'ബിഗ് ബോസില്‍ നിന്ന് എന്തുകൊണ്ട് സ്ത്രീകള്‍ തുടര്‍ച്ചയായി പുറത്താവുന്നു'? സംശയം പങ്കുവച്ച് മണിക്കുട്ടന്‍

By Web TeamFirst Published Apr 17, 2021, 7:37 PM IST
Highlights

സ്ത്രീകള്‍ മാത്രം തുടരെ പുറത്തായതിന് എന്തെങ്കിലും കാരണമുണ്ടോയെന്നും അവര്‍ക്കിടയിലെ ഒത്തൊരുമയില്ലായ്‍മയാണോ കാരണമെന്നും മണിക്കുട്ടന്‍ 

ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ വോട്ടിംഗിലൂടെ ഇതുവരെ പുറത്തായവരെല്ലാം സ്ത്രീ മത്സരാര്‍ഥികള്‍ ആയിരുന്നു. ലക്ഷ്‍മി ജയനാണ് ഈ സീസണില്‍ നിന്ന് ആദ്യം എവിക്റ്റ് ചെയ്യപ്പെടുന്ന മത്സരാര്‍ഥി. തുടര്‍ ആഴ്ചകളില്‍ മിഷേല്‍ ആന്‍ ഡാനിയേല്‍, എയ്ഞ്ചല്‍ തോമസ്, രമ്യ പണിക്കര്‍. മജിസിയ ഭാനു, ഭാഗ്യലക്ഷ്‍മി എന്നിവരും പുറത്തായി. (രമ്യ പണിക്കര്‍ രണ്ടാമതും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തി നിലവില്‍ ഹൗസില്‍ ഉണ്ട്) വോട്ടിംഗിലൂടെയല്ല, മറിച്ച് അച്ചടക്കലംഘനത്തിന്‍റെ പേരിലാണ് ഏറ്റവുമൊടുവില്‍ ഫിറോസ്-സജിന ഷോയില്‍ നിന്ന് പുറത്തായത്. സ്ത്രീ-പുരുഷ ഭേദമില്ലാതെ മത്സരാര്‍ഥികള്‍ എലിമിനേഷന്‍ ലിസ്റ്റില്‍ വന്നിട്ടും എന്തുകൊണ്ട് സ്ത്രീകള്‍ മാത്രം പുറത്താവുന്നുവെന്ന ചര്‍ച്ച കഴിഞ്ഞ ഏതാനും ആഴ്ചകളായി മത്സരാര്‍ഥികള്‍ക്കിടയില്‍ത്തന്നെ ഉയര്‍ന്നിട്ടുണ്ട്, വിശേഷിച്ചും സ്ത്രീ മത്സരാര്‍ഥികള്‍ക്കിടയില്‍. ഒരു വാരാന്ത്യ എപ്പിസോഡില്‍ ഭാഗ്യലക്ഷ്‍മി ഇക്കാര്യം മോഹന്‍ലാലിന്‍റെ ശ്രദ്ധയില്‍ത്തന്നെ പെടുത്തിയിരുന്നു. വെള്ളിയാഴ്ച എപ്പിസോഡില്‍ മണിക്കുട്ടന്‍ ഇതേക്കുറിച്ചുള്ള തന്‍റെ സംശയം അഡോണിയോട് ചോദിക്കുന്നത് പ്രേക്ഷകര്‍ കണ്ടു.

ഭാഗ്യലക്ഷ്‍മി ഒരിക്കല്‍ ഇക്കാര്യം മോഹന്‍ലാലിനോട് ചോദിക്കുന്നത് കണ്ടെന്നും എന്നാല്‍ അതിന്‍റെ കാരണം നിങ്ങള്‍ തന്നെ ആലോചിക്കൂ എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടിയെന്നും മണിക്കുട്ടന്‍ അഡോണിയോട് പറഞ്ഞു. സ്ത്രീകള്‍ മാത്രം തുടരെ പുറത്തായതിന് എന്തെങ്കിലും കാരണമുണ്ടോയെന്നും അവര്‍ക്കിടയിലെ ഒത്തൊരുമയില്ലായ്‍മയാണോ കാരണമെന്നും മണിക്കുട്ടന്‍ ചോദിച്ചു. എന്നാല്‍ എലിമിനേഷന്‍ ലിസ്റ്റിലേക്കുള്ള നോമിനേഷന്‍ പുരുഷന്മാരും സ്ത്രീകളുമൊന്നും ഗ്രൂപ്പായി തീരുമാനിച്ചല്ലല്ലോ ചെയ്യുന്നതെന്നും അത് സ്വാഭാവികമായി സംഭവിക്കുന്നതല്ലേ എന്നുമായിരുന്നു അഡോണിയുടെ മറുപടി. എന്നാല്‍ നോമിനേഷന്‍ ലിസ്റ്റ് പുറത്താക്കലിന്‍റെ ഒരു ഘട്ടം മാത്രം ആണെന്നും ആ ലിസ്റ്റില്‍ നിന്ന് ആര് പുറത്തുപോകണമെന്ന് തീരുമാനിക്കുന്നത് പ്രേക്ഷകര്‍ അല്ലേ എന്നുമായിരുന്നു മണിക്കുട്ടന്‍റെ ചോദ്യം.

ഫിറോസ്-സജിന അച്ചടക്കനടപടിയുടെ ഭാഗമായി പുറത്താവുന്നതുവരെ സ്ത്രീകള്‍ മാത്രം പുറത്തുപോയത് എന്തുകൊണ്ടെന്ന ചോദ്യം ഏതാനും ആഴ്ചകളായി ബിഗ് ബോസ് ഹൗസില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. സന്ധ്യയും ഭാഗ്യലക്ഷ്‍മിയും റിതുവും ഡിംപലുമൊക്കെ പലപ്പോഴായി ഇക്കാര്യം സംസാരിച്ചിരുന്നു. നിലവില്‍ അഞ്ച് സ്ത്രീ മത്സരാര്‍ഥികള്‍ മാത്രമാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ അവശേഷിക്കുന്നത്. ഡിംപല്‍, റിതു, സന്ധ്യ, രമ്യ, സൂര്യ എന്നിവരാണ് അവര്‍. ഒപ്പം ഏഴ് പുരുഷ മത്സരാര്‍ഥികളും ബിഗ് ബോസ് ഹൗസില്‍ ഇപ്പോഴുണ്ട്. അറുപതാം ദിനത്തിലേക്ക് അടുക്കുന്നതിനാല്‍ ഇനിയൊരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിക്ക് സാധ്യതയില്ല. 

click me!