ആരാണ് അനീഷിന് ശേഷമുള്ള ആ 'കോമണര്‍'? ബിഗ് ബോസിലേക്ക് അടുത്ത വൈല്‍ഡ് കാര്‍ഡ് എന്‍ട്രി

Published : Aug 30, 2025, 08:09 PM IST
The Marketing Mallu praveen p as a commoner wild card entry in bbms7

Synopsis

ഷോ അഞ്ചാം വാരത്തിലേക്ക് കടക്കുമ്പോഴാണ് അഞ്ച് വൈല്‍ഡ് കാര്‍ഡുകള്‍ എത്തിയിരിക്കുന്നത്

ബിഗ് ബോസ് മലയാളം സീസണ്‍ 7 പ്രേക്ഷകരെയും മത്സരാര്‍ഥികളെയും സംബന്ധിച്ച് ആവേശകരമായ ദിവസമാണ് ഇന്ന്. ഷോ ആരംഭിച്ച് ഒരു മാസം പിന്നിടാന്‍ ഒരുങ്ങുമ്പോള്‍ ഒരു കൂട്ടം വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളെ ഹൗസിലേക്ക് കടത്തി വിട്ടിരിക്കുകയാണ് ബിഗ് ബോസ്. അഞ്ച് വൈല്‍ഡ് കാര്‍ഡുകളാണ് ഇന്ന് ഹൗസില്‍ എത്തിയത്. അതിലൊരാള്‍ കോമണര്‍ ആണ്. അനീഷിന് ശേഷം ഈ സീസണില്‍ മത്സരിക്കാനെത്തുന്ന രണ്ടാമത്തെ കോമണര്‍ ആണ് അത്. ദി മാര്‍ക്കറ്റിംഗ് മല്ലു എന്ന ഇന്‍സ്റ്റഗ്രാം ഐഡിയില്‍ വീഡിയോകള്‍ ചെയ്യുന്ന പ്രവീണ്‍ പി ആണ് വൈല്‍ഡ് കാര്‍ഡ് ആയി എത്തിയിരിക്കുന്ന മത്സരാര്‍ഥി.

സാമ്പത്തികവും തൊഴില്‍പരവുമായ ഉള്ളടക്കങ്ങളടക്കം മനുഷ്യര്‍ക്ക് നിത്യജീവിതത്തില്‍ അറിയേണ്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഉള്ളതാണ് പ്രവീണിന്‍റെ വീഡിയോകള്‍. ഇന്‍സ്റ്റഗ്രാമില്‍ ഇദ്ദേഹത്തിന് മൂന്നര ലക്ഷത്തില്‍ അധികം ഫോളോവേഴ്സ് ആണ് ഉള്ളത്. അതേസമയം യുട്യൂബില്‍ 5800 ല്‍ അധികം സബ്സ്ക്രൈബേഴ്സ് ആണ് ഉള്ളത്. അധികം പ്രശസ്തന്‍ അല്ലാത്തതിനാല്‍ത്തന്നെ ഹൗസില്‍ നിലവിലുള്ള മത്സരാര്‍ഥികളില്‍ പ്രവീണിനെ അറിയുന്നവര്‍ ചുരുങ്ങും.

നാല് ആഴ്ചത്തെ ഗെയിം കണ്ടിട്ട് വരുന്നു എന്നതാണ് പ്രവീണിനും മറ്റ് നാല് വൈല്‍ഡ് കാര്‍ഡുകള്‍ക്കുമുള്ള ഏറ്റവും വലിയ അഡ്വാന്‍റേജ്. പുറത്തിരുന്ന് കണ്ടതനുസരിച്ച് തയ്യാറാക്കിയ പ്ലാനിംഗുമായി ആയിരിക്കും എല്ലാവരും ഹൗസിലേക്ക് എത്തിയിരിക്കുന്നത്. എന്നാല്‍ ഹൗസിലേക്ക് എത്തി മുന്നോട്ട് പോകുമ്പോള്‍ അത്തരം പ്ലാനിംഗിനൊപ്പം അധിക ദിവസം ആയുസ് ഉണ്ടാവാറില്ല എന്നതാണ് യാഥാര്‍ഥ്യം. നാല് ആഴ്ചകള്‍ വെല്ലുവിളികളെയും വോട്ടിംഗിനെയും അതിജീവിച്ച് നിന്ന മത്സരാര്‍ഥികളുടെ അത്മവിശ്വാസം വലുതായിരിക്കും. അവരോടാണ് ഇന്ന് മുതല്‍ മത്സരിക്കേണ്ടത് എന്നത് വൈല്‍ഡ് കാര്‍ഡുകള്‍ക്ക് മുന്നിലുള്ള വെല്ലുവിളിയാണ്. ഈ വെല്ലുവിളിയെ ആരൊക്കെ അതിജീവിക്കും എന്നത് കാത്തിരുന്ന് കാണാം.

ബിഗ് ബോസ് തുടങ്ങിയപ്പോള്‍ ഉള്ളതിനേക്കാള്‍ എണ്ണം മത്സരാര്‍ഥികളും അഞ്ചാം വാരം ആരംഭിക്കുന്ന സമയത്താണ് എന്നതും ശ്രദ്ധേയം. സീസണ്‍ 7 ലോഞ്ച് എപ്പിസോഡില്‍ 19 മത്സരാര്‍ഥികളെയാണ് മോഹന്‍ലാല്‍ പരിചയപ്പെടുത്തിയത്. ആ സമയത്ത് ആദിലയും നൂറയും ഒറ്റ മത്സരാര്‍ഥി ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ രണ്ട് മത്സരാര്‍ഥികളാണ്. നാല് പേര്‍ എവിക്ഷനിലൂടെ പുറത്തായി. വൈല്‍ഡ് കാര്‍ഡുകള്‍ കൂടി എത്തിയതോടെ ഹൗസില്‍ നിലവില്‍ 21 മത്സരാര്‍ഥികളാണ് ഉള്ളത്.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്