
ബിഗ് ബോസ് മലയാളം സീസണ്‍ 3 62-ാം എപ്പിസോഡിലേക്ക് എത്തിയിരിക്കുകയാണ്. ഇനി 12 മത്സരാര്‍ഥികള്‍ അവശേഷിക്കുന്ന സീസണ്‍ ആവേശത്തിന്‍റെ കൊടുമുടിയിലാണ്. കണ്ടന്‍റ് ഏറെ സൃഷ്ടിച്ചിരുന്ന ഫിറോസ്-സജിന ദമ്പതികള്‍ പുറത്തായതോടെ ഹൗസിലെ ബലതന്ത്രത്തില്‍ വ്യത്യാസം വന്നിട്ടുമുണ്ട്. സ്വന്തം സ്ട്രാറ്റജി പുതിയ സാഹചര്യത്തിനനുസരിച്ച് പുതുക്കുന്നതിന്‍റെ ആലോചനകളിലാണ് പല മത്സരാര്‍ഥികളും. ഇന്നത്തെ എപ്പിസോഡില്‍ ആദ്യമുണ്ടായ ഒരു ഉരസല്‍ സായ് വിഷ്‍ണുവിനും ഡിംപല്‍ ഭാലിനുമിടയില്‍ ആയിരുന്നു.
ഹൗസിലെ ഒരു സുഹൃത്തിനെ മറ്റൊരിടത്തുവച്ച് ആദ്യമായി പരിചയപ്പെട്ടതിനെക്കുറിച്ച് ഭാവനയില്‍ ഒരു കഥ ഉണ്ടാക്കി പറയുക എന്നതായിരുന്നു ഇന്നത്തെ മോണിംഗ് ആക്റ്റിവിറ്റി. ടാസ്‍കില്‍ ആദ്യമായി പങ്കെടുക്കാനെത്തിയ നോബി റംസാനെ പരിചയപ്പെട്ടതിനെക്കുറിച്ച് നര്‍മ്മം നിറഞ്ഞ ഒരു കഥയുണ്ടാക്കി അവതരിപ്പിച്ച് പതിവുപോലെ എല്ലാവരുടെയും കൈയടി വാങ്ങി. ശേഷമെത്തിയ സായി പക്ഷേ മുനവച്ച് സംസാരിക്കാനാണ് ടാസ്‍ക് ഉപയോഗിച്ചത്. സംസാരിക്കാന്‍ വന്നുനിന്നപ്പോഴേ സായ് ഡിംപലിനോട് തനിക്കുള്ള ഒരു അതൃപ്തി അറിയിച്ചു. ഡിംപല്‍ അടുത്തിരുന്ന ആളോട് സംസാരിക്കുകയാണെന്നും താന്‍ എപ്പോള്‍ സംസാരിക്കാന്‍ വന്നുനിന്നാലും ഡിംപല്‍ ഇങ്ങനെ ആണെന്നും സായ് പറഞ്ഞു. പിന്നീട് പറഞ്ഞ ഭാവനയില്‍ അഡോണിയെക്കുറിച്ചാണ് സായ് പറഞ്ഞത്.
അഡോണിയെ പരിഹസിക്കാന്‍ ലക്ഷ്യം വച്ച് സൃഷ്ടിച്ച കഥയില്‍ ഡിംപല്‍ ഉള്‍പ്പെടെയുള്ളവരും കടന്നുവന്നു. ടാസ്‍കിനു ശേഷം സായ് വിഷ്‍ണുവിന്‍റെ പ്രകടനത്തെപ്പറ്റി പലരും സംസാരിക്കുന്നുണ്ടായിരുന്നു. കിടിലം ഫിറോസും റിതുവും ഇക്കാര്യം ബെഡ് ഏരിയയില്‍ വച്ച് ചര്‍ച്ചാവിഷയമാക്കിയപ്പോള്‍ ഡിംപലും അഡോണിയും വീടിനു പുറത്തുവച്ചും ഇക്കാര്യം സംസാരിച്ചു. മത്സരം മുറുകുകയാണെന്നും ഡിംപലിനെയും അഡോണിയെയും പ്രൊവോക്ക് ചെയ്യാനാണ് സായ് ശ്രമിക്കുന്നതെന്നും ഫിറോസ് റിതുവിനോട് പറഞ്ഞു. എന്നാല്‍ സായ് പലപ്പോഴും മോശമായി പെരുമാറിയിട്ടും ബിഗ് ബോസ് നടപടി സ്വീകരിക്കുന്നില്ലെന്നായിരുന്നു അഡോണിയോടുള്ള ഡിംപലിന്‍റെ പരാതി. "ഒരാള്‍ എത്രമാത്രം വിഷലിപ്‍തമായി ചിന്തിക്കുന്നു എന്നതിന്‍റെ ഉദാഹരണമാണ് സായ്. പക്ഷേ ഒരു നടപടിയും അവനെതിരെ എടുക്കുന്നില്ല. അതിന് സ്‍മാര്‍ട്ട് പ്ലേ എന്നും ഗെയിം പ്ലേ എന്നും സ്ട്രാറ്റജി എന്നും പേരിട്ട് അവനെ ഒഴിവാക്കുവാണ്", ഡിംപല്‍ പറഞ്ഞു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ