
അടുത്ത സുഹൃത്തുക്കള്‍ ശത്രുതയിലേക്ക് പോവുന്നതും ശത്രുക്കളായിരുന്നവര്‍ പിണക്കം മറന്ന് സുഹൃത്തുക്കളാവുന്നതുമൊക്കെ ബിഗ് ബോസില്‍ സംഭവിക്കാറുള്ളതാണ്. സീസണ്‍ 7 എടുത്താല്‍ അത്തരത്തില്‍ മാറിമറിഞ്ഞ പല അടുപ്പങ്ങളുടെയും ഒരു വശത്ത് അനുമോള്‍ ഉണ്ടായിരുന്നു. ആദ്യം അടുത്ത സുഹൃത്ത് ആയിരുന്നിട്ട് പിന്നീട് അനുമോളുമായി അകന്ന ഒരാള്‍ ശൈത്യ ആയിരുന്നു. ഷോയില്‍ നിന്ന് എവിക്റ്റ് ആവുന്നതിന് മുന്‍പ് ശൈത്യ അനുമോളുമായുള്ള സൗഹൃദം അവസാനിപ്പിച്ചിരുന്നു. ഫിനാലെ വീക്കില്‍ തിരിച്ചെത്തിയപ്പോള്‍ അനുമോളോടുള്ള തന്‍റെ അനിഷ്ടം തുറന്ന് പ്രകടിപ്പിച്ചിരുന്നു ശൈത്യ. ആത്യന്തികമായി അനുമോള്‍ക്ക് പോസിറ്റീവ് ആയി വന്ന സംഭവങ്ങളിലേക്ക് നയിച്ചതില്‍ ഒരു പ്രധാന കാര്യം മടങ്ങിവരവിലെ ശൈത്യയുടെ പെരുമാറ്റം ആയിരുന്നു. ഇന്നത്തെ എപ്പിസോഡില്‍ ശൈത്യയോടുള്ള തന്‍റെ പിണക്കം ആരംഭിച്ചതിനെക്കുറിച്ച് അനുമോള്‍ പറയുന്നതും പ്രേക്ഷകര്‍ കണ്ടു.
ഹൗസിന് പുറത്ത് ഇരിക്കവെ ലക്ഷ്മിയോടാണ് അനുമോള്‍ ഇക്കാര്യം പറഞ്ഞത്. പുറത്തുനിന്ന് കളി കണ്ട് വന്ന വൈല്‍ഡ് കാര്‍ഡുകളുടെ വാക്ക് കേട്ടാണ് അനുമോള്‍ തന്നില്‍ നിന്ന് അകന്നതെന്നാണ് ശൈത്യ പറഞ്ഞിരുന്നത്. എന്നാല്‍ അതിന് മുന്‍പേ തങ്ങള്‍ക്കിടയില്‍ അകല്‍ച്ച ഉണ്ടായിരുന്നുവെന്ന് അനുമോള്‍ ലക്ഷ്മിയോട് പറഞ്ഞു. “വൈല്‍ഡ് കാര്‍ഡുകള്‍ വരുന്നതിന് മുന്‍പേ ശൈത്യയും ഞാനുമായി പിണക്കം ഉണ്ടായിരുന്നു. ചെറിയ ചെറിയ കാര്യങ്ങള്‍ ആയിരുന്നു അതിന് കാരണം. എന്നാല്‍ ഞങ്ങള്‍ രണ്ട് പേരുടെയും ഈഗോ കാരണം അത് പിണക്കമായി തുടര്‍ന്നു”, അനുമോള്‍ പറഞ്ഞു.
“പിന്നീട് ഇവള്‍ (ശൈത്യ) അക്ബറിന്‍റെ ഗ്യാങ്ങില്‍ പോയി ഇരിക്കുന്നത് കണ്ടു. അവിടെ ചെന്ന് ഞാന്‍ എന്തിനാണ് വിളിക്കുന്നത് എന്ന് തോന്നി. ഞാനൊരു ഗെയിമര്‍ അല്ലേ എന്ന് അപ്പോള്‍ സ്വയം ഓര്‍ത്തു. ഇപ്പോള്‍ വന്നപ്പോള്‍ ആര്യനോട് എനിക്ക് ക്രഷ് ആയിരുന്നു എന്നൊക്കെ ശൈത്യ പറയുന്നത് കേട്ടു. അപ്പോള്‍ ആളെക്കുറിച്ച് ശരിക്കും മനസിലായി”, ലക്ഷ്മിയോട് അനുമോള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം മുന്‍ സീസണുകളില്‍ നിന്നൊക്കെ വ്യത്യസ്തമായി ആരാവും അന്തിമ വിജയിയെന്ന് പ്രവചിക്കാനാവാത്ത സ്ഥിതിയാണ് സീസണ്‍ 7 അവസാനത്തോടടുക്കുമ്പോള്‍. അനീഷ്, അനുമോള്‍, നൂറ. ഷാനവാസ്, നെവിന്‍, അക്ബര്‍ എന്നിവരടങ്ങിയ ഫൈനല്‍ 6 ആണ് ഹൗസില്‍ നിലവില്‍ അവശേഷിക്കുന്നത്. ഒരാളെക്കൂടി എവിക്റ്റ് ചെയ്ത് ബിഗ് ബോസ് ഇത് ഫൈനല്‍ ഫൈവിലേക്ക് ചുരുക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.