
തെന്നിന്ത്യന്‍ സിനിമകളില്‍ പലതും പാന്‍ ഇന്ത്യന്‍ റിലീസുകളായി വലിയ സാമ്പത്തിക വിജയം നേടിയ സമീപകാല ചരിത്രത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു മലയാള സിനിമ. അതേസമയം ഒടിടി റിലീസുകളിലൂടെ ഭാഷയുടെ അതിര്‍വരമ്പുകള്‍ക്ക് അപ്പുറമുള്ള സ്വീകാര്യത മലയാള സിനിമ ഉണ്ടാക്കിയിട്ടുമുണ്ട്. ഡയറക്റ്റ് ഒടിടി റിലീസ് ആയെത്തിയ മിന്നല്‍ മുരളി അടക്കമുള്ള ചിത്രങ്ങള്‍ വലിയ കൈയടിയാണ് അത്തരത്തില്‍ നേടിയത്. ഇപ്പോഴിതാ കേരളത്തില്‍ മികച്ച വിജയം നേടുന്ന ഒരു ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് ഉത്തരേന്ത്യന്‍ റിലീസിന് ഒരുങ്ങുകയാണ്. കേരളം നേരിട്ട പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ 2018 എന്ന ചിത്രത്തിന്‍റെ ഹിന്ദി പതിപ്പാണ് അണിയറയില്‍ തിയറ്റര്‍ റിലീസിന് തയ്യാറെടുക്കുന്നത്.
ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്, താരങ്ങളായ ടൊവിനോ തോമസ്, ആസിഫ് അലി, തന്‍വി റാം, നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി എന്നിവര്‍ ഇന്നലെ മുംബൈയില്‍ എത്തിയിരുന്നു. ഫിലിം കമ്പാനിയന്‍ സംഘടിപ്പിച്ച പ്രത്യേക സ്ക്രീനിംഗിനു ശേഷം നടന്ന സംവാദത്തിലാണ് ഹിന്ദി റിലീസിന്‍റെ കാര്യം അണിയറക്കാര്‍ അറിയിച്ചത്. മെയ് 12 ന് ആയിരിക്കും ഹിന്ദി റിലീസ്. മികച്ച ചിത്രങ്ങള്‍ ശ്രമപ്പെട്ട് ഒരുക്കിയിട്ടും പാന്‍ ഇന്ത്യന്‍ റിലീസിന് സാധിക്കാത്ത തങ്ങളുടെ സാഹചര്യത്തെക്കുറിച്ച് ടൊവിനോ തോമസ് വൈകാരികമായാണ് പരിപാടിയില്‍ സംസാരിച്ചത്.
"ദേശീയ ശ്രദ്ധയിലേക്ക് ഒരു ചിത്രം എത്തിക്കാന്‍ ഞങ്ങള്‍ എത്രത്തോളം ബുദ്ധിമുട്ടാണ് നേരിടുന്നതെന്ന് നിങ്ങള്‍ക്ക് അറിയുമോ? ചുരുങ്ങിയ ബജറ്റുകളിലാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു സിനിമ ചെയ്യുമ്പോള്‍ അതിന്‍റെ ആകെ ബജറ്റിന്‍റെ ഒരു ചെറിയ ശതമാനം മാത്രമായിരിക്കും ഞങ്ങളുടെ പ്രതിഫലം. പൈസയ്ക്ക് വേണ്ടിയല്ല ഞങ്ങള്‍ പണിയെടുക്കുന്നത്, മറിച്ച് പാഷനോടെയാണ്. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള ഒരു ചെറിയ സംസ്ഥാനമാണ് ഞങ്ങളുടേത്. ഞങ്ങളുടെ മുന്‍ഗാമികള്‍ വളരെ നല്ല ചിത്രങ്ങളാണ് ഉണ്ടാക്കിയിരുന്നത്. എന്നാല്‍ ഞങ്ങളുടെ ചിത്രങ്ങള്‍ വളരെ കുറച്ച് തിയറ്ററുകളില്‍ മാത്രമാണ് റിലീസ് ചെയ്യപ്പെടുന്നത്. മലയാള ചിത്രങ്ങള്‍ വിതരണം ചെയ്യാന്‍ കൂടുതല്‍ ഡിസ്ട്രിബ്യൂട്ടര്‍മാര്‍ എത്തട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ അത് സൗജന്യമായി ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ ആദ്യം സിനിമ കാണട്ടെ. അത് അവര്‍ക്ക് ഇഷ്ടപ്പെടുന്നപക്ഷം കൃത്യമായ രീതിയിലുള്ള ഒരു റിലീസ് നല്‍കിയാല്‍ സന്തോഷം. ഒടിടിയിലോ പിന്നീട് ടെലിഗ്രാമിലോ കൂടി കണ്ടവരില്‍ നിന്ന് ഞങ്ങള്‍ അഭിനന്ദനം ലഭിക്കാറുണ്ട്. പക്ഷേ അതുകൊണ്ട് ഞങ്ങള്‍ക്ക് ഗുണമൊന്നുമില്ല. ഞങ്ങള്‍ ഞങ്ങളുടെ പരമാവധിയാണ് ശ്രമം നടത്തുന്നത്. പക്ഷേ പ്രൊമോഷനുകള്‍ക്കായി അധികം നിര്‍മ്മാതാക്കളും പണം അധികം മുടക്കില്ല. ബോളിവുഡിലെ ഏറ്റവും വലിയ ചിത്രത്തിന്‍റെ പ്രൊമോഷണല്‍ ബജറ്റ് ആണ് ഞങ്ങളുടെ ചിത്രത്തിന്‍റെ ബജറ്റ്. ഇത്തരം പരിമിതികളാണ് കൂടുതല്‍ കഠിനമായും സ്മാര്‍ട്ട് ആയും അധ്വാനിക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നത്", ടൊവിനോ പറഞ്ഞു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ