
മോഹന്‍ലാലിന്‍റെ സ്ലീപ്പര്‍സെല്‍ ആരാധകര്‍ അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. ഒരു മോഹന്‍ലാല്‍ സിനിമ കൊള്ളാം എന്ന് അഭിപ്രായംവന്നാല്‍ തിയറ്റര്‍ നിറച്ചുകൊണ്ട് എത്തുന്ന വലിയ ജനാവലി അടുത്തിടെ പലകുറി ദൃശ്യമായിരുന്നു. വന്‍ വിജയം നേടിയ തുടരും എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയാണ് ലാല്‍ ആരാധകരുടെ ഈ സ്ലീപ്പര്‍സെല്ലിനെക്കുറിച്ച് കൗതുകത്തോടെ പറഞ്ഞത്. ഇപ്പോഴിതാ തങ്ങളുടെ പ്രിയതാരം ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരത്തിന്‍റെ നിറവില്‍ നില്‍ക്കുമ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ആരാധകര്‍ എഴുതുകയാണ്, തങ്ങളുടെ മോഹന്‍ലാല്‍ പ്രിയത്തെക്കുറിച്ച്. കുട്ടിക്കാലം മുതല്‍ തന്നില്‍ കയറിക്കൂടിയ ആ ലാല്‍ ആരാധികയെക്കുറിച്ച് എഴുതുന്നു അഞ്ജിത തോമസ്
അഞ്ജിത തോമസ് എഴുതുന്നു
പ്രിയപ്പെട്ട എന്റെ ലാലേട്ടന്, ഒരുപാട് കൗതുകത്തോടു കൂടിയാണ് ഞാൻ ഈ എഴുത്തെഴുതുന്നത്. എന്റെ വീട്ടിൽ ടിവി വാങ്ങിക്കുന്നത് എനിക്ക് 12 വയസ് ഉള്ളപ്പോഴാണ് (ഇപ്പോൾ എനിക്ക് 26 വയസാണ്). അതിനുമുമ്പ് ഞാൻ സിനിമകൾ കണ്ടിരുന്നത് എന്റെ അമ്മവീട്ടിൽ പോകുമ്പോഴാണ്. ഞാൻ ഓർക്കുന്നുണ്ട്, ഞാൻ ആദ്യമായി കാണുന്ന സിനിമ നാടോടിക്കാറ്റ് ആണ്. അതിലെ നായകന്റെ ചിരി എനിക്ക് വല്ലാതെ ഇഷ്ട്ടമായി. അത് ലാലേട്ടൻ ആണെന്ന് എനിക്ക് പറഞ്ഞുതന്നത് എന്റെ അപ്പയാണ്. അന്നൊന്നും മോഹൻലാൽ എന്നാണ് യഥാർത്ഥ പേരെന്ന് എനിക്ക് അറിയില്ലായിരുന്നു. അന്ന് മുതൽ ഇന്നുവരെ എന്റെ ലാലേട്ടൻ ആണ്. പിന്നീട് പലോപ്പോഴും ഞാൻ അവിടെ പോകുമ്പോൾ ലാലേട്ടനെ തിരഞ്ഞിരുന്നു. ഇടയ്ക്കൊക്കെ കാണും. ഇടയ്ക്ക് കാണാത്തതിന്റെ നിരാശയിൽ വീട്ടിലേക്ക് മടങ്ങും. എപ്പോഴും അവിടെ പോകാറില്ലായിരുന്നു കേട്ടോ. ഓണത്തിനും ക്രിസ്തുമസിനും അങ്ങനെ വിശേഷപ്പെട്ട ദിവസങ്ങളിലും ഒക്കെ മാത്രം. വീട്ടിൽ ടീവി വാങ്ങിയതിന് ശേഷമാണ് എനിക്ക് സിനിമകൾ കൂടുതൽ ഇഷ്ട്ടമായി തുടങ്ങിയത്. പിന്നീട് ഓരോ സിനിമകളിൽ ലാലേട്ടനെ കാണുമ്പോൾ എന്റെ മനസ്സിൽ പ്രത്യേക ആരാധനയായിരുന്നു. ഇടയ്ക്കൊക്കെ ഒരുപാട് സന്തോഷവും കരുത്തും നൽകുന്നുമുണ്ട്.
ഞാൻ വളരുന്നതിനനുസരിച്ച് ആ ഒരു ഇഷ്ടവും വളർന്നു വന്നു. ഇപ്പോൾ എനിക്ക് ലാലേട്ടനിൽ കൂടുതൽ ഇഷ്ടം മനുഷ്യനെന്ന നിലയിൽ അങ്ങ് കാണിക്കുന്ന ലാളിത്യവും വിനയവും ചെറിയ കാര്യങ്ങളിൽ വരെ സന്തോഷം കണ്ടെത്തുന്ന ആ ഒരു മനോഭാവവുംമാണ്. എനിക്ക് വലിയ പ്രചോദനവുമാണ് അതൊക്കെ. എനിക്ക് ലാലേട്ടന്റെ ഏറ്റവും ഇഷ്ടമുള്ള സിനിമ 1986-ൽ ഇറങ്ങിയ 'നിന്നിഷ്ടം എന്നിഷ്ടം' ആണ്. ആ സിനിമ കാണുമ്പോൾ എത്ര പ്രാവശ്യം കരഞ്ഞുവെന്നുതന്നെ പറയാനാകില്ല. അതിലെ ശ്രീക്കുട്ടനും ചിക്കുവും, അവരുടെ കഥയും, ശ്രീക്കുട്ടനെ ജീവിപ്പിച്ച ലാലേട്ടന്റെ പ്രകടനവും എല്ലാം ചേർന്ന് എന്റെ മനസ്സിൽ ഒരിക്കലും മായാത്ത ഒരു ഓർമയായി നില്‍ക്കുന്നുണ്ട്. ഇന്നും ആ സിനിമയുടെ ചില രംഗങ്ങൾ ഓർത്തെടുക്കുമ്പോൾ ഹൃദയഭാരം തോന്നുന്നു. ലാലേട്ടാ, നിങ്ങൾ അവതരിപ്പിച്ച ഓരോ വേഷവും എന്റെ ജീവിതത്തിൽ ഒരുപാട് വികാരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ദാസൻ, കിരീടത്തിലെ സേതുമാധവൻ, ഭരതത്തിലെ ഗോപി, ദശരഥത്തിലെ രാജീവ് മേനോൻ, മിന്നാരത്തിലെ ബോബി, വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടന്‍, പിന്നെ സാഗർ കോട്ടപ്പുറം, സണ്ണി… അങ്ങനെ അങ്ങനെ എല്ലാം തന്നെ ഒരുപോലെ എന്റെ ഹൃദയം സ്പർശിച്ചവയാണ്.
ഓരോ കഥാപാത്രവും ഞാൻ കാണുമ്പോൾ, അത് വെറും സിനിമ മാത്രമല്ല, ജീവിതത്തിന്റെ യാഥാർത്ഥ്യമാണെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്. ലോകം മുഴുവൻ പ്രശസ്തനായിട്ടും, ഒരുപാട് ബഹുമതി നേടിയിട്ടും, ലാലേട്ടൻ ഇന്നും സാദാരണക്കാരനായൊരു മനുഷ്യനായി ജീവിക്കുന്നതാണെനിക്ക് ഏറ്റവും ഇഷ്ടമായത്. ലാലേട്ടാ, തരുൺ മൂർത്തി സർ പറഞ്ഞപോലെ അങ്ങയുടെ ലക്ഷക്കണക്കിന് വരുന്ന സ്ലീപ്പർസെൽസിൽ ഉൾപ്പെടുന്ന ഒരു സ്ലീപ്പർസെൽ ആണ് ഞാനും. ഒരുപാട് കൊട്ടിഘോഷിക്കാത്ത, അങ്ങയെപ്പറ്റി ഒത്തിരി പൊടിപ്പും തൊങ്ങലും വെച്ചു സംസാരിക്കാത്ത, ഒരുപാട് സ്നേഹം മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ഒരു ചെറിയ സ്ലീപ്പർസെൽ. ഇങ്ങനെ തന്നെ സന്തോഷത്തോടെ സമാധാനമായിട്ട് ഇനീയും ഒരുപാടുകാലം എനിക്ക് കാണാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. എന്നെങ്കിലും നേരിൽ കാണാൻ കഴിയുമെന്ന പ്രതീക്ഷയോടെ, അങ്ങയുടെ ആത്മാവിന്റെ സ്പന്ദനമായ സിനിമയിൽ ഇനിയും വ്യത്യസ്ത വേഷങ്ങളിൽ കാണാനുള്ള ഭാഗ്യം എനിക്ക് നൽകണമേ എന്ന പ്രാർഥനയോടെ ഞാൻ ഈ എഴുത്ത് ഇവിടെ ചുരുക്കുന്നു .
അതിരുകളില്ലാത്ത സ്നേഹത്തോടെ,
അഞ്ജിത തോമസ്