
മലയാളികളുടെ പാട്ടുമൂളലുകളില്‍ ഓടിയെത്തുന്ന ഗാനങ്ങളില്‍ അധികവും ആരുടേതാകും. എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളിലും സിനിമാ ഗാനങ്ങള്‍ ആസ്വദിച്ച മലയാളിയോടാണെങ്കില്‍ ഉത്തരം ജോണ്‍സണ്‍ മാഷുടേത് എന്നായിരിക്കും. അത്രയധികം ഹിറ്റ് ഗാനങ്ങളാണ് ജോണ്‍സണ്‍ മാഷിന്റെ സംഗീതത്തില്‍ അക്കാലത്ത് മലയാളികളുടെ കേള്‍വിയിലേക്ക് എത്തിയത്. 'കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി', 'അനുരാഗിണി' , 'മന്ദാരച്ചെപ്പുണ്ടോ' തുടങ്ങി ഒട്ടേറെ എണ്ണംപറഞ്ഞ ഹിറ്റുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ജോണ്‍സണ്‍ മാഷിന്റ ഓര്‍മകള്‍ക്ക് പതിനൊന്നാണ്ട് തികയുന്നു.
തൃശൂരിലെ നെല്ലിക്കുന്നിൽ 1953 മാർച്ച് 26ന് ആണ് ജോണ്‍സണ്‍ മാഷിന്റെ ജനനം. സംഗീതത്തില്‍ വാസനയുണ്ടായ പതിന്നൊന്നുകാരനായ ജോണ്‍സണെ വി സി ജോര്‍ജ് എന്ന അധ്യാപകൻ ഹാര്‍മോണിയവും ഓടക്കുഴലും പഠിപ്പിക്കാൻ കൊണ്ടുപോയി. സെന്റ് സെബാസ്റ്റ്യൻസ് ചർച്ചായിരുന്നു ജോണ്‍സണിന്റെ ആദ്യ ഗുരുകുലം. അവിടെ നിന്ന് ലളിതഗാനങ്ങള്‍ പാടിപ്പഠിച്ചും ഹാര്‍മോണിയും വായിച്ചുപഠിച്ചും സംഗീതത്തെ ഒപ്പം ചേര്‍ത്തു ജോണ്‍സണ്‍.
ഭരതന്റെ 'ആരവം' എന്ന ചിത്രത്തിനുവേണ്ടി പശ്ചാത്തല സംഗീതമൊരുക്കിയാണ് ആദ്യം സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നത്. 1981ല്‍ 'ഇണയെ തേടി' എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി. പദ്‌മരാജന്റെ കൂടെവിടെയിലെ "ആടിവാകാറ്റേ" എന്ന ഗാനത്തോടെ ഒഎന്‍വി ജോണ്‍സണ്‍ കൂട്ടുകെട്ട് മലയാളക്കരയെ സംഗീതാര്‍ദ്രമാക്കി. 1989ല്‍ സത്യന്‍ അന്തിക്കാടിന്റെ വരവേല്‍പ്പിലൂടെയാണ് പ്രസിദ്ധമായ ജോണ്‍സണ്‍-കൈതപ്രം കൂട്ടുകെട്ടിന്റെ പിറവി. തുടര്‍ന്നങ്ങോട്ട് ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ ഇവരില്‍ നിന്ന് മലയാള സിനിമയിലേക്ക് എത്തി. 'കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി'യും 'മധുരം ജീവാമൃതബിന്ദു'വും, 'തങ്കത്തോണി' ഉള്‍പ്പടെ 214 ഗാനങ്ങള്‍ ഈ കൂട്ടുകെട്ടില്‍ പിറന്നു.
പത്മരാജന്‍റെ പതിനേഴോളം ചിത്രങ്ങൾക്കാണ് ജോണ്‍സണ്‍ സംഗീതം പകർന്നത്. ഒപ്പം ഭരതൻ, സത്യൻ അന്തിക്കാട്, കമൽ, സിബി മലയില്‍ തുടങ്ങിയ അക്കാലത്തെ മുൻനിര സംവിധായകര്‍ക്കൊപ്പം മുന്നൂറിലധികം ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്നു. കൈതപ്രത്തിനു പുറമേ ബിച്ചു തിരുമലയ്‌ക്കും ഗിരീഷ് പൂത്തഞ്ചേരിക്കും ഷിബുചക്രവര്‍ത്തിക്കുമൊപ്പം പൂവച്ചല്‍ ഖാദറിനുമൊക്കെ ഒപ്പം ചേര്‍ന്ന അതിസുന്ദരമായ ഗാനങ്ങള്‍ മലയാളിക്ക് സമ്മാനിച്ചിരുന്നു ജോണ്‍സണ്‍ മാഷ്. രണ്ട് ദേശീയ പുരസ്ക്കാരമടക്കം നിരവധി അവാർഡുകൾ ജോൺസനെ തേടിയെത്തി.
ഇതാ മലയാളം എന്നും കേള്‍ക്കാൻ ആഗ്രഹിക്കുന്ന ജോണ്‍സണ്‍ മാഷിന്റെ 10 ഹിറ്റ് ഗാനങ്ങള്‍
രാജഹംസമേ- (ചമയം)
കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി( കിരീടം)
മന്ദാരച്ചെപ്പുണ്ടോ ( ദശരഥം)
കുന്നിമണി ചെപ്പുതുറന്ന് (പൊൻമുട്ടയിടുന്ന താറാവ്)
അനുരാഗിണി (ഒരു കുടക്കീഴില്‍)
സൂര്യാംശു ഓരോ വയല്‍പ്പൂവിലും (പക്ഷേ)
ശ്യാമാംബരം (അര്‍ഥം)
തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി (സമൂഹം)
ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം (ഞാൻ ഗന്ധര്‍വ്വൻ)
തങ്കത്തോണി (മഴവില്‍ക്കാവടി)
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ