
ഫിലിം കോണ്‍ക്ലേവ് സമാപന ചടങ്ങില്‍ മുതിര്‍ന്ന സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ അഭിപ്രായപ്രകടനങ്ങളില്‍ അദ്ദേഹത്തിന് പിന്തുണയുമായി സാംസ്കാരിക, ചലച്ചിത്ര പ്രവർത്തകർ. സര്‍ക്കാര്‍ പദ്ധതി പ്രകാരം പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നും സ്ത്രീകള്‍ ആയതുകൊണ്ട് മാത്രം അവസരം കൊടുക്കരുതെന്നും വേദിയില്‍ അടൂര്‍ പ്രസംഗിച്ചത് വിവാദമായിരുന്നു. എന്നാല്‍ അടൂര്‍ ഉന്നയിച്ച വിമര്‍ശനങ്ങളെ വർഗീയ- ജാതി വഴിയിലൂടെ തിരിച്ചു വിട്ടെന്ന് ചലച്ചിത്ര- സാംസ്കാരിക പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് എഴുതിയ കത്തിൽ ചൂണ്ടിക്കാട്ടുന്നു. എഴുത്തുകാരായ പോള്‍ സക്കറിയ, പ്രൊഫ. എം എന്‍ കാരശ്ശേരി, സി വി ബാലകൃഷ്ണന്‍, കെ എന്‍ ഷാജി, സംവിധായകരായ ഡോണ്‍ പാലത്തറ, വേണു നായര്‍, മധു ഇറവങ്കര, ജോഷി ജോസഫ് തുടങ്ങി 30 പേരാണ് കത്തില്‍ ഒപ്പ് വച്ചിരിക്കുന്നത്.
സിനിമ സംവിധാനം ചെയ്യാനായി ഗ്രാന്‍റ് അനുവദിക്കുന്നതിന് മുമ്പ് സംവിധായകര്‍ക്ക് പരിശീലനം നൽകണം എന്ന അടൂർ ഗോപാലകൃഷ്ണന്‍റെ പരാമർശത്തെയാണ് സാംസ്കാരിക പ്രവര്‍ത്തകര്‍ പിന്തുണച്ചിരിക്കുന്നത്. അടൂർ ഉന്നയിച്ച നിർദ്ദേശങ്ങൾ പരിഗണിക്കണം എന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്കുള്ള കത്ത്. കമ്മിറ്റിയെ വച്ച് പഠിച്ച് നിർദ്ദേശങ്ങൾ നടപ്പാക്കണം എന്നാണ് കത്തില്‍. പദ്ധതികളുടെ ഗുണഭോക്താക്കളെ ആരോ ചൂഷണം ചെയ്യുന്നുവെന്നും ഗ്രാന്‍റ് തുകയിലും പുനഃപരിശോധന വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. “രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന പദ്ധതി ധൂര്‍ത്ത് ഒഴിവാക്കിയും കുറവുകള്‍ പരിഹരിച്ചും കൂടുതല്‍ പേര്‍ക്ക് പ്രയോജനം നല്‍കത്തക്കവണ്ണം നടപടികള്‍ കൈക്കൊള്ളുകയും വേണമെന്നാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞതെന്നാണ് ഞങ്ങള്‍ മനസിലാക്കുന്നത്”, കത്തില്‍ പറയുന്നു.
വിഷയത്തില്‍ യുവ സംവിധായകന്‍ ഡോണ്‍ പാലത്തറയും ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിട്ടുണ്ട്. “കൂടുതൽ ആളുകൾക്ക് സിനിമ ചെയ്യാൻ അവസരം കിട്ടണം. കെഎസ്എഫ്ഡിസി ഗ്രാന്റ് കിട്ടിയവർക്ക് തന്നെ ദുരനുഭവങ്ങൾ ഉണ്ട്. ഗ്രാന്റ് പദ്ധതിയിൽ പിടിപ്പുകേടുകൾ ഉണ്ട്. ഗ്രാന്റ് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മൂന്ന് വർഷം കഴിഞ്ഞിട്ടും സിനിമ തുടങ്ങാനായിട്ടില്ല. സിനിമാ പരിശീലനം നൽകുന്നത് ഗുണം ചെയ്യും. പരിശീലനം വേണമോ വേണ്ടയോ എന്ന് തെരഞ്ഞെടുക്കാനും അവസരം നൽകണം. പ്രശ്നങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കണം. അടൂർ ഗോപാലകൃഷ്ണന്റെ പരാമർശങ്ങങ്ങളിൽ പ്രശ്നം കാണുന്നില്ല”, ഡോണ്‍ പാലത്തറ പറഞ്ഞു.