
മലയാളത്തില്‍ നിന്ന് മറ്റൊരു ഒറിജിനല്‍ സിരീസ് കൂടി. ജഗദീഷ്, ഇന്ദ്രൻസ്, വിജയരാഘവൻ, ഹക്കിം ഷാ, ദർശന രാജേന്ദ്രൻ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത സംവിധായകന്‍ കൃഷാന്ദ് ഒരുക്കുന്ന സിരീസിന് സംഭവ വിവരണം നാലര സംഘം (ദി ക്രോണിക്കിള്‍സ് ഓഫ് ദി 4.5 ഗ്യാങ്) എന്നാണ് പേരിട്ടിരിക്കുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ സോണി ലിവിലൂടെ ഈ മാസം 29 ന് സിരീസ് സ്ട്രീമിംഗ് ആരംഭിക്കും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും സിരീസ് കാണാനാവും.
കടുപ്പമുള്ള യാഥാർത്ഥ്യങ്ങളും ഡാർക്ക് കോമഡിയും സമന്വയിപ്പിച്ച് കൃഷാന്ദ് ഒരുക്കിയിരിക്കുന്ന സിരീസ് ആണ് ഇത്. തിരുവനന്തപുരമാണ് കഥയുടെ പശ്ചാത്തലം. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ ഡാർക്ക് ആക്ഷൻ കോമഡി ഒരുക്കിയിരിക്കുന്നത്. ഒരു ചേരിയിൽ ജീവിക്കുന്ന നാല് യുവാക്കളും പൊക്കം കുറഞ്ഞ ഒരാളും. ജീവിതത്തിൽ ഒന്നുമല്ലാത്തവർ എന്ന തിരിച്ചറിയലിൽ മാത്രം ഒതുങ്ങി കൂടി ജീവിച്ച് മടുത്തവർ. അവർക്ക് വേണ്ടത് ഒന്ന് മാത്രം- മറ്റുള്ളവരിൽ നിന്നുള്ള ബഹുമാനം.
അതിനായി അവർ ഒരുക്കിയ പദ്ധതിയോ? നാട്ടിലെ ക്ഷേത്രത്തിലെ ഉത്സവം നടത്തുക. അതിന് തടസ്സം നിൽക്കുന്നതോ? നഗരത്തിലെ പാലിന്റെയും പുഷ്പ വ്യാപാരത്തിന്റെയും വിചിത്രവും കടുത്ത മത്സരബുദ്ധിയും നിറഞ്ഞതുമായ അധോലോകം നിയന്ത്രിക്കുന്ന ഒരു ക്രൂരനായ ഗ്യാങ്സ്റ്റർ. മാൻകൈൻഡ് സിനിമാസ് നിർമ്മിച്ചിരിക്കുന്ന ഈ സിരീസില്‍ സഞ്ജു ശിവരാം, വിഷ്ണു അഗസ്ത്യ, സച്ചിൻ, ശാന്തി ബാലചന്ദ്രൻ, നിരഞ്ജ് മണിയൻ പിള്ള, ശ്രീനാഥ് ബാബു, ശംഭു മേനോൻ, പ്രശാന്ത് അലക്സ്, രാഹുൽ രാജഗോപാൽ തുടങ്ങിയ യുവതാരങ്ങളും അഭിനയിക്കുന്നു. ഡാർക്ക് കോമഡി, യാഥാർഥ സംഭവങ്ങളിൽ നിന്നുള്ള പ്രചോദനം, വ്യത്യസ്തമായ കഥപറച്ചിൽ എന്നിവയുടെ ഒരു സവിശേഷമായ കൂട്ട് ആണ് 4.5 ഗ്യാങ് എന്ന് അണിയറക്കാര്‍ പറയുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ