
ബിഗ് ബോസ് മലയാളം സീസൺ 7 ഗ്രാന്റ് ഫിനാലെ ആരംഭിക്കാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കി. ആരാകും ടൈറ്റിൽ വിന്നറാകുക എന്നറിയാൻ കാത്തിരിക്കുകയാണ് ഏവരും. അനുമോൾ, അനീഷ്, ഷാനവാസ്, അക്ബർ, നെവിൻ എന്നിവരാണ് ഫൈനലിൽ മാറ്റുരയ്ക്കുന്നത്. പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് വിജയി ആരെന്നത് ഉറപ്പിക്കുക. തതവസരത്തിൽ ബിഗ് ബോസിലെ വോട്ടുകളുടെ സത്യസന്ധതയെ കുറിച്ച് സംസാരിക്കുകയാണ് സീസൺ 5 വിജയി അഖിൽ മാരാർ.
"ഹോട്സ്റ്റാറിൽ റോബോട്ടിക് ആയിട്ടുള്ള, വ്യാജ വോട്ടുകളും വരാനുള്ള സാധ്യതകളൊക്കെ ഉണ്ട്. പക്ഷേ അതെല്ലാം പിടിക്കപ്പെടും. വ്യാജമായിട്ട്, കമ്പ്യൂട്ടറായിട്ടറൈസിഡ് ആയിട്ട് ചെയ്ത് വയ്ക്കുന്ന വോട്ടുകൾ പിടിക്കപ്പെടും. സത്യസന്ധമായ അക്കൗണ്ടുകളിൽ നിന്നും വരുന്ന വോട്ടുകളാകും രേഖപ്പെടുത്തുന്നത്. ഏതെങ്കിലും മത്സരാർത്ഥികൾക്ക് തനിക്ക് ലഭിച്ച വോട്ട് കുറഞ്ഞ് പോയെന്ന് തോന്നുന്നുവെങ്കിൽ, അല്ലെങ്കിൽ തനിക്ക് ഇതിനെക്കാൾ കൂടുതൽ വോട്ട് കിട്ടുമെന്ന് തോന്നുന്നുണ്ടെങ്കിൽ 100 ശതമാനവും പരാതിപ്പെടാനുള്ള സംവിധാനം ഉണ്ട്. വളരെ കൃത്യമായാണ് എല്ലാം. ഏഷ്യാനെറ്റോ, എന്റമോൾ ഷൈനോ അല്ല് മറ്റൊരു ഏജൻസിയാണ് വോട്ടിംഗ് കാര്യങ്ങൾ നോക്കുന്നത്. അതുകൊണ്ട് തന്നെ കോടതിയിൽ വരെ നിങ്ങൾക്ക് പോകാം. ലാലേട്ടനെ വരെ നിങ്ങൾക്ക് ചോദ്യം ചെയ്യാനുള്ള സാഹചര്യം ഇതിനകത്തുണ്ട്. സംശയങ്ങൾ ഉള്ളവർക്ക് നിയമപരമായി നേരിടാൻ കഴിയുമെന്ന് പറയുകയാണ്", എന്നാണ് അഖിൽ മാരാർ പറഞ്ഞത്.
ഓഗസ്റ്റ് 3ന് ആയിരുന്നു ബിഗ് ബോസ് സീസൺ 7 ആരംഭിച്ചത്. വൈൽഡ് കാർഡ് മത്സരാർത്ഥികൾ അടക്കം 25 പേരായിരുന്നു ഷോയിൽ ഉണ്ടായിരുന്നത്. ഓരോ ആഴ്ചയിലേയും പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഏറ്റവും കുറവ് വോട്ട് ലഭിച്ച് രണ്ടും മൂന്നും മത്സരാർത്ഥികൾ എവിക്ട് ആയി. ഏറ്റവും ഒടുവിൽ അനുമോൾ, അനീഷ്, ഷാനവാസ്, അക്ബർ, നെവിൻ എന്നിവർ ബാക്കിയാകുകയും ചെയ്തു.