
ലോകസിനിമയും കൊവിഡ് പ്രതിസന്ധിയിലായിപ്പോയ കഴിഞ്ഞ ഒരു വര്‍ഷത്തെ ചിത്രങ്ങളിലെ മികവിനുള്ള ഓസ്‍കര്‍ പുരസ്‍കാരങ്ങളുടെ പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 5.30ന് ആരംഭിക്കുന്ന, മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രത്യേക ഷോയില്‍ ആണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. പരമ്പരാഗത വേദിയായ ഡോള്‍ബി തിയറ്ററുകളിലും ചടങ്ങുകള്‍ ഉണ്ടെങ്കിലും ഇത്തവണത്തെ മുഖ്യവേദി ലോസ് ഏഞ്ചല്‍സിലെ പ്രധാന റെയില്‍വേ സ്റ്റേഷന്‍ ആയ യൂണിയന്‍ സ്റ്റേഷന്‍ ആണ്. സാമൂഹിക അകലം ഉറപ്പുവരുത്താനായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ മാറ്റത്തില്‍ വേദിയാവുന്ന യൂണിയന്‍ സ്റ്റേഷന്‍ ഡാര്‍ക് നൈറ്റ് റൈസസ്, പേള്‍ ഹാര്‍ബര്‍ ഉള്‍പ്പെടെ നിരവധി ഹോളിവുഡ് ചിത്രങ്ങള്‍ക്ക് ലൊക്കേഷന്‍ ആയിട്ടുമുണ്ട്.
സംവിധായകന്‍ സ്റ്റീവന്‍ സോഡര്‍ബെര്‍ഗിന്‍റെ നേതൃത്വത്തിലാണ് ഷോയുടെ നിര്‍മ്മാണം. വേദികളില്‍ നേരിട്ടെത്തുന്നവര്‍ക്കു പുറമെ പല അതിഥികളും നോമിനേഷന്‍ ലഭിച്ചവരും പല സ്ഥലങ്ങളില്‍ നിന്നായി ഉപഗ്രഹസഹായത്തോടെ പങ്കെടുക്കും. സൂം മീറ്റിംഗ് ഒഴിവാക്കിയിട്ടുണ്ട്. പതിവുപോലെ ഇക്കുറിയും ഷോ അവതാരകന്‍ ഉണ്ടാവില്ല. കഴിഞ്ഞ തവണത്തെ പുരസ്‍കാര ജേതാക്കളില്‍ മിക്കവരും പുരസ്കാര ദാതാക്കളായി എത്തുകയും ചെയ്യും. പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജോനാസും ചേര്‍ന്ന് കഴിഞ്ഞ മാസം പ്രഖ്യാപിച്ച നോമിനേഷന്‍ ലിസ്റ്റില്‍ ഇന്ത്യന്‍ എന്‍ട്രികളൊന്നുമില്ല. എന്നാല്‍ അരവിന്ദ് അഡിഗയുടെ ബുക്കര്‍ പുരസ്‍കാരം ലഭിച്ച 'ദി വൈറ്റ് ടൈഗറി'ന്‍റെ അതേപേരിലുള്ള ചലച്ചിത്രാവിഷ്‍കാരം അവലംബിത തിരക്കഥാ വിഭാഗത്തില്‍ മത്സരിക്കാനുണ്ട്.
"
ദി ഫാദര്‍, ജൂദാസ് ആന്‍ഡ് ദി ബ്ലാക്ക് മെസ്സിയ, മാങ്ക്, മിനാരി, നൊമാഡ്‍ലാന്‍ഡ്, പ്രൊമിസിംഗ് യംഗ് വുമണ്‍, സൗണ്ട് ഓഫ് മെറ്റല്‍, ദി ട്രയല്‍ ഓഫ് ചിക്കാഗോ 7 എന്നിവയാണ് മികച്ച ചിത്രത്തിനുള്ള പുരസ്‍കാരത്തിനായി മത്സരിക്കുന്നത്. മികച്ച സംവിധായകനുള്ള പുരസ്‍കാരത്തിന് തോമസ് വിന്‍റര്‍ബെര്‍ഗും ഡേവിഡ് ഫിഞ്ചറുമുള്‍പ്പെടെ അഞ്ചു പേര്‍. മികച്ച നടനുള്ള പുരസ്‍കാരത്തിന് 83കാരനായ ആന്‍റണി ഹോപ്‍കിന്‍സ് ഉണ്ട് എന്നതും പ്രത്യേകതയാണ്. കരിയറിലെ ആറാമത്തെ നോമിനേഷനാണ് ഇത്തവണ അദ്ദേഹത്തിന്. 'സൈലന്‍സ് ഓഫ് ദി ലാമ്പ്‍സി'ലെ അഭിനയത്തിന് 1992ല്‍ ഇതേ പുരസ്‍കാരം ലഭിച്ചിട്ടുണ്ട്.
മുന്‍നിര ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സിന്‍റെ ചിത്രങ്ങള്‍ക്ക് 36 നോമിനേഷനുകളാണ് ഇത്തവണ ലഭിച്ചിരിക്കുന്നത് എന്നതും കൗതുകമാണ്. നെറ്റ്ഫ്ളിക്സ് നിര്‍മ്മിച്ച ഡേവിഡ് ഫിഞ്ചര്‍ ചിത്രം 'മാങ്കി'ന് 10 നോമിനേഷനുകളാണ് ലഭിച്ചത്. ഏറ്റവുമധികം നോമിനേഷനുകള്‍ ലഭിച്ച ചിത്രവും അതു തന്നെ.