി എന്ന സിനിമയുടെ ഓഡ‍ിഷന് എന്നെ വിളിക്കുന്നു. അവര്‍ പറയുന്ന രീതിയില്‍ ഞാന്‍ അഭിനയിക്കുന്നു. എന്‍റെ കൂടെ അഭിനയിക്കേണ്ടത് ആനന്ദ് രാജ്, കല്യാണ്‍ കുമാര്‍, സാവിത്രി എന്നിവരായിരുന്നു. ഇവരുടെയൊക്കെ ഉയരം അഞ്ചടി രണ്ട് ഇഞ്ച് ഒക്കെയാണ്. ഒരു കുടുംബത്തിലെ അംഗങ്ങളില്‍ ഒരാള്‍ക്ക് മാത്രം പൊക്കം കൂടുതലാവുന്നത് ശരിയാവില്ലെന്ന് പറഞ്ഞ് അവിടെയും ഞാന്‍ ഒഴിവാക്കപ്പെട്ടു. ആ നിമിഷം എന്‍റെ കാല്‍ക്കീഴിലുള്ള ഭൂമി ഇല്ലാതായിപ്പോയ അവസ്ഥയായിരുന്നു. 

പിന്നീടാണ് മഹാപ്രഭു എന്ന തമിഴ് പടം കിട്ടുന്നത്. വില്ലന്‍റെ മകന്‍റെ കഥാപാത്രമായിരുന്നു. 5000 രൂപ പ്രതിഫലം. അതില്‍ എന്‍റെ അച്ഛനായി വന്നത് രാജന്‍ പി ദേവ് സാര്‍ ആയിരുന്നു. സിദ്ദിഖ് ഷമീര്‍ സംവിധാനം ചെയ്ത മഴവില്‍ക്കൂടാരത്തില്‍ രാജന്‍ ചേട്ടന്‍ പറഞ്ഞതുപ്രകാരം എനിക്ക് അവസരം കിട്ടി. ഇതേ സംവിധായകന്‍റെ അടുത്ത പടത്തില്‍ ഞാന്‍ ഹിറോ ആയി. ഇഷ്ടമാണ് നൂറുവട്ടമായിരുന്നു ആ സിനിമ. കോടി രാമകൃഷ്ണ എന്ന തെലുങ്ക് സംവിധായകന്‍റെ പടമാണ് പിന്നീട് ലഭിച്ചത്. മഹാപ്രഭുവിലെ പ്രകടനം കണ്ടാണ് അദ്ദേഹം വിളിപ്പിച്ചത്. 2 ലക്ഷമാണ് പ്രതിഫലമെന്നും അതിനു മുകളില്‍ ചോദിക്കരതെന്നും ചെന്നപ്പോള്‍ പറഞ്ഞു. 2 ലക്ഷം എന്ന് കേട്ടപ്പോള്‍ എന്‍റെ തല കറങ്ങി. പിന്നീടുള്ള രണ്ട് ദിവസങ്ങള്‍ കൂടി ചേര്‍ത്ത് തമിഴില്‍ 13 സിനിമകളാണ് ഞാന്‍ കമ്മിറ്റ് ചെയ്തത്. ഞാനൊരു കോണ്ടസ കാര്‍ ഒക്കെ വാങ്ങുന്നു. ഈ സമയത്താണ് തമിഴ് സിനിമാ വ്യവസായത്തില്‍ ഫെഫ്‍സി സംഘടനയുടെ സമരം നടക്കുന്നത്. തമിഴ് സിനിമാ വ്യവസായം സ്തംഭിച്ചു. ഒരു സിനിമ പോലും തുടങ്ങാന്‍ പറ്റില്ല എന്ന് വന്നു. 

 

ആറ് മാസം സമരം നീണ്ടു. ജയലളിതയുടെ നേതൃത്വത്തിലുള്ള ചര്‍ച്ചയില്‍ ഇന്‍ഡസ്ട്രി ഒരു തീരുമാനം എടുക്കുകയാണ്. താരമൂല്യമുള്ള നായകന്മാരെ വച്ച് മാത്രം പടമെടുത്താല്‍ മതി. ഞാന്‍ കമ്മിറ്റ് ചെയ്ത 12 പടങ്ങളും ക്യാന്‍സല്‍ ആയിപ്പോയി. ശൂന്യതയും ദാരിദ്ര്യവുമായിരുന്നു മുന്നില്‍. വണ്ടിക്കൂലി ഇല്ലാത്തതുകൊണ്ട് കിലോമീറ്ററുകള്‍ നടന്ന് യാത്ര ചെയ്ത കാലം. കോടി രാമകൃഷ്ണയുടെ ദേവി എന്ന ഭക്തി സിനിമയുടെ പ്രിവ്യൂ കണ്ടപ്പോള്‍ ഈ പടത്തിനുവേണ്ടിയാണോ മൂന്ന് വര്‍ഷം കളഞ്ഞതെന്നാണ് തോന്നിയത്. പക്ഷേ 475 ദിവസമാണ് ആ പടം ഓടിയത്. തെലുങ്കില്‍ അഭിനയിച്ച 75 ശതമാനം സിനിമകളും ഹിറ്റ് ആണ്. കരിയര്‍ വീണ്ടും മികച്ച നിലയില്‍ ആയ സമയത്താണ് ഒരു സംഘട്ടനരംഗത്തിന്‍റെ ഷൂട്ടിനിടെ പരിക്ക് പറ്റുന്നത്. ഡിസ്ക് തെന്നി ഒരു വര്‍ഷത്തോളം കിടപ്പിലായി. പിന്നീടാണ് സീരിയലിലേക്ക് എത്തിയത്. ഇപ്പോള്‍ ഞാന്‍ സ്ക്രീനില്‍ എന്തെങ്കിലും കാണിക്കുന്നുണ്ടെങ്കില്‍ അത് എന്‍റെ പാഷന്‍ കൊണ്ട് മാത്രമാണ്. ഇനിയും അത് തന്നെയേ ഞാന്‍ ചെയ്യൂ,

ALSO READ : സംവിധാനം വിനീത് കുമാര്‍, നായകനും നിര്‍മ്മാതാവും ദിലീപ്; 'ഡി 149' തുടങ്ങി

PREV
Read more Articles on
click me!

Recommended Stories

കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്