
ബിഗ് ബോസ് മലയാളം സീസൺ 7 അറുപത്തിയൊന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ മറ്റൊരു മത്സരാർത്ഥി കൂടി എവിക്ട് ആയിരിക്കുന്നു. അപ്രതീക്ഷിതമായ ഈ എവിക്ഷനിൽ പ്രേക്ഷകർ ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. ഡബിൾ എവിക്ഷൻ ആയിരുന്നു ഈ ആഴ്ചയും. അതിൽ നോമിനേഷനിൽ ഉള്ള ആദ്യ വ്യക്തിയാണ് ഇന്ന് വീടിന് പുറത്തേക്ക് പോയിരിക്കുന്നത്. നോമിനേഷൻ ലിസ്റ്റിലുള്ള ലക്ഷ്മി, സാബുമാൻ, ഒനീൽ, അനുമോൾ എന്നിവരെയാണ് ആദ്യ റൗണ്ട് എവിക്ഷൻ പ്രക്രിയയിലേക്ക് മോഹൻലാൽ തിരഞ്ഞെടുത്തത്. തുടർന്ന് പ്ലാസ്മ ടിവിയിൽ ഇത്രയും പേരുടെ ദൃശ്യം കാണിക്കുകയും അതിൽ വരുന്ന മത്സരാർത്ഥിക്ക് മോഹൻലാലിന്റെ അടുത്തേക്ക് വരാനുള്ള നിർദ്ദേശവുമാണ് അദ്ദേഹം നൽകുന്നത്.
ഒനീൽ ആണ് ഇത്തവണ എവിക്ട് ആയിരിക്കുന്നത്. വളരെ അപ്രതീക്ഷിത എവിക്ഷൻ ആയത് കൊണ്ട് തന്നെ ഹൗസിൽ എല്ലാവരും ഈ തീരുമാനത്തിൽ ഞെട്ടിയിരിക്കുകയാണ്. മാത്രമല്ല പ്രേക്ഷകരും സമാന അഭിപ്രായമാണ് പങ്കുവെക്കുന്നത്. ഒനീൽ ഒരു ശക്തനായ മത്സരാർത്ഥി ആയിരുന്നുവെന്നും, അതിലും മോശം മത്സരാർത്ഥികൾ വീട്ടിൽ ഉള്ളപ്പോൾ ഇതൊരു മികച്ച തീരുമാനമായി തോന്നുന്നില്ലെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. എന്തായാലും എവിടെയാണ് ഒനീലിന് പിഴച്ചതെന്നും പ്രേക്ഷകർ ചർച്ച ചെയ്യുന്നുണ്ട്.
ഭക്ഷണം, നിയമം, ചരിത്രം, കഥപറച്ചിൽ ഇങ്ങനെ വൈവിധ്യപൂർണ്ണമായ വഴികളൊക്കെ മനോഹരമായി ചേരുന്ന ഒരു മനുഷ്യൻ. അതാണ് ഒണിയൽ സാബു. ബിഗ് ബോസ് മലയാളത്തിൻറെ ചരിത്രത്തിൽത്തന്നെ ഒരുപക്ഷേ ഇത്തരത്തിൽ തികച്ചും വ്യത്യസ്തമായ ജീവിതവഴികളിൽ നിന്നുള്ള ഒരു മത്സരാർഥി എത്തിയിട്ടുണ്ടാവില്ല.
എഫ്‍സി ബോയ് എന്നാണ് ഒണിയൽ സാബുവിൻറെ ഇൻസ്റ്റഗ്രാം ഐഡി. അതിലെ എഫ്സി എന്നത് ഫോർട്ട് കൊച്ചിയുടെ ചുരുക്കെഴുത്താണ്. നാടിനെ അത്രയും സ്നേഹിക്കുന്ന അതിൻറെ കഥകളും പുരാവൃത്തവുമൊക്കെ മറ്റുള്ളവരോട് മനോഹരമായ ഭാഷയിൽ പറഞ്ഞുകൊടുക്കാനും സ്വാദിഷ്ടമായ ഭക്ഷണം പരിചയപ്പെടുത്താനും കഴിയുന്ന ഒരാൾ. നാടിൻറെ പരിമിതവൃത്തം വിട്ട് പുറത്ത് പോയാൽ മാത്രമേ സ്വന്തം നാടിനെ ശരിക്കും വിലയിരുത്താനാവൂ എന്ന് പറയാറുണ്ട്. ഫോർട്ട് കൊച്ചിയോടുള്ള ഒണിയൽ സാബുവിൻറെ മതിപ്പും അങ്ങനെയുള്ള സഞ്ചാരത്തിന് ശേഷം വന്നതാണ്.
യുഎഇയിലെ ഫുജൈറയിലായിരുന്നു സാബുവിൻറെ കുട്ടിക്കാലം. പത്താം ക്ലാസിന് ശേഷമാണ് മാതാപിതാക്കളുടെ നാടായ ഫോർട്ട് കൊച്ചിയിലേക്ക് സാബു എത്തുന്നത്. അമ്മൂമ്മ പറഞ്ഞ കഥകളിലൂടെയാണ് ഫോർട്ട് കൊച്ചിയെക്കുറിച്ച് സാബു അറിയാൻ തുടങ്ങുന്നത്. അവിടുത്തെ വൈവിധ്യമാർന്ന വിഭവങ്ങളും സാബുവിൽ വലിയ മതിപ്പാണ് ഉണ്ടാക്കിയത്. പരേഡ് ഗ്രൗണ്ടിലും വെളി മൈതാനത്തും പുതിയ സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിച്ച സാബു നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ് ലീഗൽ സ്റ്റഡീസിൽ പഠനവും ആരംഭിച്ചു. എന്നാൽ ആ സമയത്ത് ഫോർട്ട് കൊച്ചിയോട് വലിയൊരു കണക്ഷൻ തനിക്ക് തോന്നിയിരുന്നില്ലെന്ന് സാബു പറഞ്ഞിട്ടുണ്ട്.
സതാംപ്റ്റൺ യൂണീവേഴ്സിറ്റിയിലാണ് നിയമപഠനം അദ്ദേഹം പൂർത്തിയാക്കിയത്. ഒരു ഗോവ ട്രിപ്പിനിടെ ഒരു മുതിർന്ന ബന്ധുവാണ് വേരുകളിലേക്ക് മടങ്ങേണ്ടതിൻറെ ആവശ്യകതയെക്കുറിച്ച് സാബുവിനെ പിന്നീട് ബോധ്യപ്പെടുത്തുന്നത്. പിന്നീടാണ് സഞ്ചാരികൾക്ക് സ്വന്തം നാടിനെ പരിചയപ്പെടുത്തുന്ന സ്പൂക്ക് ട്രെയിൽ സെഷനുകൾ (രാത്രികളിലുള്ള കഥപറച്ചിലുകൾ) ഒണിയൽ സാബു ആരംഭിക്കുന്നത്. അത് ഏറെ ശ്രദ്ധേയമാവുകയും ചെയ്തു. കമ്യൂണിറ്റി മേശ എന്ന പേരിലാണ് ഒണിയൽ സാബുവിൻറെ മറ്റൊരു വ്യത്യസ്ത സംരംഭം. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കലിനൊപ്പം വിളമ്പുന്ന ഓരോ വിഭവങ്ങൾക്കും പിറകിലുള്ള ചരിത്രവും കഥകളുമൊക്കെ പരിചയപ്പെടുത്തുന്ന ഇടം കൂടിയാണ് ഇത്.