വിജയിക്ക് 43,05,210 രൂപ? സസ്പെന്‍സ് നിലനിര്‍ത്തി ബി​ഗ് ബോസ്, ഫിനാലെ വേദിയില്‍ സര്‍പ്രൈസ് പ്രതീക്ഷിക്കാമോ?

Published : Nov 09, 2025, 04:49 PM IST
what will be the prize money for bigg boss malayalam season 7 title winner

Synopsis

ബിഗ് ബോസ് മലയാളം സീസൺ 7-ൻ്റെ ഗ്രാൻഡ് ഫിനാലെ അടുത്തിരിക്കെ, വിജയിയുടെ സമ്മാനത്തുകയെക്കുറിച്ചും ആകാംക്ഷ

ബി​ഗ് ബോസ് മലയാളം സീസണ്‍ 7 വിജയി അരെന്നറിയാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ കൂടി മാത്രം. ഇന്ന് വൈകിട്ട് 7 മണിക്കാണ് ​ഗ്രാന്‍ഡ് ഫിനാലെയുടെ സംപ്രേഷണം ഏഷ്യാനെറ്റിലും ജിയോ ഹോട്ട്സ്റ്റാറിലുമായി നടക്കുക. സര്‍പ്രൈസുകള്‍ പലത് ഉണ്ടായിരുന്ന ഈ സീസണില്‍ അത്തരത്തിലൊന്ന് ഫിനാലെ വേദിയിലും നിലവിലെ മത്സരാര്‍ഥികള്‍ പ്രതീക്ഷിക്കുന്നുണ്ട്. ടൈറ്റില്‍ വിജയിക്ക് ലഭിക്കുന്ന തുക സംബന്ധിച്ചാണ് അത്. 50 ലക്ഷം രൂപയാണ് തത്വത്തില്‍ സീസണ്‍ 7 ലെ ടൈറ്റില്‍ വിജയിക്കുള്ള തുക. എന്നാല്‍ ഏഴിന്‍റെ പണി എന്ന ടാ​ഗ് ലൈനില്‍ എത്തിയ ഇത്തവണത്തെ സീസണില്‍ മത്സരാര്‍ഥികളുടെ മുന്‍കൂട്ടിയുള്ള പ്ലാനിം​ഗുകള്‍ ബി​ഗ് ബോസ് പൊളിച്ചിരുന്നു. അതിലൊന്ന് മണി ബോക്സ് എടുക്കുന്ന കാര്യമായിരുന്നു.

മത്സരാര്‍ഥികള്‍ക്ക് പണപ്പെട്ടി എടുത്ത് ഷോ ക്വിറ്റ് ചെയ്യാന്‍ സാധിക്കുന്ന, ബി​ഗ് ബോസിലെ ഏറ്റവും കൗതുകം നിറഞ്ഞ ടാസ്കുകളിലൊന്നാണ് മണി ബോക്സ് ടാസ്ക്. ടോപ്പ് 5 തീരുമാനിക്കപ്പെടുന്നതിന് മുന്‍പായി വരുന്ന ഈ ടാസ്കില്‍ പണമെടുക്കാന്‍ പല മത്സരാര്‍ഥികളും താല്‍പര്യം പരസ്പരം അറിയിച്ചിരുന്നു. അക്കാര്യത്തില്‍ ചര്‍ച്ചകളും പ്ലാനിം​ഗുമൊക്കെ അവര്‍ നടത്തിയിരുന്നു. എന്നാല്‍ ബി​ഗ് ബോസ് അവിടെയും ട്വിസ്റ്റ് കൊണ്ടുവന്നു. മുന്‍ വര്‍ഷങ്ങളിലേതുപോലെ ആയിരുന്നില്ല ഇത്തവണത്തെ മണി ടാസ്ക്. ഒരു ടാസ്ക് ആയിരുന്നില്ല, മറിച്ച് പല ടാസ്കുകള്‍ ചേര്‍ന്ന് എല്ലാ മത്സരാര്‍ഥികള്‍ക്കും പണം നേടാവുന്ന ഒരു വാരമാണ് ബി​ഗ് ബോസ് സംഘടിപ്പിച്ചത്. ബി​ഗ് ബാങ്ക് വീക്ക് എന്നായിരുന്നു ഇതിന്‍റെ പേര്.

എന്നാല്‍ അവിടെ വീണ്ടും ബി​ഗ് ബോസ് ഒരു ട്വിസ്റ്റ് കാത്തുവച്ചിരുന്നു. ഓരോ ടാസ്ക് കഴിയുമ്പോഴും മത്സരാര്‍ഥികള്‍ നേടുന്ന തുക ടൈറ്റില്‍ വിജയിക്ക് ലഭിക്കേണ്ട 50 ലക്ഷത്തില്‍ നിന്ന് കുറച്ചിരുന്നു. ഇതനുസരിച്ച് ബി​ഗ് ബാങ്ക് ടാസ്കുകള്‍ പൂര്‍ത്തിയായപ്പോള്‍ 43,05,210 രൂപയാണ് ടൈറ്റില്‍ വിജയിയുടെ സമ്മാനത്തുകയില്‍ അവശേഷിക്കുന്നത്. അച്ചടക്ക നടപടിയുടെ പേരില്‍ ബി​ഗ് ബാങ്ക് വീക്കില്‍ പങ്കെടുക്കാനാവാതെയിരുന്ന നെവിന് മാത്രമായി ഒരു ടാസ്ക് ബി​ഗ് ബോസ് പിന്നീട് നടത്തിയിരുന്നു. ഇതില്‍ 50,000 രൂപയാണ് നെവിന്‍ സ്വന്തമാക്കിയത്. ടൈറ്റില്‍ വിജയിക്കുള്ള തുകയില്‍ നിന്ന് ഇത് കൂടി കുറച്ചാല്‍ അത് 42,55,210 ആയി കുറയും.

എന്നാല്‍ ബി​ഗ് ബാങ്ക് വീക്കിന് ശേഷം ഇത്തരത്തില്‍ ടൈറ്റില്‍ വിജയിക്കുള്ള തുക കുറയ്ക്കുന്നതിനെക്കുറിച്ച് മത്സരാര്‍ഥികളുടെ അഭിപ്രായം ബി​ഗ് ബോസ് ചോദിച്ചിരുന്നു. ടൈറ്റില്‍ വിജയിക്കുള്ള സമ്മാനത്തുകയില്‍ നിന്ന് ഇത് കുറയ്ക്കരുത് എന്നാണ് ഭൂരിഭാഗം മത്സരാര്‍ഥികളും അഭിപ്രായപ്പെട്ടത്. ഇത് ബിഗ് ബോസ് മുഖവിലയ്ക്ക് എടുക്കുമോ, അതോ മത്സരാര്‍ഥികളെ വെറുതെ പറ്റിക്കാന്‍ വേണ്ടി മാത്രം നടത്തിയ ഒരു നീക്കമായിരുന്നോ ഇത് എന്നൊക്കെ അറിയാന്‍ ഫിനാലെ വേദിയില്‍ വിജയിയെ പ്രഖ്യാപിക്കപ്പെടുന്നതുവരെ കാത്തിരിക്കണം.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'അനീഷേട്ടനെ ഞാൻ തേച്ചിട്ടില്ല, പറയാനുള്ളത് കേൾക്കും മുൻപേ എഴുന്നേറ്റ് പോയി': വിശദീകരിച്ച് അനുമോൾ
കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ