
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ദീപക് ചാഹറിന്‍റെ സഹോദരി മാലതി ചഹാർ ഹിന്ദി ബിഗ് ബോസ് 19-ാം സീസണിൽ രണ്ടാമത്തെ വൈൽഡ് കാർഡ് മത്സരാർത്ഥിയായി എത്തി. ദീപക് ചാഹർ തന്നെയാണ് സഹോദരിയെ പരിചയപ്പെടുത്തിക്കൊണ്ട് സൽമാൻ ഖാൻ അവതരിപ്പിക്കുന്ന ഷോയിൽ അതിഥിയായി എത്തിയത്. ഞായറാഴ്ച വീട്ടിൽ പ്രവേശിച്ച മാലതി ഏത് ഗ്രൂപ്പുമായി ചേരുമെന്ന ഊഹാപോഹത്തിലാണ് മറ്റു മത്സരാർത്ഥികൾ. എന്നാൽ, മാലതിയുടെ വരവിൽ വീട്ടിൽ ഏറ്റവും കൂടുതൽ അസ്വസ്ഥത പ്രകടിപ്പിച്ചത് താനിയ മിത്തലാണ്.
ഇന്ത്യൻ ക്രിക്കറ്റ് താരം ദീപക് ചാഹറിന്‍റെ സഹോദരിയാണ് മാൾട്ടി ചാഹർ. ഒരു വിരമിച്ച എയർഫോഴ്സ് ഓഫീസറാണ് ഇവരുടെ പിതാവ്. ആഗ്രയിലാണ് ജനിച്ചതെങ്കിസും അച്ഛന്‍റെ ജോലിയുടെ ഭാഗമായി മാലതി പല സ്ഥലങ്ങളിലായിട്ടാണ് വളർന്നത്. ആഗ്രയിലെ കേന്ദ്രീയ വിദ്യാലയത്തിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ലഖ്‌നൗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ നിന്ന് സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ബിരുദം നേടി.
ബ്യൂട്ടി പേജന്‍റുകളിൽ പങ്കെടുത്താണ് മാലതി പ്രശ്തിയിലേക്ക് കടന്നത്. 2014ൽ ഫെമിന മിസ് ഇന്ത്യ ഡൽഹിയിൽ സെക്കൻഡ് റണ്ണറപ്പ് സ്ഥാനം നേടുകയും മിസ് ഫോട്ടോഷെനിക് ടൈറ്റിൽ കരസ്ഥമാക്കുകയും ചെയ്തു. 2019ലെ ഐപിഎൽ സമയത്താണ് ചെന്നൈ സൂപ്പർ കിംഗ്സിനായി ആവേശത്തോടെ ആർപ്പുവിളിക്കുന്ന മാലതി ശ്രദ്ധിക്കപ്പെടുന്നത്. 2018ൽ 'ജീനിയസ്' എന്ന സിനിമയിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച മാലതി, സദാ വ്യാഹ് ഹോയ ജി (2022), മാ ഓ മേരി മാ (2025) തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
2022-ൽ പുറത്തിറങ്ങിയ ഇഷ്ക് പശ്മീന എന്ന റൊമാന്‍റിക് സിനിമയിൽ ഒമിഷ എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചു. അഭിനയത്തിന് പുറമേ, സംവിധാനത്തിലേക്കും നിർമ്മാണത്തിലേക്കും ചുവടുവെച്ച മാലതി, അടുത്തിടെ 'ഓ മായേരി' എന്ന ഷോർട്ട് ഫിലിം എഴുതി സംവിധാനം ചെയ്തു. ഒരു മില്യണിലധികം ഫോളോവേഴ്‌സുള്ള മാലതിക്ക് ഇൻസ്റ്റാഗ്രാമിൽ ശക്തമായ സോഷ്യൽ മീഡിയ സാന്നിധ്യമുണ്ട്.
മാലതി ബിഗ് ബോസ് വീട്ടിൽ പ്രവേശിച്ചപ്പോൾ താനിയ മിത്തൽ ഒഴികെ എല്ലാവരും സ്നേഹത്തോടെ സ്വീകരിച്ചു. എന്നാൽ, "എനിക്ക് അവളെ അത്ര ആകർഷകമായി തോന്നിയില്ല" എന്നാണ് താനിയ പറഞ്ഞത്. താനിയയുടെ സുഹൃത്തുക്കളായ സീഷാൻ ക്വാഡ്രി, ബസീർ അലി, ഷെഹ്ബാസ് ബാദേ ഷാ എന്നിവർ മാൾട്ടിയെ ലഗ്ഗേജ് എടുക്കുന്നതിൽ സഹായിക്കാൻ മുന്നോട്ട് വന്നപ്പോൾ താനിയയ്ക്ക് അസൂയ ഉണ്ടായതായും കാണാമായിരുന്നു. ഷോയുടെ ഏറ്റവും പുതിയ പ്രൊമോയിൽ മാലതി, താനിയയുമായി ഏറ്റുമുട്ടുന്ന രംഗം കാണിക്കുന്നുണ്ട്. 'സാരി മാത്രമേ ധരിക്കാറുള്ളൂ' എന്ന താനിയയുടെ മുൻ വാദങ്ങളെ ചോദ്യം ചെയ്തുകൊണ്ട്, കാഴ്ചക്കാർ താനിയയുടെ പഴയ വീഡിയോകൾ കുത്തിപ്പൊക്കുകയാണെന്നും അതിൽ താനിയ മിനി സ്കർട്ടുകൾ ധരിക്കുന്നത് കാണാമെന്നും മാലതി തുറന്നടിച്ചു.